ദോഹ: യാത്ര ആവശ്യങ്ങൾക്കുള്ള സൗജന്യ കോവിഡ് പരിശോധന ഖത്തറിലെ സർക്കാർ ആശുപത്രികളിൽ തൽക്കാലം നിർത്തുന്നു. രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. പ്രൈമറി ഹെൽത്ത് െകയർ കോർപറേഷെൻറ (പി.എച്ച്.സി.സി) ആശുപത്രികളിൽ ഞായറാഴ്ച മുതൽ ഈ പരിശോധന ഉണ്ടാവില്ല. ഇതുസംബന്ധിച്ച് അതത് ആശുപത്രികൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഖത്തർ റെഡ്ക്രസൻറിെൻറ ഹെൽത്ത് സെൻററുകളിലും ഈ സേവനം നിർത്താനുള്ള സാധ്യതയുണ്ട്.
ഇനിമുതൽ കോവിഡ് ലക്ഷണങ്ങളുള്ളവർക്കു മാത്രം കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. യാത്ര ആവശ്യങ്ങൾക്കുള്ള കോവിഡ് പരിശോധനക്ക് വരുന്നവരോട് സ്വകാര്യ ആശുപത്രികളെ സമീപിക്കാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. നിലവിൽ 350 റിയാൽ മുതൽ 500 റിയാൽ വരെയാണ് കോവിഡ് പരിശോധനക്ക് സ്വകാര്യ ആശുപത്രികളിൽ വേണ്ടത്. ഈ തുക കുറക്കാനുള്ള സാധ്യതയും ഉണ്ട്. നിലവിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്ന എല്ലാവർക്കും മുൻകൂട്ടിയുള്ള കോവിഡ് പരിശോധന നിർബന്ധമാണ്.
ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ കഴിഞ്ഞ ഫെബ്രുവരി 22 മുതലാണ് പ്രാബല്യത്തിൽ വന്നത്.
യാത്രക്കാരൻ www.newdelhiairport.in എന്ന എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിനൊപ്പം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. ചെക്ക് ഇൻ സമയത്ത് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാരന് നാട്ടിലെ വിമാനത്താവളത്തിൽ മോളിക്കുലാർ പരിശോധനയും നടത്തും. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും ബാച്ലേഴ്സിനും പൂർണമായും സൗജന്യമായി സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധന നടത്താനാകുമെന്നത് ഏറെ ആശ്വാസകരമായിരുന്നു. ബാച്ലേഴ്സ്, കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്നവർ, പുരുഷ തൊഴിലാളികൾ എന്നിവർക്ക് ഖത്തർ റെഡ്ക്രസൻറിെൻറ ഓൾഡ് ദോഹ പെട്രോൾ സ്റ്റേഷനടുത്തുള്ള ഫരീജ് അബ്ദുൽ അസീസ് ഹെൽത്ത് സെൻറർ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ 38ലെ ഹിമൈലിയ ഹെൽത്ത് സെൻറർ എന്നിവിടങ്ങളിലാണ് ഈ സേവനം ഉള്ളത്. രോഗികൾകൂടി വരുന്ന സാഹചര്യത്തിൽ ഇനി കോവിഡ് ലക്ഷണമുള്ളവർക്ക് മാത്രം ഈ പരിശോധന പരിമിതപ്പെടുത്താനാണ് അധികൃതർ ആേലാചിക്കുന്നത്. അടുത്ത ദിവസങ്ങളിൽ റെഡ്ക്രസൻറ് ആശുപത്രികളിലും യാത്ര ആവശ്യങ്ങൾക്കുള്ള പരിശോധന നിർത്തും.
ഫാമിലി ഹെൽത്ത് കാർഡിൽ ഓരോരുത്തരുടെയും ഹെൽത്ത് സെൻറർ എവിടെയാണോ അവിടെയാണ് യാത്ര ആവശ്യങ്ങൾക്കായുള്ള പരിശോധന നടത്തിയിരുന്നത്. ഇവർക്ക് 50 റിയാലാണ് ഫീസ്. ഞായറാഴ്ച മുതൽ ഈ ആവശ്യക്കായി വരുന്നവരോട് സ്വകാര്യ ആശുപത്രികളിൽ പോകാനാണ് നിർദേശിക്കുക.
അൽ ഇമാദി ആശുപത്രി, ടർക്കിഷ് ആശുപത്രി, ദോഹ ക്ലിനിക് ആശുപത്രി, അൽ അഹ്ലി ആശുപത്രി, ക്യൂൻ ആശുപത്രി, ഡോ. മൂപ്പൻസ് ആസ്റ്റർ ആശുപത്രി, മഗ്രിബി സെൻറർ ഫോർ ഐ-ഇ.എൻ.ടി-ഡെൻറൽ, എലൈറ്റ് മെഡിക്കൽ സെൻറർ, വെസ്റ്റ്ബേ മെഡികെയർ, സിറിയൻ അമേരിക്കൻ മെഡിക്കൽ സെൻറർ, ഫ്യൂച്ചർ മെഡിക്കൽ സെൻറർ, ഡോ. ഖാലിദ് അൽ ശൈഖ് അലിസ് മെഡിക്കൽ സെൻറർ, അൽ ജുഫൈരി ഡയഗ്നോസിസ് ആൻഡ് ട്രീറ്റ്മെൻറ്, അൽ അഹ്മദാനി മെഡിക്കൽ സെൻറർ, ഇമാറ ഹെൽത്ത് കെയർ, കിംസ് ഖത്തർ മെഡിക്കൽ സെൻറർ, അലീവിയ മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ പ്ലസ് അൽ മുൻതസ, അൽ ജമീൽ മെഡിക്കൽ സെൻറർ, അറ്റ്ലസ് മെഡിക്കൽ സെൻറർ, അൽ തഹ്രീർ മെഡിക്കൽ സെൻറർ, നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ന്യൂ നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ അൽഖോർ, അൽ ഖയ്യാലി മെഡിക്കൽ സെൻറർ, അബീർ മെഡിക്കൽ സെൻറർ, അൽ ഇസ്റ പോളി ക്ലിനിക്, വാല്യു മെഡിക്കൽ കോംപ്ലക്സ്, ഏഷ്യൻ മെഡിക്കൽ സെൻറർ എൽ.എൽ.സി, ഡോ. മാഹിർ അബ്ബാസ് പോളി ക്ലിനിക്, സിദ്റ മെഡിസിൻ. ഇൗ കേന്ദ്രങ്ങൾ സാമ്പിളുകൾ ശേഖരിച്ച് ഹമദ് ലബോറട്ടറികളിലേക്ക് അയക്കും.
വിവിധയിടങ്ങളിലേക്കുള്ള യാത്രക്ക് മുന്നോടിയായുള്ള കോവിഡ് -19 നെഗറ്റിവ് സർട്ടിഫിക്കറ്റിനായി വരുന്നവരുടെയും സാമ്പിളുകൾ ഇതോടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ശേഖരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.