ദോഹ: 2023 അവസാന പാദത്തിൽ ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തുമെന്ന് ട്രാവൽ ആൻഡ് ഇൻഡസ്ട്രി വിദഗ്ധൻ.വരുന്ന ഒക്ടോബറിൽ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രിക്സിനും ദോഹ എക്സ്പോ 2023നും ഖത്തർ വേദിയാകുകയാണെന്നും നവംബറിൽ മോട്ടോ ജിപി വേൾഡ് ചാമ്പ്യൻഷിപ് നടക്കുമെന്നും ‘ദ നെഡ് ദോഹ’സെയിൽസ് ആൻഡ് റവന്യൂ ഡയറക്ടർ ദീപ് കുമാർ സിന്ധി പ്രാദേശിക ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വൈവിധ്യമായ പരിപാടികൾ നടക്കുന്നതിനാൽ രാജ്യത്തേക്ക് സന്ദർശകരുടെ ഒഴുക്കായിരിക്കുമെന്നും സിന്ധി കൂട്ടിച്ചേർത്തു. വരും മാസങ്ങളിൽ ഹോട്ടൽ മുറികളുൾപ്പെടെ താമസ സൗകര്യങ്ങൾക്കായി ആവശ്യം വർധിക്കും.
ഷോൾഡർ സീസണായി കണക്കാക്കുന്ന ഡിസംബറിൽ പോലും ഷെഡ്യൂൾ ചെയ്ത സമ്മേളനങ്ങൾ, ഫോറങ്ങൾ, പ്രധാന അന്താരാഷ്ട്ര യോഗങ്ങൾ എന്നിവ നടക്കുന്നതിനാൽ മേഖലയിൽ ഉണർവുണ്ടാകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, വെല്ലുവിളി നിറഞ്ഞ വേനലിന് ശേഷം വിനോദസഞ്ചാര മേഖലയിലെ ഒരു കുതിപ്പിനായി കാത്തിരിക്കുകയാണെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
വർഷം മുഴുവനും ഖത്തറിലെ താമസക്കാർക്കും സന്ദർശകർക്കുമായി വൈവിധ്യമാർന്ന പരിപാടികളാണ് തയാറാക്കിയിരിക്കുന്നതെന്നും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ലോകോത്തര പരിപാടികളാണ് ഖത്തർ കലണ്ടറിലുള്ളതെന്നും ഖത്തർ ടൂറിസം സി.ഇ.ഒ ബെർതോൾഡ് ട്രെങ്കൽ നേരത്തെ അറിയിച്ചിരുന്നു.
ഖത്തറിനുള്ള വിനോദസഞ്ചാര വരുമാനവുമായി ബന്ധപ്പെട്ട പ്രവചനം ഈ പ്രതീക്ഷകളെ ശരിവെക്കുന്നതായിരുന്നെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ജർമൻ ഒൺലൈൻ പ്ലാറ്റ്ഫോമായ സ്റ്റാറ്റിസ്റ്റ റിപ്പോർട്ട് പ്രകാരം ട്രാവൽ ആൻഡ് ടൂറിസം വിപണിയിലെ വരുമാനം ഈ വർഷം 11.29 ദശലക്ഷം ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം സ്ഥിരമായ വാർഷിക വളർച്ച നിരക്ക് 11.13 ശതമാനവും സ്റ്റാറ്റിസ്റ്റ പ്രവചിക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായി 2027ഓടെ 17.22 ദശലക്ഷം ഡോളർ വിപണി വ്യാപ്തിയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടൂറിസവുമായി ബന്ധപ്പെട്ട മേഖലയിൽ ഹോട്ടലുകൾ ഈ വർഷം 215.10 ദശലക്ഷം ഡോളറുമായി വിപണിയിൽ ആധിപത്യം സ്ഥാപിക്കുമെന്നാണ് നിരീക്ഷകർ കണക്കുകൂട്ടുന്നത്.
അതേസമയം, പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ ഖത്തറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ മുൻവർഷത്തെ അപേക്ഷിച്ച് 72 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെത്തിയ ആകെ സന്ദർശകരിൽ 37 ശതമാനവും ഗൾഫ് സഹകരണ രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു. 29 ശതമാനം ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരും 17 ശതമാനം യൂറോപ്പിൽനിന്നുള്ളവരും 9 ശതമാനം അറബ് രാജ്യങ്ങളിൽനിന്നുള്ളവരുമാണ്.
കര, വ്യോമ, നാവിക അതിർത്തികളിലൂടെ സന്ദർശകർ ഖത്തറിലെത്തിയപ്പോൾ ആകെ സന്ദർശകരിൽ 66 ശതമാനം വിമാനം വഴിയാണ് എത്തിയത്.ആവേശകരമായ പരിപാടികളും ഫെസ്റ്റിവലുകളും വിനോദസഞ്ചാരികളുടെ വർധിച്ചുവരുന്ന പ്രവാഹവും കാരണം രാജ്യത്തിന്റെ വിനോദസഞ്ചാര മേഖല ഈ വർഷാവസാന പാദത്തിൽ ലാഭകരമായി മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ജനുവരിയിൽ ഏഷ്യൻ കപ്പിന് ഖത്തർ വേദിയാകുമ്പോൾ, പുതുവർഷത്തിലും ഖത്തറിൽ വിനോദസഞ്ചാര മേഖലക്ക് ആരോഗ്യകരമായ തുടക്കം ലഭിക്കുമെന്നും വിപണി വിദഗ്ധർ പ്രത്യാശ പ്രകടിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.