ദോഹ: ബ്രാൻഡ് ഫിനാൻസിന്റെ പുതിയ പഠനമനുസരിച്ച് ലോകത്തെ മികച്ച 250 അക്കാദമിക് മെഡിക്കൽ സെന്ററുകളിൽ ഖത്തറിലെ അഞ്ച് ആശുപത്രികൾ ഇടംപിടിച്ചു. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബ്രാൻഡ് മൂല്യനിർണയ കൺസൾട്ടൻസിയാണ് ബ്രാൻഡ് ഫിനാൻസ്.
ഗൾഫ് സഹകരണ സമിതി (ജി.സി.സി) രാജ്യങ്ങളിൽനിന്ന് പട്ടികയിൽ ഏറ്റവും കൂടുതൽ ആശുപത്രികൾ ഇടംനേടിയിരിക്കുന്നതും ഖത്തറിൽ നിന്നാണ്. റുമൈല ആശുപത്രി-ഹമദ് മെഡിക്കൽ കോർപറേഷൻ (1957ൽ പ്രവർത്തനമാരംഭിച്ചത്), ഹമദ് ജനറൽ ആശുപത്രി - ഹമദ് മെഡിക്കൽ കോർപറേഷൻ (1982), നാഷനൽ സെന്റർ ഫോർ കാൻസർ കെയർ ആൻഡ് റിസർച് - ഹമദ് മെഡിക്കൽ കോർപറേഷൻ (2004), ഹാർട്ട് ആശുപത്രി - ഹമദ് മെഡിക്കൽ കോർപറേഷൻ (2011), സിദ്റ മെഡിസിൻ (2018) ആശുപത്രികളാണ് ലോകത്തെ മികച്ച 250 അക്കാദമിക് മെഡിക്കൽ സെന്ററുകളിലിടം നേടിയത്.
ഇതിൽ നാഷനൽ സെന്റർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്, ഹമദ് ജനറൽ ആശുപത്രി എന്നിവ യഥാക്രമം 60, 63 സ്ഥാനങ്ങളിലെത്തി പട്ടികയിൽ ആദ്യ നൂറ് റാങ്കിനുള്ളിലെത്തുകയും ചെയ്തു. ലോകത്തെ മുൻനിര അക്കാദമിക് മെഡിക്കൽ സെന്റർ ആശുപത്രികളുടെ പ്രകടനം സംബന്ധിച്ച് കൃത്യമായ വിശകലനത്തിനായി ലോകമെമ്പാടുമുള്ള 2500 പ്രമുഖ ആരോഗ്യ പരിപാലന വിദഗ്ധരിൽനിന്ന് അഭിപ്രായം ശേഖരിച്ചിരുന്നു.
ലോകത്തെ മികച്ച 250 മെഡിക്കൽ അക്കാദമിക് ആശുപത്രികളുടെ പട്ടികയിൽ ഖത്തറിൽനിന്നുള്ള അഞ്ച് ആശുപത്രികൾ ഇടംനേടിയത് അവിശ്വസനീയ നേട്ടമാണെന്നും ഖത്തറിന്റെ ആരോഗ്യ മേഖലയിലെ പ്രതിബദ്ധതയാണിത് ഉയർത്തിക്കാട്ടുന്നതെന്നും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളിലേതിന് തുല്യമായി തങ്ങളുടെ രാജ്യത്തും രോഗികൾക്ക് മികച്ച പരിചരണമാണ് നൽകുന്നത്. ഈ ശ്രദ്ധേയമായ നേട്ടത്തിൽ അഞ്ച് ആശുപത്രികളിലെയും ആരോഗ്യ പരിരക്ഷ സംഘത്തെ അഭിനന്ദിക്കുന്നുവെന്നും ഡോ. ഹനാൻ അൽ കുവാരി കൂട്ടിച്ചേർത്തു.
ഈയടുത്ത വർഷങ്ങളിൽ ഹമദ് മെഡിക്കൽ കോർപറേഷനും സിദ്റ മെഡിസിനും അവരുടെ ആശുപത്രികളിൽ അക്കാദമിക് മെഡിക്കൽ സെന്റർ മോഡൽ നടപ്പാക്കാൻ കഠിനമായി പ്രയത്നിച്ചിരുന്നു. രോഗീപരിചരണം, മെഡിക്കൽ ഗവേഷണം, വിദ്യാഭ്യാസം എന്നിവ സംയോജിപ്പിച്ച് രോഗികൾക്ക് മികച്ച ഫലങ്ങളും അനുഭവങ്ങളും നൽകുന്നതിന്റെ ഭാഗമായാണിതെന്നും ഡോ. അൽ കുവാരി പറഞ്ഞു.
2016ൽ മുഴുവൻ ആശുപത്രികളും അക്കാദമിക് മെഡിക്കൽ സെന്ററിന്റെ അക്രഡിറ്റേഷൻ പ്രോഗ്രാമിന് കീഴിലെ ജോയന്റ് കമീഷൻ ഇന്റർനാഷനൽ (ജെ.സി.ഐ) അംഗീകാരം നേടി. ആഗോളാടിസ്ഥാനത്തിൽ ഈ അംഗീകാരം ലഭിക്കുന്ന പ്രഥമ ആരോഗ്യ സംവിധാനമായി ഹമദ് മെഡിക്കൽ കോർപറേഷൻ മാറി. 2019ൽ വീണ്ടും അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു.
സിദ്റ മെഡിസിന് അതിന്റെ ക്ലിനിക്കൽ, ഗവേഷണ, വിദ്യാഭ്യാസ പരിപാടികളുടെ വിപുലമായ വിലയിരുത്തലിനെത്തുടർന്ന് 2020ൽ ജെ.സി.ഐ അക്കാദമിക് മെഡിക്കൽ സെന്റർ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ആശുപത്രികളുടെ സുവർണ നിലവാരമായാണ് ജെ.സി.ഐ അക്രഡിറ്റേഷനെ കാണുന്നത്. അക്രഡിറ്റേഷൻ അനുവദിക്കുന്നതിനുമുമ്പ് രോഗികളുടെ സുരക്ഷയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായുള്ള കർശന മാനദണ്ഡങ്ങൾ ആശുപത്രികൾ പാലിക്കേണ്ടതുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.