ദോഹ: കോവിഡ്-19 കാരണം നീട്ടിവെച്ച ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ കിക്കോഫിന് ദിവസങ്ങൾ മാത്രം. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ദോഹയിലെത്തുന്ന താരങ്ങൾക്കും ഒഫിഷ്യലുകൾക്കും കാണികൾക്കും കർശന മെഡിക്കൽ പരിശോധന ഉണ്ടാകും. സ്ഥിരമായ കോവിഡ് പരിശോധന, സുരക്ഷിതമായ ഗതാഗത സംവിധാനം, പരിശീലന, മാധ്യമ സംവിധാനങ്ങളും സൗകര്യങ്ങളുമുൾപ്പെടെ വേദികളുടെ അണുനശീകരണം എന്നിവയെല്ലാം ഇതിെൻറ ഭാഗമായി നടപ്പാക്കുമെന്ന് പ്രാദേശിക സംഘാടക സമിതി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നേരേത്ത 2020 ഡിസംബറിലായിരുന്നു ടൂർണമെൻറ് തീരുമാനിച്ചിരുന്നത്. കോവിഡ് കാരണം ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവയാണ് വേദികൾ. ഖലീഫ രാജ്യാന്തര സ്റ്റേഡിയവും നേരേത്ത ഉൾെപ്പടുത്തിയിരുന്നെങ്കിലും ന്യൂസിലൻഡിൽനിന്നുള്ള ഓക്ലൻഡ് സിറ്റി പിന്മാറിയതിനാൽ ഖലീഫയിലെ വേദി ഉപേക്ഷിക്കുകയായിരുന്നു.
ഖത്തറിൽനിന്നുള്ള അൽ ദുഹൈൽ, യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്, എ.എഫ്.സി ചാമ്പ്യന്മാരായ ഉൽസൻ ഹ്യുണ്ടായ് എഫ്.സി, കോൺകകാഫ് ജേതാക്കളായ ടൈഗേഴ്സ് യു.എ.എൻ.എൽ, ആഫ്രിക്കൻ ജേതാക്കളായ അൽ അഹ്ലി എന്നിവരാണ് ഇതുവരെ ടൂർണമെൻറിലേക്ക് യോഗ്യത നേടിയത്. തെക്കനമേരിക്കയിൽ നിന്നുള്ള ചാമ്പ്യന്മാരെ ജനുവരി 30ന് അറിയാം.
ഫെബ്രുവരി നാലിന് ആരംഭിക്കുന്ന ടൂർണമെൻറ് 11ന് അവസാനിക്കും. എജുക്കേഷൻ സിറ്റി സ്റ്റേഡിയമാണ് കലാശപ്പോരിന് വേദിയാകുക.
30 ശതമാനം
കാണികൾക്ക് പ്രവേശനം;
പൊതുപരിപാടികളില്ല
30 ശതമാനം ശേഷിയിൽ മാത്രമേ ഇത്തവണ സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം നൽകൂ. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ പാലിച്ച് മാത്രമേ കാണികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. മത്സരം കാണാനെത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്-19 നെഗറ്റിവ് ഫലം വ്യക്തമാക്കുന്ന രേഖകളോ ടെസ്റ്റ് ആവശ്യമില്ലെന്നു സ്ഥാപിക്കുന്ന രേഖകളോ കൈവശംവെച്ചിരിക്കണം.
2020 ഒക്ടോബർ ഒന്നിനുശേഷം കോവിഡ്-19 ബാധിച്ചവർക്കും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാകുക, ഇഹ്തിറാസ് ആപ്പിലെ സ് റ്റാറ്റസ് പ്രദർശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും മത്സരം വീക്ഷിക്കാനെത്തുന്നവർ പാലിച്ചിരിക്കണം. അഹ്മദ് ബിൻ അലി സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി പ്രത്യേക മെഡിക്കൽ സംഘത്തെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായി നിയമിക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയിരുന്നു.
സ്റ്റേഡിയത്തിലെയും പരിസരത്തെയും തിരക്ക് കുറക്കുന്നതിനായി പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും നേരേത്ത എത്താൻ ശ്രമിക്കണമെന്നും കാണികളോട് സംഘാടകർ ആവശ്യപ്പെട്ടു.
രണ്ടു സ്റ്റേഡിയങ്ങളിലേക്കും നേരിട്ട് മെേട്രാ സർവിസുള്ളതിനാൽ അതുപയോഗപ്പെടുത്തണമെന്നും കിക്കോഫിന് ഒരു മണിക്കൂർ മുമ്പുതന്നെ എത്താൻ ശ്രമിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കാറ്റഗറി മൂന്നിൽ 10 റിയാൽ മുതൽ കാറ്റഗറി ഒന്നിൽ 300 റിയാൽ വരെയുള്ള ടിക്കറ്റുകൾ നിലവിൽ ഫിഫ ക്ലബ് ലോകകപ്പ് വെബ്സൈറ്റായ https://fcwc2020.comൽ ലഭ്യമാണ്. മത്സരം കാണാനെത്തുന്നവർ നിർബന്ധമായും ടിക്കറ്റെടുത്തിരിക്കണം. പ്രായഭേദമന്യേ എല്ലാവർക്കും ടിക്കറ്റ് നിർബന്ധമാണ്.
ഗ്രൗണ്ടിനു ചുറ്റുമായി സ്റ്റേഡിയത്തിലെ ഉയർന്ന ഭാഗത്തെ ഇരിപ്പിടങ്ങളാണ് കാറ്റഗറി ഒന്നിൽ ഉൾപ്പെടുക. സ്റ്റേഡിയം കോർണറിലുള്ള ഭാഗത്തെ ഇരിപ്പിടങ്ങൾ രണ്ടാം കാറ്റഗറിയിലും ഗോൾ പോസ്റ്റിന് പിറകിലെ സീറ്റുകൾ കാറ്റഗറി മൂന്നിലും പെടുന്നു. മത്സരത്തിനനുസരിച്ച് ഇരിപ്പിടങ്ങളുടെ കാറ്റഗറി നിശ്ചയിക്കുന്നതിനുള്ള അധികാരം ഫിഫക്കുണ്ട്. ഓരോ മത്സരത്തിനനുസരിച്ചും ടിക്കറ്റ് കാറ്റഗറിയിൽ മാറ്റംവരാം. എല്ലാ കാറ്റഗറിയിലും ലോവർ, അപ്പർ ടയർ സീറ്റുകൾ ഉൾപ്പെടാൻ സാധ്യതയുണ്ട്.
കാലാവസ്ഥ പോലുള്ള സാഹചര്യങ്ങൾ ടിക്കറ്റ് കാറ്റഗറിയിൽ മാറ്റമുണ്ടാക്കില്ല. ഓരോ മത്സരത്തിനനുസരിച്ചും ഓരോ ടിക്കറ്റ് കാറ്റഗറിക്കും നിശ്ചയിച്ച ഇരിപ്പിട പരിധി മാറാനിടയുണ്ടെന്നും ഫിഫ വ്യക്തമാക്കുന്നു. ഫാൻസുകൾക്കും അന്താരാഷ്ട്ര മാധ്യമ പ്രവർത്തകർക്കും മറ്റു പങ്കാളികൾക്കും ഇരിപ്പിടമനുവദിക്കുന്നതിനാൽ ഓരോ കാറ്റഗറിക്കും നൽകിയ ഇരിപ്പിട വ്യവസ്ഥയിൽ മാറ്റംവരുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.