ദോഹ: ഖത്തർ ഫുട്ബാളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ പരിശീലകൻ ഫെലിക്സ് സാഞ്ചസ് സ്ഥാനമൊഴിഞ്ഞു. സാഞ്ചസും ഖത്തർ ഫുട്ബാൾ അസോസിയേഷനും (ക്യു.എഫ്.എ) തമ്മിലുണ്ടാക്കിയ ഉഭയകക്ഷി ധാരണ പ്രകാരമാണ് ഖത്തർ കോച്ച് സ്ഥാനത്തുനിന്ന് അദ്ദേഹം പടിയിറങ്ങുന്നത്. കഴിഞ്ഞ അഞ്ചര വർഷമായി ഫെലിക്സ് പരിശീലകനായി ഉണ്ടായിരുന്ന കാലയളവിലാണ് ഫുട്ബാളിൽ ഖത്തർ തങ്ങളുടെ എക്കാലത്തെയും മികച്ച നേട്ടങ്ങൾ കൊയ്തെടുത്തത്. ഏഷ്യൻ കപ്പ് ചാമ്പ്യൻ പട്ടത്തിലേക്ക് ടീമിനെ നയിച്ച അദ്ദേഹം, കോൺകകാഫ് ഗോൾഡ് കപ്പിൽ ഖത്തറിനെ സെമിഫൈനലിലെത്തിച്ചിരുന്നു.
എന്നാൽ, സ്വന്തം മണ്ണിൽ നടന്ന ഇക്കഴിഞ്ഞ ലോകകപ്പിൽ ഖത്തറിന് പ്രതീക്ഷക്കൊത്തുയരാൻ കഴിയാതെ പോയതാണ് സാഞ്ചസിന്റെ പടിയിറക്കത്തിലേക്ക് നയിച്ചത്. ഗ്രൂപ് റൗണ്ടിൽ കളിച്ച മൂന്നു കളികളും തോറ്റ ഖത്തർ, ഈ ലോകകപ്പിലെ 32 ടീമുകളിൽ കളിനിലവാരത്തിൽ ഏറ്റവും അവസാന സ്ഥാനക്കാരായാണ് കളംവിട്ടത്. ഡിസംബർ 31ന് കരാർ അവസാനിപ്പിക്കാനാണ് സാഞ്ചസും ക്യു.എഫ്.എയും തീരുമാനിച്ചത്. പുതുവർഷത്തിൽ പുതിയ അധ്യായം കുറിക്കാനുള്ള ഒരുക്കത്തിലാണ് ക്യു.എഫ്.എ. പുതിയ കോച്ചിന്റെ കാര്യത്തിൽ അസോസിയേഷൻ വൈകാതെ തീരുമാനമെടുക്കും.
‘‘ഫെലിക്സ് ഞങ്ങളുടെ കോച്ച് മാത്രമായിരുന്നില്ല, അടുത്ത സുഹൃത്തും കൂടിയായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഖത്തർ ഫുട്ബാളിൽ അദ്ദേഹം കൊണ്ടുവന്ന വിജയങ്ങളിൽ ഞങ്ങൾ എന്നും അദ്ദേഹത്തോട് നന്ദിയുള്ളവരായിരിക്കും. കോച്ച് ഫെലിക്സിന് ഞങ്ങളുടെയൊക്കെയുള്ളിൽ പ്രത്യേക ഇടമാണുള്ളത്. ഖത്തറിനെ സ്വന്തം വീടായി അദ്ദേഹം എക്കാലവും കരുതുമെന്ന് പ്രത്യാശിക്കുന്നു’’ -ക്യു.എഫ്.എ പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു.
‘അൽ അന്നബി’ക്കൊപ്പമുള്ള വേളകൾ മഹത്തരമായിരുന്നുവെന്ന് സാഞ്ചസ് പിന്നീട് പ്രതികരിച്ചു. ‘‘കഴിഞ്ഞ അഞ്ചര വർഷം ഖത്തർ സീനിയർ ടീമിനൊപ്പമുണ്ടായിരുന്ന വേളകൾ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായിരുന്നു. എന്നിൽ വിശ്വാസമർപ്പിച്ച ക്യു.എഫ്.എക്കും പ്രസിഡന്റ് ശൈഖ് ഹമദിനും രാജ്യത്തെ സമുന്നത നേതാക്കന്മാർക്കുമൊക്കെ അകമഴിഞ്ഞ നന്ദി പറയുന്നു. എല്ലാവരും നൽകിയ പിന്തുണയാൽ നമ്മൾ ഒന്നിച്ചുനേടിയത് പലതുമായിരുന്നു. ഖത്തറും ഇവിടുത്തെ ജനങ്ങളും ഇന്നാട്ടിലെ ഫുട്ബാളും എക്കാലവും എന്റെ ഹൃദയത്തിലുണ്ടാകും. മറ്റാരെങ്കിലും ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള നല്ല സമയമാണിത്. എനിക്കാകട്ടെ, പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള വേളയും’’ -സാഞ്ചസ് പറഞ്ഞു. 2017ലാണ് ഖത്തർ സീനിയർ ടീം പരിശീലകനായി സാഞ്ചസ് ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.