ദോഹ: ഖത്തറിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ 28 തന്ത്രപ്രധാന പദ്ധതികൾ അവസാന ഘട്ടത്തിലേക്ക്. രാജ്യത്ത് ഈന്തപ്പഴ ഉൽപാദന സംവിധാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതി 99 ശതമാനം പൂർത്തിയായതായി ഖത്തർ ടി.വി റിപ്പോർട്ട് ചെയ്തു. അതോടൊപ്പം പച്ചക്കറികളുടെ സുസ്ഥിര ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള സംരംഭത്തിന്റെ 99 ശതമാനം പ്രവർത്തനങ്ങളും ജൈവകൃഷിയുടെ വിസ്തൃതി വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ 83 ശതമാനവും പൂർത്തിയായതായും വ്യക്തമാക്കി.
കാർഷിക സഹായ സംരംഭത്തിന്റെ 77 ശതമാനവും വിപണനത്തിനായുള്ള കാർഷിക ഉൽപാദനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള പദ്ധതിയുടെ 76 ശതമാനവും പൂർത്തിയായി. ഗവേഷണ മാനേജ്മെന്റിനായി വാർഷിക പദ്ധതി വികസിപ്പിക്കുന്നതിനുള്ള സംരംഭം ഇതിനകം പൂർത്തിയായതായും കാർഷികോൽപാദനം വർധിപ്പിക്കുന്നതിനുള്ള ഗവേഷണ സംരംഭം 99 ശതമാനം പൂർത്തിയായതായും ഖത്തർ ടി.വി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നാഷനൽ ഹണിബീ പദ്ധതി 78 ശതമാനം പൂർത്തിയായിട്ടുണ്ട്. പ്രാദേശിക ഫാമുകളിലേക്ക് വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള മൂവായിരത്തിലധികം വരുന്ന ഹരിതഗൃഹങ്ങളുടെ ജോലി 58 ശതമാനം പൂർത്തിയായിട്ടുണ്ട്. കാർഷികോൽപാദനം വർധിപ്പിക്കുന്നതിനായി 666 ഹെക്ടർ സ്ഥലത്താണ് ഹരിതഗൃഹങ്ങൾ സ്ഥാപിച്ചത്. മേച്ചിൽപുറങ്ങൾ വികസിപ്പിക്കുന്നതിനും പച്ചപ്പുൽ ഉൽപാദനത്തിനുമായുള്ള സംരംഭം 99 ശതമാനം പൂർത്തിയായിട്ടുണ്ട്.
പച്ചക്കറികളും ഈത്തപ്പഴവും വിപണനം ചെയ്യുന്നതിനായുള്ള അഞ്ച് പ്രധാന സംരംഭങ്ങളും മികച്ച രീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും വിശദീകരിച്ചു. ഭക്ഷ്യസുരക്ഷ ലക്ഷ്യം വെച്ച് പ്രാദേശിക ഭക്ഷ്യ ഉൽപാദനം വർധിപ്പിക്കുന്നതിനായി 2018-2023 ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം പ്രകാരമാണ് മുനിസിപ്പാലിറ്റി മന്ത്രാലയം പദ്ധതികളും സംരംഭങ്ങളും ആരംഭിച്ചത്.
അതേസമയംതന്നെ രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കാർഷികമേഖലയെ ഉത്തേജിപ്പിക്കുന്നതിന് നൂതന പരിഹാരങ്ങളിലും സുസ്ഥിര സംവിധാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 2024-2030 കാലയളവിലേക്കുള്ള പുതിയ ഭക്ഷ്യസുരക്ഷ തന്ത്രം ഖത്തർ ഉടൻ വികസിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.