ദോഹ: മുംബൈയിൽനിന്ന് കപ്പൽ കയറി ദോഹ തുറമുഖത്തെത്തി പ്രവാസത്തിൽ വേരുകൾ പിടിപ്പിച്ച തലമുറയിലെ അവസാന കണ്ണികളിൽ ഒരാളാണ് വടകര വള്ളിക്കാട് സ്വദേശി ടി.കെ. ഹസൻ. പ്രവാസത്തിലിപ്പോൾ 47 വർഷം പിന്നിട്ട ഹസനും, 1988ൽ ഭർത്താവിന്റെ കൈപിടിച്ച് ഖത്തറിലേക്കു പറന്ന ഭാര്യ സുലൈഖക്കും പെരുന്നാളും നോമ്പുമെല്ലാം ഈ മണ്ണിന്റെ ഓർമകളാണ്. 22ാം വയസ്സിൽ പ്രവാസിയായ ശേഷം, മൂന്നോ നാലോ പെരുന്നാളുകൾക്കു മാത്രമാവും നാട്ടിൽ കൂടിയതെന്ന് ഐൻഖാലിദിലെ വീട്ടിൽ മറ്റൊരു പെരുന്നാളിന്റെ ഒരുക്കങ്ങൾക്കിടയിൽ ഹസൻ പറയുന്നു. കൗമാരത്തിലെ മങ്ങിയ ഓർമകളാണ് നാട്ടിലെ പെരുന്നാളുകൾ. വള്ളിക്കാട് ജുമാമസ്ജിദിലെ പെരുന്നാൾ നമസ്കാരവും കുടുംബ സന്ദർശനവുമെല്ലാമായി അരനൂറ്റാണ്ട് മുമ്പത്തെ ഓർമകൾ മാത്രമാണ് നാട്ടുപെരുന്നാൾ. പ്രവാസിയായതിൽപിന്നെ നോമ്പും പെരുന്നാളുമെല്ലാം ഖത്തറിൽതന്നെയായി. ഏതാനും വർഷങ്ങൾക്കുള്ളിൽ ഭാര്യകൂടി എത്തിയതോടെ നോമ്പിനും പെരുന്നാളിനുമായി നാട്ടിലേക്കുള്ള യാത്രകൾതന്നെ അപൂർവമായി. വർഷാവധിക്ക് കുടുംബസമേതം നാട്ടിലേക്കു പോകുമെങ്കിലും എല്ലാംകൊണ്ടും സുഖകരമായ നോമ്പ് ഇവിടെ തന്നെയാണെന്നതിൽ ഇരുവർക്കും അഭിപ്രായ ഐക്യം. ‘ഗൾഫ് നാട്ടിലെ റമദാൻ രാത്രികൾക്ക് ജീവനുണ്ട്. നമസ്കാരവും മറ്റു പ്രാർഥനകളുമായി നോമ്പ് അതിന്റെ പവിത്രതയോടെ പൂർത്തിയാക്കാൻ ഇവിടെയാണ് സൗകര്യം’ -ഹസൻ പറയുന്നു.
‘ഖുർആൻ ക്ലാസുകളും രാത്രിനമസ്കാരങ്ങളും ഉൾപ്പെടെ ഈ മണ്ണിൽതന്നെ ഓരോ റമദാനും കഴിയാനാണിഷ്ടം. പെരുന്നാൾ ആഘോഷത്തിനു പിന്നാലെ, അടുത്ത ദിവസങ്ങളിൽ ഖത്തറിൽ തന്നെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കും. ആശുപത്രികളിലെത്തിയും മറ്റുമായി രോഗികളെയും കാണും’ -സുലൈഖ പറയുന്നു.
ഭർത്താവിനൊപ്പം അബൂ ഹമൂറിലെ ബലദിയ ക്വാർട്ടേഴ്സിൽ താമസിച്ച കാലത്തെ പെരുന്നാളായിരുന്നു പ്രവാസത്തിൽ ഏറ്റവും മധുരമുള്ളത്. പല രാജ്യക്കാരായിരുന്നു അയൽവാസികൾ. പാകിസ്താൻ, സുഡാനി, ശ്രീലങ്ക, ഫിലിപ്പീൻ തുടങ്ങി പല രാജ്യക്കാരുമുണ്ടാവും. ഭാഷയൊന്നും പ്രശ്നമല്ലാതെ എല്ലാവരും ഒന്നിച്ചുകഴിഞ്ഞ ഇടമായിരുന്നു. നോമ്പിനും പെരുന്നാളിനുമെല്ലാം തയാറാക്കുന്ന വിഭവങ്ങൾ പരസ്പരം പങ്കുവെക്കും. 26 വർഷത്തോളം കഴിഞ്ഞ ആ ക്വാർട്ടേഴ്സ് ജീവിതം സംഭവബഹുലമായിരുന്നു -സുലൈഖ പ്രവാസത്തിലെ ആദ്യകാല നോമ്പുകാലം ഓർക്കുന്നു.
