ദോഹ: സസ്യങ്ങളുടെ വൈവിധ്യം വർധിപ്പിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങൾ കുറക്കുന്നതിനുമായി മികച്ച ഹോർട്ടികൾച്ചറൽ, പാരിസ്ഥിതിക-സുസ്ഥിരത സമ്പ്രദായങ്ങളും നവീകരണ ശ്രമങ്ങളുടെ പ്രദർശനവുമായി ദോഹ എക്സ്പോ വേദിയിലെ ജി.സി.സി രാജ്യങ്ങളുടെ പവിലിയനുകൾ.
ജലസുരക്ഷ കൈവരിക്കുന്നതും ഭൂമിയിൽ പച്ചപ്പ് വർധിപ്പിക്കുന്നതും സംസ്കരിച്ച ജലത്തിന്റെ പുനരുപയോഗം സംബന്ധിച്ചുമാണ് സൗദി അറേബ്യയുടെ പവിലിയനിലുള്ളത്. സൗദി വിഷൻ 2030നോട് ചേർന്ന് മധ്യപൂർവദേശത്ത് 4000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രധാന സംരംഭങ്ങളും പദ്ധതികളും വിശദീകരിക്കുകയും ചെയ്യുന്നു.
ഡീസാലിനേറ്റഡ് വാട്ടർ പദ്ധതികളും ക്ലൗഡ് സീഡിങ് പ്രോഗ്രാമും സൗദി പ്രദർശനങ്ങളിലുൾപ്പെടുന്നു. മഴയുടെ അളവ് അഞ്ചിൽനിന്നും 20 ശതമാനമായി ഉയർത്തുക, പുതിയ ജലസ്രോതസ്സുകൾ സൃഷ്ടിക്കുക, മരുഭൂവത്കരണം, കാർബൺ പുറന്തള്ളൽ എന്നിവ കുറക്കുക, സൗദി-മിഡിലീസ്റ്റ് ഹരിത സംരംഭങ്ങൾക്ക് പിന്തുണ നൽകുക എന്നിവയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.പൈതൃകവും സ്വാധീനവും എന്ന പ്രമേയത്തിലാണ് യു.എ.ഇ പവിലിയൻ തുറന്നത്.
യു.എ.ഇ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി മർയം അൽ മിഹൈരിയാണ് പവിലിയൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ചടങ്ങിൽ എക്സ്പോ കമീഷണൽ ജനറൽ അംബാസഡർ ബദർ ബിൻ ഉമർ അൽ ദഫയുൾപ്പെടെ മുതിർന്ന വ്യക്തികൾ പങ്കെടുത്തു. മണ്ണ് ഭിത്തികളും ഈന്തപ്പന മേൽക്കൂരയുമായി അലങ്കരിച്ച ഇമാറാത്തി പവിലിയനിൽ പുതിയ പാരിസ്ഥിതിക നവീകരണ പ്രവർത്തനങ്ങളും സമൃദ്ധമായ കാർഷിക പാരമ്പര്യം വർധിപ്പിക്കുന്നതിനുള്ള ഗുണപരമായ സംഭാവനകളുമാണ് പ്രധാന വിഷയങ്ങൾ.
യു.എ.ഇ കാർഷിക പൈതൃകത്തെ കൂടുതൽ സുസ്ഥിരമാക്കുന്നതിൽ സംഭാവന നൽകിയ വ്യക്തികളെയും രാജ്യത്തെ പ്രധാനപ്പെട്ടതും വൈവിധ്യമാർന്നതുമായ സസ്യജാലങ്ങളെയും ഇവിടെ പരിചയപ്പെടാം. സസ്യവൈവിധ്യവും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയും ഉയർത്തിക്കാട്ടി പച്ചവേലിയിൽ ചുറ്റുമതിൽ തീർത്ത് ഒമാൻ പവിലിയനും സന്ദർശകശ്രദ്ധ നേടുന്നുണ്ട്. തലസ്ഥാനമായ മസ്കത്തിൽനിന്നും ദോഹയിലെത്തിച്ച 1600 സസ്യങ്ങളും പവിലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആഗോളതലത്തിൽ മെഗാ ഇവന്റുകൾ വിജയകരമായി സംഘടിപ്പിക്കുന്നതിലെ ഖത്തറിന്റെ മികവിനെ ഒമാനി പവിലിയൻ മേധാവി എൻജി. ഇസ്മാഇൽ ബിൻ സെയ്ഫ് അൽ റാഷിദി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.