ദോഹ: ലോകകപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഖത്തറിന്റെ സംഘാടനത്തിനുള്ള പ്രശംസക്ക് ഒട്ടും കുറവില്ല. നിരവധി അന്താരാഷ്ട്ര വേദികളിൽ ലോകകപ്പ് സംഘാടനത്തെ അഭിനന്ദിച്ച ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, റുവാണ്ടയിൽ നടന്ന ഫിഫ കോൺഗ്രസ് വേദിയിലും ഖത്തറിന്റെ ലോകകപ്പ് സംഘാടനത്തെ പ്രശംസിച്ചു.
നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തർ വേദിയായത് ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റിനായിരുന്നുവെന്നാണ് 73ാമത് ഫിഫ കോൺഗ്രസിൽ പങ്കെടുത്തുകൊണ്ട് ഇൻഫന്റിനോ പറഞ്ഞത്. റുവാണ്ട പ്രസിഡന്റ് പോൾ കഗാമെയും ഖത്തർ ലോകകപ്പ് സംഘാടനത്തെ അഭിനന്ദിച്ചു. എല്ലാ നിലയിലും ലോകകപ്പ് മനോഹരമായി മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ‘‘മനസ്സിൽ തങ്ങിനിൽക്കുന്ന ലോകകപ്പിനായിരുന്നു ഖത്തർ വേദിയൊരുക്കിയത്. ഏറ്റവും മികച്ച ആതിഥേയർക്ക് ഫിഫ വേദി അനുവദിച്ചതിനെയും മനോഹരമായ സംഘാടനത്തെയും അഭിനന്ദിക്കുന്നു’’ -റുവാണ്ട പ്രസിഡന്റ് പറഞ്ഞു.
കളിയിലും കാഴ്ചക്കാരിലും സംഘാടനത്തിലും വരുമാനത്തിലുമെല്ലാം ഖത്തർ ലോകകപ്പ് മികച്ചുനിന്നതായി ഫിഫ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ‘‘ഫിഫയും ഖത്തറും തങ്ങൾ നൽകിയ വാഗ്ദാനം ലോകത്തിനു മുമ്പാകെ വിജയകരമായി പൂർത്തിയാക്കി. 500 കോടി ജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ടൂർണമെന്റിന് കാഴ്ചക്കാരായത്. സ്റ്റേഡിയങ്ങളിലായി 30 ലക്ഷം കാണികൾ കാഴ്ചക്കാരായി.
എല്ലാവർക്കും ആസ്വാദ്യകരമായ ലോകകപ്പായി ഖത്തർ 2022 മാറി. അവിശ്വസിച്ചവർക്കും ചോദ്യങ്ങൾ ഉന്നയിച്ചവർക്കും മുമ്പാകെ, നേരത്തേ നൽകിയ വാഗ്ദാനംപോലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ഖത്തറിൽ സംഘടിപ്പിച്ചു. സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളുമെല്ലാം ഗംഭീരമായിരുന്നു. നന്ദി ഖത്തർ...’’ -200 രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളും ഫിഫ പ്രതിനിധികളും നിറഞ്ഞ സദസ്സിന് മുമ്പാകെ ഇൻഫന്റിനോ പറഞ്ഞു.
ഫിഫയുടെ സാമ്പത്തിക വരുമാനത്തിലും ലോകകപ്പ് ശ്രദ്ധേയ സംഭാവന നൽകിയെന്ന് ഫിനാൻസ് കമ്മിറ്റി ചെയർമാൻ അലയാന്ദ്രോ ഡൊമിഗ്വസ് പറഞ്ഞു. 2019-2022 കാലയളവിൽ 760 കോടി ഡോളർ വരുമാനം നേടിയതായി അദ്ദേഹം കോൺഗ്രസിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.