ദോഹ: ഏഷ്യയിലെ ഫുട്ബാൾ രാജാക്കന്മാരെ നിർണയിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ശ്രദ്ധേയമായ സംഘാടനത്തിന് ഇരട്ട പുരസ്കാരത്തിളക്കവുമായി സംഘാടക സമിതി. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന വൻകര മേളയുടെ സംഘാടക മികവിന് അടുത്തടുത്ത ദിവസങ്ങളിലായാണ് എ.എഫ്.സിയുടെയും ഖത്തർ ടൂറിസത്തിന്റെയും പുരസ്കാരങ്ങൾ തേടിയെത്തിയത്.
ചൊവ്വാഴ്ച ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന എ.എഫ്.സി വാർഷിക അവാർഡ് ദാന ചടങ്ങിൽ ഖത്തർ ഫുട്ബാൾ അസോസിയേഷനെ പ്രഥമ എ.എഫ്.സി ഏഷ്യൻ കപ്പ് ഹോസ്റ്റ് അപ്രിസിയേഷൻ അവാർഡ് നൽകി ആദരിച്ചു.
ഏഷ്യൻ കപ്പ് ടൂർണമെന്റിന്റെ വരാനിരിക്കുന്ന പതിപ്പുകൾക്ക് മികവിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നതിൽ ഖത്തർ ഫുട്ബാൾ അസോസിയേഷനും ഖത്തർ 2023 പ്രാദേശിക സംഘാടക സമിതിയും അഭിനന്ദനമർഹിക്കുന്നുവെന്നും, ഏഷ്യൻ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പിനാണ് ഖത്തർ ആതിഥേയത്വം വഹിച്ചതെന്നും അവാർഡ് ദാന ചടങ്ങിൽ എ.എഫ്.സി പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്റാഹിം അൽ ഖലീഫ പറഞ്ഞു.
ഖത്തർ ഫുട്ബാൾ അസോസിയേഷനും, ഖത്തർ അധികാരികൾക്കും എ.എഫ്.സി ഏഷ്യൻ കപ്പ് ആതിഥേയർക്ക് നൽകുന്ന അഭിനന്ദന പുരസ്കാരം സമ്മാനിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, ഖത്തർ 2023 ഏഷ്യൻ ഫുട്ബാൾ ചരിത്രത്തിൽ എക്കാലത്തും സ്മരിക്കപ്പെടുമെന്നും എ.എഫ്.സി പ്രസിഡന്റ് കൂട്ടിച്ചേർത്തു.
രണ്ടു ദിവസം മുമ്പാണ് ഖത്തർ ടൂറിസത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ മികവിനുള്ള അംഗീകാരമായി രണ്ട് പുരസ്കാരങ്ങൾ ഏഷ്യൻ കപ്പ് സംഘാടകരെ തേടിയെത്തിയത്. രാജ്യത്തെ ഏറ്റവും മികച്ച കായികമേള, അസസിബിലിറ്റി ഇനിഷ്യേറ്റിവ് ഓഫ് ദി ഇയർ പുരസ്കാരങ്ങളും ടൂർണമെന്റ് സംഘാടനത്തിന് ലഭിച്ചു. ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജിയാണ് പുരസ്കാരം സമ്മാനിച്ചത്.
ഈ വർഷാദ്യം ഏഷ്യൻ കപ്പിന്റെ 18ാം പതിപ്പിന് ഖത്തർ വേദിയാകുമ്പോൾ മറ്റൊരു സവിശേഷതയും ആ ടൂർണമെന്റിനുണ്ടായിരുന്നു. ലോകകപ്പ് മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയങ്ങളാണ് ഏഷ്യൻ കപ്പിനും വേദിയായത്. ഒന്നര ദശലക്ഷത്തിലധികം പേരാണ് ടൂർണമെന്റ് നേരിൽ കണ്ടത്.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത ടൂർണമെന്റായിരുന്നു ഖത്തറിൽ നടന്നത്.ഖത്തർ 2023നൊപ്പം പ്രഥമ എ.എഫ്.സി ഇ-ഏഷ്യൻ കപ്പിനും അരങ്ങേറ്റം കുറിച്ചു. കൂടാതെ, സെമി ഓട്ടോമാറ്റഡ് ഓഫ്സൈഡ് ടെക്നോളജി, വി.എ.ആർ (വഡിയോ അസി. റഫഫി) സംവിധാനങ്ങളും ആദ്യമായി നടപ്പാക്കിയ ചരിത്രവും ഖത്തർ 2023 ഏഷ്യൻ കപ്പിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.