ദോഹ: ഗൾഫ് സഹകരണ കൗൺസിൽ പ്രതിനിധികളും അഫ്ഗാൻ പ്രതിനിധികളും തമ്മിലെ കൂടികാഴ്ചക്ക് ദോഹ വേദിയായി. അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയ ശേഷം, ആദ്യമായാണ് ഗൾഫ് രാഷ്ട്ര പ്രതിനിധികളുമായി ചർച്ചക്ക് വഴിയൊരുങ്ങുന്നത്.
അഫ്ഗാനിലെ ജനങ്ങളുടെ അടിയന്തര മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെയും ജീവകാരുണ്യ-മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന്‍റെയും സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെയും പ്രാധാന്യം ജി.സി.സി പ്രതിനിധികൾ അഫ്ഗാൻ സംഘത്തിന് മുമ്പാകെ നിർദേശിച്ചു.
അഫ്ഗാനിസ്താന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഐക്യവും ബഹുമാനിക്കുകയും രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയില്ലെന്നും യോഗത്തിൽ ജി.സി.സി പ്രതിനിധികൾ വ്യക്തമാക്കി. അതേസമയം, രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾ അനുവദിച്ചും ദേശീയ അനുരഞ്ജനത്തിന് പ്രാധാന്യം നൽകിയും സമൂഹത്തിലെ എല്ലാ ഘടകങ്ങളുടെയും താൽപര്യങ്ങൾ കണക്കിലെടുക്കുകയും ചെയ്യണമെന്ന് നിർദേശിച്ചു. സ്ത്രീകൾക്ക് ജോലിചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസം നേടാനുള്ള അവകാശം ഉൾപ്പെടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ മാനിക്കണമെന്നും നിർദേശിച്ചു.
അഫ്ഗാനിലെ തീവ്രവാദ ആക്രമണത്തെയും സാധാരണക്കാരെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും അപലപിച്ചു. അഫ്ഗാന്റെ സുസ്ഥിരതയിലും സമാധാനത്തിലുമുള്ള ജി.സി.സി രാജ്യങ്ങളുടെ പിന്തുയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.