ദോഹ: അക്ഷരപ്രേമികൾ കാത്തിരിക്കുന്ന ഖത്തറിന്റെ രാജ്യാന്തര പുസ്തകോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. 31ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ജനുവരി 13 മുതൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററി (ഡി.ഇ.സി.സി)ൽ ആരംഭിക്കും. 'അറിവാണ് വെളിച്ചം' എന്ന തലക്കെട്ടിൽ ഖത്തർ കൾചറൽ ആൻഡ് ഹെറിറ്റേജ് ഇവൻറ്സ് സെൻററുമായി സഹകരിച്ച് സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ ഇത്തവണ 37 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
ജനുവരി 22ന് നടക്കുന്ന മേളയിൽ രാവിലെ ഒമ്പതു മുതൽ രാത്രി 10വരെയാണ് പ്രവേശനം. വെള്ളിയാഴ്ചകളിൽ വൈകീട്ട് മൂന്നു മുതൽ രാത്രി 10 വരെയായിരിക്കും പ്രവേശനം. 37 രാജ്യങ്ങളിൽനിന്നുള്ള 430 പ്രസാധകരും 90 ഏജൻസികളും മേളയിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഷകളിലായി വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകങ്ങൾ പ്രദർശനത്തിനെത്തും.
രാജ്യത്തെ വിജ്ഞാനകുതുകികളും ചിന്തകരും വലിയ പ്രതീക്ഷയോടെയാണ് പുസ്തകമേളയെ കാത്തിരിക്കുന്നത്. സമൂഹത്തിലെ എല്ലാ പ്രായക്കാരെയും പരിഗണിച്ച് വൈവിധ്യമാർന്ന ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങൾ ഇത്തവണ മേളയിലുണ്ടെന്ന് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഡയറക്ടർ ജാസിം അൽ ബൂഐനൈൻ പറഞ്ഞു.
ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു പുസ്തകമേള ഖത്തറിൽ നടക്കുന്നത്. ഖത്തർ-അമേരിക്ക സാംസ്കാരിക വർഷം 2021ന്റെ ഭാഗമായി ഇത്തവണ അമേരിക്കയായിരിക്കും പുസ്തകമേളയിൽ അതിഥിരാജ്യം. അമേരിക്കയുടെ സംസ്കാരത്തിന്റെയും ബൗദ്ധിക ഉൽപന്നങ്ങളുടെയും നേർക്കാഴ്ചയും മേളയിലുണ്ടാകുമെന്ന് അൽ ബൂഐനൈൻ വ്യക്തമാക്കി.
രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ ഇത്തവണ പുസ്തകമേളയിലുണ്ടാകുമെന്നും വൈവിധ്യമാർന്ന ശിൽപശാലകളും സാംസ്കാരിക പരിപാടികളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേളയിൽ പങ്കെടുക്കാനെത്തുന്ന പ്രസിദ്ധീകരണാലയങ്ങൾക്ക് കസ്റ്റംസ് ക്ലിയറൻസ്, വിവിധ ഫീസുകളിൽ ഇളവ് തുടങ്ങിയവയിൽ സാംസ്കാരിക മന്ത്രാലയത്തിന്റെ പിന്തുണയുണ്ടാകും. പ്രസിദ്ധീകരണമേഖലയുടെ വികാസത്തിലും സാംസ്കാരിക കൈമാറ്റങ്ങളിലും പ്രധാന പങ്കുവഹിക്കുന്ന പ്രസിദ്ധീകരണാലയങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമാണിത് -അദ്ദേഹം സൂചിപ്പിച്ചു.
ദാർ അൽ ഥഖാഫ പ്രിൻറിങ് പ്രസ്, ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി പ്രസ്, കതാറ പബ്ലിഷിങ് ഹൗസ്, ഖത്തർ യൂനിവേഴ്സിറ്റി പ്രസ്, റോസ പബ്ലിഷിങ് ഹൗസ്, സക്രീത് പബ്ലിഷിങ് ഹൗസ്, ദാർ അൽ വതാദ് ഫോർ പബ്ലിഷിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ, ദാർ അൽ ശർഖ് പ്രിൻറിങ്, നജ്ബ ഹൗസ് ഫോർ പബ്ലിഷിങ്, നവാ പബ്ലിഷിങ് ഹൗസ് തുടങ്ങി ഖത്തറിലെ പ്രമുഖ പ്രസാധകരുടെയെല്ലാം സാന്നിധ്യം മേളയെ സമ്പന്നമാക്കും.
