ദോഹ: നാട്ടിൽ പെരുമഴപ്പെയ്ത്തിന്റെ ജൂൺ മാസമെങ്കിൽ, പ്രവാസമണ്ണിൽ ഇത് കൊടുംചൂടിന്റെ ജൂൺ കാലം. ഓരോ ദിനവും ചൂട് കൂടിവരുന്ന മണ്ണിൽ, വരും ദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരുമെന്ന മുന്നറിയിപ്പുമായി ഖത്തർ കലണ്ടർ ഹൗസ്. സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിലെത്തിയതോടെ രാജ്യം കൊടുംചൂടിലേക്ക് നീങ്ങുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
‘മിർബആനിയ’ എന്നറിയപ്പെടുന്ന കൊടും വേനൽ സീസൺ 2024 ജൂൺ ഏഴിന് ആരംഭിച്ച് 39 ദിവസം നീളുമെന്നാണ് ഗോളശാസ്ത്ര നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കലണ്ടർ ഹൗസ് വ്യക്തമാക്കുന്നത്. വേനലിന്റെ യഥാർഥ തുടക്കത്തെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും താപനിലയിലെ ഗണ്യമായ വർധനയാണ് ഇതിന്റെ സവിശേഷതയെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു. വർഷത്തിലെ ഏറ്റവും ഉയർന്ന ഉയരത്തിൽ സൂര്യൻ എത്തുന്നതിനാണ് ‘മിർബആനിയ’ എന്ന് പറയപ്പെടുന്നത്. വേനൽകാലത്തോടൊപ്പം വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസവും ഇക്കാലയളവിൽ ഉൾപ്പെടുന്നു.
അൽ ഥുറയ്യ, അൽ ദബറാൻ, അൽ ഹഖ തുടങ്ങിയ സീസണൽ നക്ഷത്രങ്ങളും ഇക്കാലയളവിൽ ആകാശത്ത് ദൃശ്യമാകും.അതേസമയം, ഖത്തർ കാലാവസ്ഥ വകുപ്പ് ഈ വാരാന്ത്യത്തിൽ അന്തരീക്ഷ താപനില ഉയരുമെന്ന് പ്രവചിച്ചു. ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 30 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും ശനിയാഴ്ച താപനില 43 ഡിഗ്രി വരെ എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച ദോഹയിൽ താപനില 43 ഡിഗ്രിവരെ ഉയർന്നു. വ്യാഴാഴ്ച അബു സംറയിൽ 45 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ദുഖാനിൽ 43ഉം, മിസൈദിലും അൽ ഖോറിലും 41 ഡിഗ്രിയും രേഖപ്പെടുത്തി.
ജനങ്ങൾ ചൂടേറിയ കാലാവസ്ഥയെ പ്രതിരോധിക്കാനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഉച്ച സമയങ്ങളിൽ തുറസ്സായ കേന്ദ്രങ്ങളിലെ തൊഴിൽ നിരോധനം ജൂൺ ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. രാവിലെ 10 മുതൽ വൈകുന്നേരം 3.30 വരെ തണലോ, മേൽക്കൂരയോ ഇല്ലാത്ത സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കുന്നതാണ് നിയമം. കടുത്ത ചൂടിന്റെ ആഘാതം കുറക്കുകയും, വിശ്രമത്തിന് സൗകര്യം നൽകുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.