ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ മിന്നും പോരാട്ടങ്ങൾ പതിനായിരങ്ങൾ ആവേശത്തോടെ സാക്ഷ്യം വഹിച്ച അൽ ബിദ പാർക്കിൽ തന്നെ ഏഷ്യൻ കപ്പിലെയും അങ്കങ്ങൾ കൺനിറയെ കാണാം. പന്തുരുളാൻ ഒരാഴ്ച ബാക്കിനിൽക്കെ ദോഹ എക്സ്പോ വേദിയിൽ ഏഷ്യൻ കപ്പിന്റെ ഫാൻ സോൺ സജ്ജമായി. കൾചറൽ സോൺ മേഖലയിൽ കൂറ്റൻ സ്ക്രീനും ഇരിപ്പിട സൗകര്യങ്ങളുമായി ആയിരക്കണക്കിന് കാണികൾക്ക് ഒരേ സമയം മത്സരങ്ങൾ വീക്ഷിക്കാനുള്ള സൗകര്യത്തോടെ ഫാൻ സോൺ ഒരുക്കിയത്.
കളിക്കു പുറമെ വിവിധ വിനോദ-കായിക, സാംസ്കാരിക പരിപാടികളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഫാൻ സോൺ ഉദ്ഘാടനം കഴിഞ്ഞ ദിവസം നിർവഹിച്ചു. ജനുവരി 12ന് പന്തുരുളുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ 24 ടീമുകളുടെ മത്സരങ്ങൾ വിവിധ ഫാൻ ആക്ടിവേഷൻ പരിപാടികളോടെ ഇവിടെ വീക്ഷിക്കാൻ കഴിയും.
പെയിന്റ് ബാൾ ബാറ്റിൽ സോൺ, ഷൂട്ടിങ് റേഞ്ച്, ഫുട്ബാൾ മത്സരങ്ങൾ, മിനി ഗോൾഫ് കോഴ്സ്, ലേസർ ഷോ, കളർ ഫെസ്റ്റിവൽ എന്നിവ കൾചറൽ സോണിലെ ഫാൻ സോണിൽ സജീവമാകും. ഇതോടൊപ്പം ഫുട്ബാളിലെ ഫ്രീസ്റ്റൈൽ പ്രതിഭകളുടെ പ്രദർശനങ്ങൾക്കും സാക്ഷ്യം വഹിക്കാവുന്നതാണ്.
കളിക്കൊപ്പം ആരാധകർക്ക് വിവിധ പരിപാടികളിൽ പങ്കുചേർന്ന് സജീവമാകാനുള്ള ചേരുവകളെല്ലാമൊരുക്കിയാണ് സംഘാടകർ ഇത്തവണ ഫാൻ സോൺ സജ്ജമാക്കിയത്. ഇതോടൊപ്പം കുടുംബങ്ങൾക്കുള്ള വിവിധ പരിപാടികളും ഇവിടെയുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഒരിടത്ത് ഒരുമിച്ച് കൊണ്ടുവരാനുള്ള ഒരു പ്ലാറ്റ്ഫോമാണ് എക്സ്പോയെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഹൈഫ അൽ ഉതൈബി പറഞ്ഞു.
‘ഫാൻ സോണിന് കൂടി വേദിയൊരുക്കുന്നതോടെ ഏഷ്യാ കപ്പ് മത്സരങ്ങൾ കാണാനും വിവിധ കായിക വിനോദങ്ങൾ രാജ്യങ്ങളുടെ പവിലിയനുകൾ സന്ദർശിക്കാനും എല്ലാ പ്രായക്കാരായ ആരാധകർക്കും സൗകര്യമൊരുക്കുന്നതായും അവർ പറഞ്ഞു.
ഉച്ചക്ക് 2.30 മുതൽ രാത്രി 8.30 വരെയാണ് മത്സരങ്ങളുള്ളത്. 51 മത്സരങ്ങളുടെയും തത്സമയ സംപ്രേഷണവും ഇവിടെയുണ്ടാകും. ലോകകപ്പ് വേളയിൽ ഓരോ മത്സരങ്ങൾക്കും 40,000പേർക്ക് കളികാണാനുള്ള ശേഷിയോടെയാണ് അൽ ബിദ കാണികളെ സ്വാഗതംചെയ്തത്. അഞ്ച് ബിഗ് സ്ക്രീനുകളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.