ദോഹ: ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുകയും സമുദായംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഗ്ലോബല്‍ നായര്‍ സേവാ സമാജ് രാജ്യത്തിന് മാതൃകയാണെന്ന് എ.ബി.എന്‍ കോര്പറേഷന് ചെയര്മാന് ജെ.കെ. മേനോന്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം, സ്കോളര്‍ഷിപ്, നിർധന പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, ഇന്‍ഷുറന്‍സ്, പെന്ഷന് തുടങ്ങി ഗ്ലോബല്‍ നായര്‍ സര്‍വിസ് സൊസൈറ്റി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാകുന്ന വിധത്തില്‍ കൂടുതല്‍ വിപുലീകരിക്കാന്‍ സംഘടനക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ നായര്‍ സമ്മേളനത്തില്‍ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നോര്‍ക്ക ഡയറക്ടറും ഖത്തര്‍ ആസ്ഥാനമായ എ.ബി.എന്‍ കോര്പറേഷൻ ചെയര്‍മാനുമായ ജെ.കെ. മേനോന്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ നായർ സേവാ സമാജം സംഘടിപ്പിച്ച ഗ്ലോബല്‍ നായര്‍ സമ്മേളനവും വിദ്യാധിരാജോത്സവവും കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച, വിവിധ മേഖലകളില്‍ പ്രഗാത്ഭ്യം തെളിയിച്ച പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. ജെ.കെ. മേനോന്, ഡോ. സി.വി. ആനന്ദബോസ് ഐ.എ.എസ്, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന് എന്നിവരെയാണ് ആദരിച്ചത്.
ഐ.എസ്.ആര്.ഒ ചെയര്മാന് ഡോക്ടര്‍ എസ്. സോമനാഥ് ചടങ്ങില്‍ മുഖ്യാതിഥിയായി. ചട്ടമ്പിസ്വാമിയുടെ 169ാമത് ജയന്തി ആഘോഷങ്ങളും ഗ്ലോബല്‍ നായര്‍ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
ഗ്ലോബല്‍ എൻ.എസ്.എസ് ചെയര്മാന് എം.കെ.ജി. പിള്ള അധ്യക്ഷതവഹിച്ചു. ഡല്‍ഹി ജനറല്‍ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ഗ്ലോബല്‍ എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സി. ഉദയഭാനു, ട്രഷറര്‍ എസ്.പി. നായര്‍, സെക്രട്ടറി വി.എസ്. സുഭാഷ്, ഡല്‍ഹി വൈസ് പ്രസിഡന്റ് എം.ജി. രാജശേഖരന് നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.