ദോഹ: അലകടലായി തെരുവുകൾ നിറയേണ്ട ആഘോഷങ്ങളെ തടയണകെട്ടി പിടിച്ചുനിർത്തിയാണ് ഞായറാഴ്ച പകൽ ഖത്തറിലെ ഫുട്ബാൾ ആരാധകർ കൊണ്ടാടിയത്. റിയോഡെ ജനീറോയിലെ മാറക്കാനയുടെ കളിമുറ്റത്ത് ലയണൽ മെസ്സിയും കൂട്ടുകാരും കോപ അമേരിക്കയിൽ മുത്തമിട്ടപ്പോൾ, അർജൻറീനക്ക് ഏറെ ആരാധകരുള്ള ഖത്തറിൻെറ മണ്ണിൽ ആഘോഷനൃത്തങ്ങളൊന്നുമില്ല. എങ്കിലും, സമൂഹമാധ്യമങ്ങളെ അവർ തങ്ങളുടെ നൃത്തവേദിയാക്കി മാറ്റി. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും, പിന്നെ വാട്സ്ആപ് ഗ്രൂപ്പുകളിലും പോസ്റ്ററുകളും സന്ദേശങ്ങളുംകൊണ്ടു നിറഞ്ഞു.
കോവിഡ് സാഹചര്യത്തിൽ സംഘം ചേരുന്നതിനും മറ്റും കടുത്ത നിയന്ത്രണങ്ങളുള്ളതിനാൽ, സ്വന്തം മുറികളിൽ കൂട്ടുകാർക്കൊപ്പം അർജൻറീനയുടെ വെള്ളയും ആകാശ നീലയും കലർന്ന ജഴ്സിയും, ബ്രസീലിൻെറ മഞ്ഞക്കുപ്പായവും അണിഞ്ഞ് പന്തയം വെച്ചും, വീറും വാശിയുമായും കളികണ്ടു. കളിയുടെ 22ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയുടെ ഗോളിൽ അർജൻറീന മുന്നിലെത്തിയപ്പോൾതന്നെ ആഘോഷങ്ങൾക്ക് കിക്കോഫ് കുറിച്ചിരുന്നു. ഒടുവിൽ ഫുൾടൈമിൽ അർജൻറീനയുടെ കിരീടധാരണേത്താടെ കോപ അമേരിക്കക്ക് ലോങ് വിസിൽ മുഴങ്ങിയപ്പോൾ താമസസ്ഥലങ്ങളിൽതന്നെ ആഘോഷമായി.
കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും ആർപ്പുവിളിച്ചും ഞായറാഴ്ച പകലിനെ അവർ അവിസ്മരണീയമാക്കി. രാത്രിയിലെ യൂറോകപ്പ് ഇറ്റലി- ഇംഗ്ലണ്ട് യൂറോകപ്പ് ഫൈനൽ കൂടിയായതോടെ ഞായർ ശരിക്കുമൊരു സൂപ്പർ സൺഡേ ആയി മാറി. അർജൻറീനയും ബ്രസീലും ഉൾപ്പെടുന്ന ലാറ്റിനമേരിക്കൻ ഫുട്ബാളിന് ഏറെ പ്രിയമുള്ള മണ്ണാണ് മധ്യേഷ്യ. 2022 ലോകകപ്പിൻെറ വേദിെയന്ന നിലയിൽ ഖത്തർ ഏറെ ആവേശത്തോടെയാണ് വൻകരയുടെ മേളക്കായി കാത്തിരുന്നത്.
'ഫുട്ബാൾ കാണുന്ന കാലം മുതൽ കാത്തിരുന്നതായിരുന്നു ഈ നിമിഷം. പ്രിയപ്പെട്ട താരം ലയണൽ മെസ്സിയുടെ ഒരു രാജ്യാന്തര കിരീടം. നാട്ടിലായിരുന്നെങ്കിൽ ഈ ജയം റോഡ് നീളെ ആഘോഷമാക്കാമായിരുന്നു. കൂട്ടുകാരെല്ലാം നാട്ടിൽ ആഘോഷം പൊടിപൊടിക്കുകയാണ്. ഓരോ ലോകകപ്പും കോപ അമേരിക്കയും അവസാനിക്കുേമ്പാഴും നിരാശപ്പെടുന്ന അർജൻറീന ആരാധകൻ എന്ന നിലയിൽ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമാണ് ഈ കിരീട വിജയം ആഘോഷിക്കാൻ കഴിയാതെ പോയത്്. എങ്കിലും ദോഹയിലെ മുറിയിൽ ഞങ്ങൾ കേക്ക് മുറിച്ച് അതിൻെറ സങ്കടം തീർത്തും' -കടുത്ത അർജൻറീന ആരാധകനായ വടകര സ്വദേശി സമീറിൻെറ വാക്കുകൾ ഇങ്ങനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.