ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകി, പള്ളികളിൽ സാമൂഹിക അകലം ഒഴിവാക്കിയ ശേഷമുള്ള ആദ്യ ജുമുഅ ദിനമായിരുന്നു ഇന്നലെ. പുതിയ ഇളവുകൾ ഉപയോഗപ്പെടുത്തി വിശ്വാസികൾ പള്ളികളിൽ ഒത്തുചേർന്ന ദിനം.
മതകാര്യ മന്ത്രാലയം നൽകിയ നിർദേശ പ്രകാരം ജുമുഅ ഖുതുബ ശ്രവിക്കുേമ്പാൾ ഒരു മീറ്റർ സാമൂഹിക അകലം പാലിച്ചും, ശേഷം നമസ്കാരത്തിനായി അടുത്തടുത്തായി അണി ചേർന്നുമായിരുന്നു വിശ്വാസികൾ ഇളവുകൾ ആസ്വദിച്ചത്. ഒന്നര വർഷത്തിനു ശേഷം ജുമുഅ നമസ്കാരത്തിന് അടുത്തടുത്തായി അണിനിരന്നുവെന്ന ആശ്വാസവുമുണ്ട്. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത് തുടങ്ങിയതിനു പിന്നാലെയാണ് പള്ളികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഒന്നും ഒന്നരയും മീറ്റർ അകലം പാലിച്ചായിരുന്നു നമസ്കാരവും പള്ളിയിലെ പങ്കാളിത്തവുമെല്ലാം. ഒക്ടോബർ മൂന്നിന് പ്രാബല്യത്തിൽ വന്ന കോവിഡ് നാലാം ഘട്ട ലഘൂകരണപ്രകാരമാണ് പള്ളികളിലും ഇളവുകൾ നൽകിത്തുടങ്ങിയത്. ഞായറാഴ്ച മുതൽ അഞ്ചുനേര നമസ്കാരങ്ങളിലെ അകലം ഒഴിവാക്കി. അതിനു ശേഷം ആദ്യമായെത്തിയ ജുമഅ നമസ്കാരത്തിലും മാറ്റം വിശ്വാസികൾ ഉപയോഗപ്പെടുത്തി.
അതേസമയം, മന്ത്രാലയം അനുമതി നൽകിയ പള്ളികളിൽ മാത്രമേ അംഗശുദ്ധിക്കുള്ള സൗകര്യം അനുവദിച്ചുള്ളൂ.
എങ്കിലും ഒന്നര വർഷത്തെ ശീലമെന്നപോലെ അംഗശുദ്ധി വരുത്തിയും മുസല്ലുമായി തന്നെയാണ് എല്ലാവരും പള്ളികളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.