ദോഹ: പതിറ്റാണ്ടുകൾ നീണ്ട പ്രവാസത്തിനിടയിൽ ഒരിക്കൽപോലും ജീവിതപങ്കാളിയെ പോറ്റുനാട്ടിലെത്തിക്കാൻ കഴിയാത്ത 13 പ്രവാസികൾക്കും അവരുടെ ഇണകൾക്കും ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ ഹൃദ്യമായ സ്വീകരണം. ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ 13 ദമ്പതിമാരെയും അഞ്ച് ദീർഘകാല പ്രവാസികളെയും ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ആദരിച്ചു. തലമുറകളെ വാർത്തെടുക്കാൻ സ്വന്തം ജീവിതം കൊണ്ട് ത്യാഗം ചെയ്ത ആദ്യകാല പ്രവാസികൾ എല്ലാവർക്കും പ്രചോദനവും അവരെ ആദരിക്കാനുള്ള ഏതൊരു ശ്രമവും ഏറെ അഭിനന്ദനാർഹവുമാണെന്ന് അംബാസഡർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ നേർസാക്ഷ്യം കൂടിയാണ് നമ്മുടെ ആദ്യകാല പ്രവാസികൾ. ഒരു രാജ്യമെന്ന നിലക്ക് പതിറ്റാണ്ടുകൾക്കുമുമ്പേ ഇന്ത്യക്കാരെ സ്വാഗതം ചെയ്ത ഖത്തർ പ്രത്യേക കൃതജ്ഞതയർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നോർക്ക ഡയറക്ടർ സി.വി. റപ്പായി, ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡൻറ് ഇ.പി. അബ്ദുറഹ്മാൻ, ഐ.ബി.പി.സി വൈസ് പ്രസിഡൻറ് കെ.പി. അശ്റഫ് എന്നിവർ സംസാരിച്ചു. ഖത്തറിലെ ബിസിനസ്-മാധ്യമ-സാംസ്കാരിക-സംഘടനാ ഭാരവാഹികൾ, പഴയകാല പ്രവാസികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.
റേഡിയോ മലയാളം 98.6 എഫ്.എം നേതൃത്വത്തിലാണ് 13 പ്രവാസികൾക്ക് ‘ഫോർ മൈ ലവ് - ഞാനും ഞാനുമെൻറാളും’ എന്ന പരിപാടിയിലൂടെ ഭാര്യമാരെ ആദ്യമായി ഖത്തറിലെത്തിക്കാൻ അവസരമൊരുക്കിയത്. റേഡിയോ മലയാളം വൈസ് ചെയർമാൻ കെ.സി. അബ്ദുൽ ലത്തീഫ്, സി.ഇ.ഒ അൻവർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.