ദോഹ: എയർപോർട്ട് ഇക്കണോമിക് െറഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ മൾട്ടി ഇയർ താരിഫ് പ്രപ്പോസൽ പ്രകാരം കേരളമടക്കമുള്ള എയർപോർട്ടുകളിലെ യൂസർ ഡെവലപ്പ്മെൻറ് ഫീസ്, ലാൻഡിങ്, ഹൗസിങ്, പാർക്കിങ് ഫീസ് എന്നിവ വർധിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിൻവാങ്ങണമെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ്) ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ ഫീസുകൾ 50 ശതമാനം മുതൽ 182 ശതമാനത്തോളം വർധിപ്പിക്കാനാണ് ഒരുങ്ങുന്നത്. യൂസർ ഡെവലപ്പ്മെൻറ് ഫീസായി കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാരിൽനിന്ന് നിലവിലെ നിരക്കായ 476 രൂപയിൽനിന്ന് ഉയർത്തി 1300 രൂപയും ആഭ്യന്തര യാത്രക്കാരിൽ നിന്ന് നിലവിലെ 213 രൂപയിൽ നിന്ന് 600 രൂപയായും ഉയർത്താനാണ് നിർദേശം. ഈ തുകയിൽ 2026 വരെ ഓരോ വർഷവും നാലു ശതമാനം വർധനവ് വരുത്താനും നിർദേശമുണ്ട്.
കൊച്ചി െനടുമ്പാശ്ശേരി വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് 475 രൂപയും ആഭ്യന്തരയാത്രക്കാരിൽ നിന്ന് 212 രൂപയും ഈടാക്കാനാണ് നീക്കം. യൂസർ ഫീ അടക്കമുള്ള എല്ലാ ഫീസുകളും വർധിപ്പിക്കുന്നത്, കരിപ്പൂരിൽ നിക്ഷേപത്തിെൻറ 14 ശതമാനവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 12.52 ശതമാനവും റിട്ടേൺ ലഭിക്കാനാണെന്നും താരിഫ് പ്രപ്പോസലിൽ വ്യക്തമാക്കുന്നു.
കോവിഡിൽ ഏറെ പ്രയാസപ്പെടുന്ന യാത്രക്കാർക്ക്, പ്രത്യേകിച്ച് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് എയർപോർട്ട് ഇക്കണോമിക് െറഗുലേറ്ററി അതോറിറ്റിയുടെ ശിപാർശകളെന്ന് 'ഗപാഖ്' ചൂണ്ടിക്കാട്ടി. 2022 ഏപ്രിൽ ഒന്ന് മുതൽ ഈ നിരക്കുകൾ ബാധകമാവുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ വിഷയം കേന്ദ്ര സർക്കാറിെൻറ ശ്രദ്ധയിൽ പെടുത്തി വർധിപ്പിക്കുന്ന ഫീസുകൾ പിൻവലിക്കാനാവശ്യമായ നടപടികൾ കൈകൊള്ളണമെന്ന് അഭ്യർഥിച്ച് കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, രാഹുൽ ഗാന്ധി അടക്കമുള്ള കേരളത്തിലെ ലോക്സഭാ, രാജ്യസഭാ എം.പിമാർക്ക് ഗപാഖ് നിവേദനം നൽകി. പ്രവാസി സമൂഹം ഈ വിഷയം സജീവമായി പരിഗണിക്കണെമന്നും അതിനായി ഗപാഖിെൻറ നേതൃത്വത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ പ്രവാസി സംഘടനകളുടെ ഓൺലൈൻ യോഗം വിളിക്കാനും തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡൻറ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി അബ്്ദുൽ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു. കെ. മുഹമ്മദ് ഈസ , ഗഫൂർ കോഴിക്കോട്, അൻവർ സാദത്ത്, കരീം ഹാജി, അൻവർ ബാബു വടകര, കോയ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.