1976ൽ കപ്പലിറങ്ങി തുടങ്ങിയ പ്രവാസം അരനൂറ്റാണ്ടിനോട് അടുക്കുമ്പോൾ മൂന്നു മക്കളും അവരുടെ പഠനവും ജോലിയും മരുമക്കളുമെല്ലാമായി അതിരറ്റ സന്തോഷത്തിലാണ് ഹസനിക്കയും സുലൈഖത്തയും. എല്ലാത്തിനും അവർ ദൈവത്തോട് നന്ദിചൊല്ലുന്നു.
മക്കളായ ഫസീല, അസ്മ, അനസ്, മരുമക്കളായ ഷംസുദ്ദീൻ, സുഹൈൽ, ഇൻസിയ എന്നിവരുമെല്ലാം ഖത്തറിൽതന്നെ. പ്രവാസത്തിന്റെ ആരംഭത്തിൽ ദൈവം ജീവൻ തിരികെ നൽകിയ ആ സംഭവംകൂടി പറഞ്ഞാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിക്കുന്നത്. പ്രവാസം ഒരു വർഷം പിന്നിട്ട്, നാട്ടിലെത്തി വിവാഹവും കഴിഞ്ഞ് മടങ്ങിയ 1978ലെ പുതുവർഷ ദിനമായിരുന്നു അത്.
‘മുംബൈയിൽനിന്ന് ഖത്തറിലേക്കു പറക്കാനായി ട്രാവൽ ഏജന്റ് അറിയിച്ചതുപ്രകാരം മൂന്നു സുഹൃത്തുക്കൾക്കൊപ്പം മുംബൈയിലെത്തി. ജനുവരി ഒന്നിന് രാവിലെ 6.30ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ ദുബൈ വഴി ഖത്തറിലേക്കായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ, തലേദിനം മുംബൈയിലെത്തിയപ്പോഴാണ് വിമാനം മാറിയ കാര്യം ഏജന്റ് അറിയിച്ചത്.
ആറു മണിക്കുള്ള ഗൾഫ് എയറിനാണ് ടിക്കറ്റെന്ന് പറഞ്ഞു. ഞങ്ങൾ അതുപ്രകാരം പുറപ്പെട്ട് ദോഹയിലെത്തി. എന്നാൽ, മണിക്കൂറുകൾക്കുശേഷം നാട്ടിൽനിന്നെത്തിയ ഫോൺ സന്ദേശത്തിലായിരുന്നു ഞങ്ങൾ ആദ്യ യാത്രക്കൊരുങ്ങിയ എയർ ഇന്ത്യ മുംബൈയിൽ തകർന്നുവീണ് 213 യാത്രക്കാരും കൊല്ലപ്പെട്ട വിവരം അറിയുന്നത്. ഞങ്ങൾക്കുമുമ്പേ വിമാന അപകട വാർത്ത അറിഞ്ഞ നാട്ടുകാരും വീട്ടുകാരും മരിച്ചവരിൽ ഞങ്ങളും ഉൾപ്പെട്ടുവെന്ന് വിശ്വസിച്ചു. വീട് ഒരു മരണവീടായി മാറി. പിന്നീട് ടെലഗ്രാം ചെയ്തശേഷം മാത്രമായിരുന്നു ഞങ്ങൾ മറ്റൊരു വിമാനത്തിൽ കയറി ദോഹയിൽ സുരക്ഷിതമായി എത്തിയ കാര്യം വീട്ടുകാർ അറിയുന്നത്’ -നീണ്ട പ്രവാസത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ ഉൾക്കിടിലത്തോടെ ദൈവത്തിന് സ്തുതി പറഞ്ഞു മാത്രം ഓർക്കാവുന്ന അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.