ദോഹ: ലോക ഫാർമസിസ്റ്റ് ദിനാഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്കായി വിപുലമായ പരിശീലന പരിപാടിയുമായി ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐഫാഖ്). നവംബർ ഒന്നിന് ഷെറാട്ടൻ ഗ്രാൻഡ് ഹോട്ടലിൽ വൈകുന്നേരം 5.30 മുതൽ രാത്രി എട്ടു മണി വരെ നടക്കുന്ന പരിപാടിയിൽ ഫാർമസി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പരിശീലനവും ചർച്ചകളും സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷത്തെ ഫാർമസിസ്റ്റ് ദിന സന്ദേശമായ ‘ഫാർമസിസ്റ്റുകൾ: ആഗോള ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നു’ എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചാണ് പരിപാടികൾ. 150ഓളം ഫാർമസിസ്റ്റുകൾ പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ഫാർമസി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മോസ അൽ ഹൈൽ ഫാർമസിസ്റ്റ് ദിന സന്ദേശം കൈമാറും.
ആരോഗ്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ പ്രധാന പങ്കാളിത്തം, രോഗികളുടെ സുരക്ഷയിൽ ഫാർമസിസ്റ്റുകൾക്കുള്ള പ്രതിബദ്ധത, സുരക്ഷിതമായ മരുന്ന് ഉപയോഗത്തിലെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ വിഗഗ്ധർ ചർച്ചകൾക്ക് നേതൃത്വം നൽകും.
ഹമദ് മെഡിക്കൽ കോർപറേഷൻ, പൊതുജനാരോഗ്യ മന്ത്രാലയം, ദോഹ സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി, ഖത്തർ യൂനിവേഴ്സിറ്റി, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ വിശിഷ്ട വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും. വെൽകെയർ ഫാർമസി, സ്റ്റാഡ ഫാർമസ്യൂട്ടിക്കൽസ് എന്നിവരുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
2015-ൽ സ്ഥാപിതമായ ‘ഐഫാഖ്’ ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ ക്ഷേമ പ്രവർത്തനങ്ങളിലും തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും മാതൃകാപരമായ പങ്കു വഹിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
പ്രോഗ്രാം കൺവീനറും ഐഫാഖ് വൈസ് പ്രസിഡന്റുമായ ഡോ. ബിന്നി തോമസ്, ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട്, ട്രഷറർ സക്കീർ ഹുസൈൻ, പ്രോഗ്രാം കോഓഡിനേറ്റർമാരായ മുഹമ്മദ് ഫാറൂഖ്, സൂരജ് ശ്രീകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.