പ്രദർശന പവലിയനുകൾക്കായി എക്സിബിഷൻ ഹാളുകളുടെ സർവിസ് ചാർജുകൾ ഒഴിവാക്കി പ്രസാധകർക്ക് മന്ത്രാലയത്തിന്റെ പിന്തുണയുണ്ടാകും.
ജി.സി.സി ജനറൽ സെക്രട്ടേറിയേറ്റ്, ഒമാൻ സാംസ്കാരിക പൈതൃക മന്ത്രാലയം, ഷാർജ ബൂക്ക് അതോറിറ്റി തുടങ്ങിയവർ ജി.സി.സിയിൽനിന്നും മറ്റ് അറബ് രാജ്യങ്ങളായ മൊറോകോ, അൾജീരിയ, സുഡാൻ എന്നിവയുടെ സാംസ്കാരിക മന്ത്രാലയങ്ങൾ, ഈജിപ്തിൽ നിന്ന് ഈജിപ്ഷ്യൻ ജനറൽ ബൂക്ക് ഓർഗനൈസേഷൻ, ഈജിപ്ഷ്യൻ നാഷനൽ ലൈബ്രറി എന്നിവ മേളയിൽ പങ്കെടുക്കും.
ഓരോ പുസ്തകമേളയും ഏതെങ്കിലും രീതിയിൽ പുതുമയുള്ളത് അവതരിപ്പിക്കാറുണ്ട്. ഇത്തവണ അമേരിക്കയിൽനിന്നുള്ള പ്രസിദ്ധീകരണാലയങ്ങളുടെ സാന്നിധ്യമാണ് ശ്രദ്ധേയം. ഇതാദ്യമായാണ് അമേരിക്കൻ പ്രസിദ്ധീകരണാലയങ്ങൾ ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്നത്. കുട്ടികൾക്കായി പ്രത്യേക പ്രദർശനവും വൈവിധ്യമാർന്ന പരിപാടികളുമായി ഇറ്റാലിയൻ എംബസിയും ഇത്തവണ പുസ്തകമേളയിലുണ്ട്. കുട്ടികൾക്കായുള്ള ലോകത്തിലെ ഏറ്റവും പ്രധാന പുസ്തകമേളയായ ബൊലോഗ്ന ചിൽഡ്രൻസ് ബുക് ഫെയറും ഈ വർഷം ഡി.ഇ.സി.സിയിൽ പവലിയനുമായുണ്ടാകും -അൽ ബൂ ഐനൈൻ വിശദീകരിച്ചു.
ഫലസ്തീൻ, സിറിയ, ജപ്പാൻ, ദക്ഷിണ കൊറിയ, കിർഗിസ്താൻ, ഇന്തോനേഷ്യ, റഷ്യ എന്നീ എംബസികളും അസർബൈജാൻ സാംസ്കാരിക മന്ത്രാലയവും മേളയിൽ പങ്കെടുക്കും.
കോവിഡ് പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ സുരക്ഷാ മാർഗനിർദേശങ്ങളും പാലിച്ചായിരിക്കും മേള സംഘടിപ്പിക്കുകയെന്നും സന്ദർശകരുടയും പ്രദർശകരുടെയും സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായി കർശന സുരക്ഷാ മുൻകരുതൽ മാനദണ്ഡങ്ങൾ മേളയിൽ നടപ്പാക്കുമെന്നും ഖത്തർ സെൻറർ ഫോർ കൾചറൽ ആൻഡ് ഹെറിറ്റേജ് ഇവൻറ്സ് കോർപറേറ്റ് കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മഹാ മുബാറക് അൽ മുഹന്നദി പറഞ്ഞു. പുസ്തകമേള 30 ശതമാനം ശേഷിയിലായിരിക്കും സംഘടിപ്പിക്കപ്പെടുകയെന്നും അവർ കൂട്ടിച്ചേർത്തു.
ഇലക്ട്രോണിക് ലിങ്ക് വഴി നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം. കൂടാതെ 12 വയസ്സിന് മുകളിലുള്ള, രണ്ട് ഡോസ് വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞവർക്കും മാത്രമായിരിക്കും പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.