ദോഹ: ചൈന- പാക് അതിർത്തിയിലെ കാരകോറം മലനിരകളിലെ ബ്രാഡ് പീക് കൊടുമുടി കീഴടക്കി ഖത്തറിൻെറ പർവതാരോഹകൻ ഫഹദ് അബ്ദുറഹ്മാൻ ബദർ. സമുദ്ര നിരപ്പിൽ നിന്നും 8047 മീറ്റർ ഉയരത്തിൽ മഞ്ഞുവിരിച്ച് നിൽക്കുന്ന ലോകത്തിലെ ഉയരമേറിയ കൊടുമുടികളിലൊന്നായ ബ്രോഡ് പീക്കിൽ മാസങ്ങൾ പിന്നിട്ട ദൗത്യത്തിനൊടുവിലാണ് ഫഹദ് അബ്ദുൽ റഹ്മാൻ ഖത്തറിൻെറ പതാക നാട്ടിയത്.
ലോകത്തിൽ ഉയരത്തിൽ 12ാം സ്ഥാനത്താണ് ഏറെ അപകടം പതിയിരിക്കുന്ന ബ്രോഡ് പീക് കൊടുമുടി. ഹിമാലൻ പർവത നിരയുടെ ഭാഗമായ നേപ്പാളിലെ 'അമ ദബ്ലം' കൊടുമുടി കീഴടക്കിക്കൊണ്ടായിരുന്നു ഈ വർഷം ജനുവരിയിൽ ഫഹദിൻെറ പർവതാരോഹണത്തിൻെറ തുടക്കം. 6812 മീറ്റർ ഉയരെയുള്ള കൊടുമുടിയാണ് അമ ദബ്ലം. വിജയകരമായി ഈ പർവതാരോഹണത്തിൻെറ ആത്മവിശ്വാസവുമായാണ് അദ്ദേഹം, പാക്-ചൈന അതിർത്തിയിലെ കാരകോറം മലകൾക്കു മുകളിലെത്തിയത്. ഇതോടെ, 8000 മീറ്ററിന് മുകളിലുള്ള മൂന്ന് കൊടുമുടികൾ ഫഹദ് കാൽകീഴിലാക്കിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും ഉയരം കൂടിയ മൗണ്ട് എവറസ്റ്റ്, ഉയരത്തിൽ നാലാമതുള്ള ലോത്സെ എന്നിവയാണ് ഇതിനകം കീഴടക്കിയത്.
അറബ് മണ്ണിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ പർവതാരോഹകർ വിരലിൽ എണ്ണാവുന്നവർ മാത്രമാണുള്ളത്.'ഏറ്റവും ദുർഘടവും, എന്നാൽ ആസ്വാദ്യകരവുമായിരുന്നു ബ്രോഡ് പീകിലേക്കുള്ള യാത്ര. യാത്രക്കിടയിൽ ഏറെ ദുരിതങ്ങളും വെല്ലുവിളികളും ഉണ്ടായപ്പോഴും ലക്ഷ്യം നേടിയെടുക്കുകമാത്രമായിരുന്നു മനസ്സിൽ. ഏറ്റവും ഉയരത്തിൽ ഖത്തറിൻ ദേശീയ പതാക സ്ഥാപിക്കുകയെന്ന ലക്ഷ്യം എനിക്ക് ആവേശമായി. ഓരോ ഇഞ്ച് ചുവടിലും ഈ സ്വപ്നമായിരുന്നു കരുത്തായത്. മുൻ അനുഭവങ്ങളേക്കാൾ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ ദൗത്യം. മഞ്ഞുവീഴ്ചയും കൂടുതൽ ഉൾപ്രദേശമായതും മറ്റുകൊടുമുടികളേക്കാൾ വിസ്തൃതിയേറിയതുമെല്ലാം പരീക്ഷണമായി. ദൈവത്തിനു സ്തുതി. ഞാൻ ലക്ഷ്യം നേടിയിരിക്കുന്നു' -പർവതം കീഴടക്കിക്കൊണ്ടുള്ള ചിത്രം പങ്കുവെച്ച് ഫഹദ് ബദർ പറഞ്ഞു.
യാത്രക്കിടെ ഇദ്ദേഹത്തിന് പരിക്കും പറ്റി. മഞ്ഞുകൊണ്ടുണ്ടാവുന്ന ശരീരവീക്കം കാരണം പ്രയാസം അനുഭവപ്പെടുകയും ചെയ്തു. ഓക്സിജൻെറ കുറവു കാരണം 7800 മീറ്റർ ഉയരത്തിൽ ഒരു രാത്രി മുഴുവൻ ചെലവഴിക്കേണ്ടിവരും വന്നു. ശേഷം ബേസ് ക്യാമ്പിലെ സൈനിക ആശുപത്രിയിൽ നിന്ന് ചികിത്സതേടിയാണ് വീണ്ടും മുന്നോട്ടുപോയത്.40കാരനായ ഫഹദ് ഖത്തറിൽ മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥൻ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.