ദോഹ: നാടോടിനൃത്തങ്ങളും പരമ്പരാഗത സംഗീതവും ഉൾപ്പെടെയുള്ള കലാപ്രകടനങ്ങളിലൂടെ സാംസ്കാരിക പൈതൃകത്തിലേക്ക് നേർക്കാഴ്ച നൽകുന്ന അംഗോള പവിലിയൻ ദോഹ എക്സ്പോ 2023 കമീഷണർ ജനറൽ ബദർ അൽ ദഫായുടെ സാന്നിധ്യത്തിൽ ഖത്തറിലെ അംഗോള എംബസി സ്ഥാനപതി അന്റോണിയോ കൊയ്ലോ റാമോസ് ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. ഒരു രാജ്യത്തിന്റെ സർഗാത്മകതയിലേക്ക് നേർക്കാഴ്ച നൽകിക്കൊണ്ട് അംഗോളയുടെ കരകൗശല വസ്തുക്കളുടെയും പുരാവസ്തുക്കളുടെയും പ്രദർശനങ്ങളിലൂടെ സന്ദർശകർക്ക് മികച്ച അനുഭവമാണ് പവിലിയൻ സമ്മാനിക്കുന്നത്.
സുവനീറുകളെയും രാജ്യത്തിന്റെ സംസ്കാരങ്ങളെക്കുറിച്ചും പ്രധാന വിളകളെക്കുറിച്ചും സന്ദർശകർക്ക് ആഴത്തിൽ അറിയാനുള്ള അവസരം പവിലിയൻ നൽകുന്നു. രാജ്യത്തിന്റെ പൈതൃകത്തെയും സംസ്കാരത്തെയും കാർഷിക മേഖലയെയുംകുറിച്ച് കൂടുതലറിയുന്നതിന് പവിലിയൻ സന്ദർശിക്കാൻ സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. ദോഹ എക്സ്പോയിൽ തങ്ങളുടെ പവിലിയൻ തുറന്നതിൽ ഏറെ സന്തോഷമുണ്ടെന്നും എക്സ്പോ സംഘാടകർ നൽകിയ തുറന്ന പിന്തുണക്ക് നന്ദി അറിയിക്കുന്നതായും ഉദ്ഘാടനശേഷം അംബാസഡർ അന്റോണിയോ കൊയ്ലോ ഡിക്രൂസ് പറഞ്ഞു.
രാജ്യത്തിന്റെ സംസ്കാരം, പരിസ്ഥിതി, സുസ്ഥിരത എന്നിവയെ പവിലിയൻ പ്രതിഫലിപ്പിക്കുന്നുവെന്നും ഖത്തറും അംഗോളയും തമ്മിലുള്ള ബന്ധത്തിന്റെയും സഹകരണത്തിന്റെയും വ്യാപ്തിയെയാണ് പവിലിയൻ എടുത്തുകാണിക്കുന്നതെന്നും സ്ഥാനപതി കൂട്ടിച്ചേർത്തു. സമ്പന്നമായ പ്രകൃതിവിഭവങ്ങളുള്ള അംഗോളയുടെ സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിന് പങ്കാളിത്തം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത്തരത്തിലുള്ള അന്താരാഷ്ട്ര ഇവന്റുകളിൽ പങ്കെടുക്കാൻ തന്റെ രാജ്യം എപ്പോഴും താൽപര്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പവിലിയൻ ഉദ്ഘാടന ചടങ്ങിൽ നിരവധി നയതന്ത്ര പ്രതിനിധികളും ഉന്നത വ്യക്തിത്വങ്ങളും വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും പരിസ്ഥിതി, കാർഷിക മേഖലയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. അംഗോളൻ സംസ്കാരത്തിന്റെ ഹൃദയത്തിലേക്കുള്ള അവിസ്മരണീയമായ യാത്രയാണ് അംഗോളൻ പവിലിയൻ വാഗ്ദാനംചെയ്യുന്നത്. ഉദ്ഘാടനശേഷം അംഗോള അംബാസഡറും എക്സ്പോ കമീഷണർ ജനറലുമുൾപ്പെടെയുള്ള അതിഥികൾ പവിലിയനിലൂടെ പര്യടനം നടത്തുകയും ചെയ്തു. അംഗോളയുടെ ദേശീയ ഭക്ഷണത്തിന്റെ പ്രദർശനവും പവിലിയനിലുണ്ടായിരുന്നു. രാഷ്ട്രങ്ങൾക്ക് അവരുടെ കഥകളും ചരിത്രങ്ങളും പൈതൃകങ്ങളും സംസ്കാരങ്ങളും പങ്കുവെക്കുന്നതിനും ബന്ധങ്ങൾ വളർത്തുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ആഗോള പ്ലാറ്റ്ഫോമായാണ് ദോഹ എക്സ്പോ 2023 പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.