ദോഹ: കേരളത്തിന്റെ ഉപതെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ പ്രവാസലോകവും. ആറു മാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർഥികളെ എത്തിച്ച് പ്രചാരണത്തിന് കൊഴുപ്പേകിയ യു.ഡി.എഫ് പ്രവർത്തകർ ഇത്തവണ പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും വയനാട് ലോക്സഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ആവേശത്തിലാണ്. നാട്ടിൽനിന്നും നേതാക്കളെ എത്തിച്ചും മണ്ഡലാടിസ്ഥാനത്തിൽ കൺവെൻഷൻ നടത്തിയും ആവേശത്തിന് മാറ്റ് കൂട്ടുകയാണിപ്പോൾ.
ഒ.ഐ.സി.സി ഇൻകാസ് പാലക്കാട് ജില്ല കമ്മിറ്റി ഓൾഡ് ഐഡിയൽ സ്കൂളിൽ സംഘടിപ്പിച്ച നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യാതിഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി പങ്കെടുത്തു. നൂറുകണക്കിന് പ്രവർത്തകരെത്തിയ കൺവെൻഷൻ സ്ഥാനാർഥികളുടെ ചിത്രങ്ങൾ പതിച്ചും മുദ്രാവാക്യം മുഴക്കിയും നാട്ടിലെ തെരഞ്ഞെടുപ്പ് ആരവം പോലെ സജീവമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നയിക്കുന്ന ജനാധിപത്യ മതേതര ചേരിയും ജനാധിപത്യ വിരുദ്ധ വർഗീയ ഫാഷിസ്റ്റ് ശക്തികളും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് അബിൻ വർക്കി പറഞ്ഞു. കേരളത്തിൽ നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളും രാജ്യം ഉറ്റുനോക്കുന്ന ഒരുപോലെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പുകളാണ്.
ദേശീയ പ്രാധാന്യമുള്ള വയനാട് ഉപ തെരെഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള മത്സരമാണെന്നും വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ജാധിപത്യത്തിന്റേയും സ്നേഹത്തിന്റേയും ഐക്യത്തിന്റേയും ശബ്ദം പ്രിയങ്ക ഗാന്ധിയിലൂടെ ഇന്ത്യൻ പാർലമെന്റിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് അബിൻ വർക്കി പറഞ്ഞു.
ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ല പ്രസിഡന്റ് അഷറഫ് പി.എ നാസർ മുഖ്യാതിഥിയെ ഷാളണിയിച്ച് സ്വീകരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ജില്ല സെക്രട്ടറി നസീ പുളിക്കൻ, യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷാഹിദ് വി.പി, പ്രോഗ്രാം കമ്മിറ്റി കോഓഡിനേറ്റർ മാഷിക് മുസ്തഫ എന്നിവർ ആശംസകളർപ്പിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ് ഖത്തർ കോഓഡിനേറ്ററായി നിയമിച്ച ജോൺഗിൽബർട്ടിനെ ചടങ്ങിൽ മെമന്റൊ നൽകി ആദരിച്ചു.
ഉപദേശക സമിതി അംഗങ്ങളായ എം.വി. മുസ്തഫ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംസുദ്ദീൻ ഇസ്മയിൽ, ബാവ, മാനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഭിലാഷ് ചളവറ സ്വാഗതവും മുജീബ് അത്താണിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.