ദോഹ: ഈ മാസം അവസാനം മുതൽ ഖത്തറിലെ സർക്കാർ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന ജോലി സമയങ്ങളിലെ ഇളവും വർക്ക് ഫ്രം ഹോം സംവിധാനവും ജീവനക്കാരുടെ തൊഴിൽ അന്തരീക്ഷം മികച്ചതാക്കുമെന്ന് സിവിൽ സർവിസ് ആൻഡ് ഗവണ്മെന്റ് ഡെവലപ്മെന്റ് ബ്യൂറോ (സി.ജി.ബി).
മന്ത്രിസഭയുടെ അംഗീകാരത്തോടെയുള്ള പുതിയ സംവിധാനം ജീവനക്കാർക്ക് അവരുടെ കുടുംബ ജീവിതവും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ ഫലപ്രദമാക്കാൻ അവസരങ്ങൾ നൽകുമെന്നും, ജോലി ചെയ്യുന്ന മാതാക്കൾക്കും ഭിന്നശേഷിക്കാരായ വ്യക്തികൾക്കും ജോലിയുടെ ഭാവിയെ ബാധിക്കാതെ തന്നെ ആവശ്യങ്ങൾ നിറവേറ്റാനുള്ള അവസരവും സൃഷ്ടിക്കുമെന്നും സി.ജി.ബി വ്യക്തമാക്കി.
രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടു വരെ ഏഴ് മണിക്കൂറാണ് സാധാരണ പ്രവൃത്തി സമയം. എന്നാൽ പുതിയ സംവിധാനത്തിലൂടെ ജീവനക്കാരന് 6.30ന് എത്തി നേരത്തേ ജോലി പൂർത്തിയാക്കുകയോ അല്ലെങ്കിൽ 8.30ന് മുമ്പെത്തി ആ ദിവസത്തെ പ്രവൃത്തിസമയം പൂർത്തിയാക്കുകയോ ചെയ്യാനുള്ള അവസരം നൽകും.
എന്നാൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കോ ജോലിയുടെ സ്വഭാവം, ആവശ്യകതകൾ, സാഹചര്യം എന്നിവ കാരണം ഈ സംവിധാനം നടപ്പാക്കാൻ കഴിയാത്ത സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ ഇത് ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 29 മുതൽ പുതിയ നിർദേശം പ്രാബല്യത്തിൽ വരും.
തൊഴിൽ സമയക്രമത്തിലെ ഇളവ് മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുമെന്നും, പരീക്ഷണാടിസ്ഥാനത്തിൽ നേരത്തേ നടപ്പാക്കിയ സംവിധാനം വളരെ വിജയകരമായിരുന്നുവെന്നും സി.ജി.ബിയിലെ സിവിൽ സർവിസ് അഫയേഴ്സ് മേധാവി യാഖൂബ് സാലിഹ് അൽ ഇസ്ഹാഖ് പറഞ്ഞു.
സ്കൂൾ പരീക്ഷ കാലയളവിൽ ഖത്തരികളായ മാതാക്കൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താൻ നേരത്തേ അനുമതി നൽകിയിരുന്നു. സർക്കാർ ജീവനക്കാരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ഇത് വിജയകരമായതായി അൽ ഇസ്ഹാഖ് ഖത്തർ ടി.വിയോട് പറഞ്ഞു.
ജീവനക്കാർക്ക് കുടുംബങ്ങളുമായി ഇടപഴകുമ്പോഴും വ്യക്തിഗത കാര്യങ്ങളിൽ ഇടപെടുമ്പോഴും ജോലിയിൽ വൈകിയെത്തുന്നത് പുതിയ സംവിധാനത്തിലൂടെ ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു. ജോബ് ഫ്ലക്സിബിലിറ്റി ഖത്തരികളും അല്ലാത്തവരുമായ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാവർക്കും ബാധകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷത്തിൽ ഏഴ് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനും, 12 വയസ്സിന് താഴെയുള്ള കുട്ടികളുള്ള മാതാക്കൾക്ക് വർഷത്തിൽ ഒരു മാസം വീട്ടിലിരുന്ന് ജോലി ചെയ്യാനും സംവിധാനം അനുവദിക്കുന്നു. പദ്ധതി പ്രാരംഭഘട്ടത്തിലാണെന്നും, ഭാവിയിലെ പ്രായോഗിക ഫലങ്ങളെ അടിസ്ഥാനമാക്കി ഇതിൽ ഭേദഗതി വരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വദേശികളും, താമസക്കാരും ഉൾപ്പെടെ സർക്കാർ മേഖലയിലെ മുഴുവൻ ജീവനക്കാരും പുതിയ ഇളവുകൾ ഉപയോഗപ്പെടുത്താവനാവും ശ്രമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.