ദോഹ: ഫലസ്തീനിലെ ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾ തുറന്നുകാട്ടി വിദേശകാര്യ മന്ത്രാലയവും ഖത്തർ മ്യൂസിയവും സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനം. ‘ദ എവിഡൻസ്’ (തെളിവ്) എന്ന തലക്കെട്ടിൽ ഖത്തർ മ്യൂസിയത്തിൽ നടന്ന ഡോക്യുമെന്ററി പ്രദർശന പരിപാടിയിൽ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പങ്കെടുത്തു.
തുർക്കിയ വാർത്ത ഏജൻസിയായ അനദോലുവാണ് ഗസ്സയിലെ ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾ വെളിപ്പെടുത്തുന്ന ഡോക്യുമെന്ററിയുടെ നിർമാതാക്കൾ. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ ഗസ്സയിൽ നടന്ന നരനായാട്ടിന്റെ രൂക്ഷമായ ചിത്രങ്ങളിലൂടെയാണ് ‘ദി എവിഡൻസ്’ കാമറ സഞ്ചരിക്കുന്നത്. അനദോലു വാർത്തസംഘം രണ്ടര മാസത്തിലേറെ നീണ്ട ദൗത്യത്തിലൂടെ ഗസ്സയിൽനിന്നും പകർത്തിയ ദൃശ്യങ്ങളും ഫലസ്തീനികളുടെയും മാധ്യമ പ്രവർത്തകരുടെയും അനുഭവങ്ങളുമെല്ലാമാണ് ഡോക്യുമെന്ററി പങ്കുവെക്കുന്നത്. ഹ്യൂമൻ റൈറ്റ്സ് വാച്, ആംനസ്റ്റി, യു.എൻ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും ഭാഗമായിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 26ന് ബ്രിട്ടീഷ് പാർലമെന്റിലായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം. ഇതേ പേരിൽ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗസ്സയിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ലോകത്തിന് മുന്നിൽ തെളിവു സഹിതം സാക്ഷ്യപ്പെടുത്തുന്നതാണ് ‘എവിഡൻസ്’ എന്ന് മന്ത്രി ലുൽവ അൽ ഖാതിർ പറഞ്ഞു.
കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുമൊപ്പമാണ് ഖത്തറിന്റെ നിലപാടെന്നും പ്രദർശനോദ്ഘാടന ചടങ്ങിൽ വിദേശകാര്യമന്ത്രാലയം മാധ്യമ, വാർത്തവിനിമയ മേധാവി ഇബ്റാഹിം ബിൻ സുൽത്താൻ അൽ ഹാഷ്മി പറഞ്ഞു. ഹ്യൂമൻ അസിസ്റ്റൻസ് ആൻഡ് ഡെവലപ്മെന്റ് ഇന്റർനാഷനൽ സി.ഇ.ഒ മുഹമ്മദ് അബ്ദുൽ അലീം, ചലച്ചിത്ര സംവിധായകൻ അബ്ദുൽ ഖാദർ കാരെകൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.