ദോഹ: നെതർലൻഡ്സിലെ അൽമിറെയിൽ നടക്കുന്ന 'ഫ്ലോറിയാഡെ 2022' രാജ്യാന്തര ഹോർട്ടികൾചറൽ എക്സ്പോയിലെ ഖത്തർ പവിലിയന് ഗിന്നസ് റെക്കോഡ്. ത്രീഡി പ്രിന്റ് കോൺക്രീറ്റിൽ തീർത്ത ഏറ്റവും ഉയരമേറിയ ടവർ എന്ന റെക്കോഡിനാണ് ഖത്തറിന്റെ പവിലിയൻ അർഹമായത്. ഇതുസംബന്ധിച്ച രേഖകൾ ഗിന്നസ് അധികൃതർ കൈമാറി.
കഴിഞ്ഞദിവസം എക്സ്പോയിൽ നടന്ന ചടങ്ങിൽ ഖത്തർ പവിലിയൻ കമീഷണർ ജനറൽ എൻജി. മുഹമ്മദ് അലി അൽ ഖൗറി ഏറ്റുവാങ്ങി. നെതർലൻഡ്സിലെ ഖത്തർ അംബാസഡർ നാസർ ബിൻ ഇബ്രാഹിം അൽ ലൻഗാവി, അൽമിറെ മേയർ ആൻക് ബിൽവെൽഡ്, പ്രൊവിൻസ് കമീഷണർ, ഇന്റർനാഷനൽ ഹോർടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് പ്രസിഡന്റ്, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഖത്തറിന്റെ പരിസ്ഥിതി സൗഹൃദ പദ്ധതികളും കാഴ്ചപ്പാടുകളും അന്താരാഷ്ട്ര സമൂഹത്തിന് മുമ്പാകെ അടയാളപ്പെടുത്തുന്ന വിധമാണ് 'ഫ്ലോറിയാഡെ' എക്സ്പോയിലെ പവിലിയൻ നിർമിച്ചിരിക്കുന്നത്. ത്രിമാന പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച കോൺക്രീറ്റിലാണ് ടവർ രൂപകൽപന ചെയ്തത്. മരുഭൂമിയിലെ കിളിക്കൂട് എന്ന ആശയത്തിലാണ് പീജിയൻ ടവർ മാതൃകയിൽ പവിലിയൻ നിർമിച്ചത്.
12.1 മീറ്റർ ഉയരവും, 56 ടൺ ഭാരവും ഉള്ള പവിലിയൻ 11 ദിവസം കൊണ്ട് 100 മണിക്കൂർ ജോലിചെയ്താണ് പൂർത്തിയാക്കിയത്. പ്രദർശനവേദിയിലെ ഏറ്റവും ശ്രദ്ധേയകേന്ദ്രം കൂടിയാണ് ഖത്തറിന്റെ പവിലിയനും ടവറും. കഴിഞ്ഞ ഏപ്രിൽ 14ന് തുടങ്ങിയ എക്സ്പോ ഒക്ടോബർ ഒമ്പതുവരെ നീണ്ടു നിൽക്കും.33 രാജ്യങ്ങൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ 20 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.