ദോഹ: ഗൾഫിൽനിന്ന് കേരളത്തിലേക്കും തിരിച്ചും ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്ക് കടിഞ്ഞാണിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി വാർത്തക്കുറിപ്പിൽ പറഞ്ഞു. പ്രവാസി ആവശ്യങ്ങളോട് രാഷ്ട്രീയ പാർട്ടികളും ഭരണകൂടങ്ങളും നീതിപൂർവകമായി പ്രതികരിച്ച് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം നിറവേറ്റണം. ദോഹ-കാലിക്കറ്റ് ഇൻഡിഗോ സർവിസ് നിർത്തലാക്കിയത് മലബാറിലെ ഖത്തർ പ്രവാസികളെ ബാധിച്ചു. കരിപ്പൂരിൽനിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ സർവിസ് നിർത്തലാക്കിയതോടെ ഈ സെക്ടറിലേക്കുള്ള എയർ ഇന്ത്യയുടെ എല്ലായിടത്തുനിന്നുമുള്ള സർവിസുകളും ഇല്ലാതായിരിക്കുന്നു. വിവിധ ജി.സി.സി രാജ്യങ്ങങ്ങളെ അപേക്ഷിച്ച് കുറഞ്ഞ യാത്രാദൈർഘ്യമുള്ള ഖത്തറിൽനിന്നും വലിയ തുകയാണ് ഈടാക്കുന്നത്. 3558 കിലോമീറ്റർ ദൂരവും ഞ്ചു മണിക്കൂറിലധികം യാത്രയുമുള്ള കുവൈത്തിലേക്ക് ഏകദേശം 29,000 രൂപയാണെന്നിരിക്കെ 3002 കിലോമീറ്റർ ദൂരവും നാല് മണിക്കൂർ യാത്രാദൈർഘ്യവുമുള്ള ദോഹ - കോഴിക്കോട് സെക്ടറിലേക്ക് 38,000 രൂപ ഈടാക്കുന്നത് വിവേചനപരമാണ്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വ്യോമാന മന്ത്രിക്കും പാർലമെന്റിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള എം.പിമാർക്കും സംഘടന നിവേദനം നൽകും. മറ്റു പ്രവാസി സംഘടനകളെ സഹകരിപ്പിച്ച് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും കെ.എം.സി.സി ഖത്തർ സംസ്ഥാനകമ്മിറ്റി അറിയിച്ചു. ഡൽഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് പ്രവാസി സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അൻവർബാബു, ടി.ടി.കെ. ബഷീർ, ആദം കുഞ്ഞി, സിദ്ദീഖ് വാഴക്കാട്, അഷ്റഫ് ആറളം, താഹിർ താഹകുട്ടി, വി.ടി.എം. സാദിഖ്, ഫൈസൽ മാസ്റ്റർ, സമീർ മുഹമ്മദ്, എം.പി. ശംസുദ്ദീൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.