കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പൊതുവേ റമിറ്റൻസ് ഇക്കോണമി എന്നാണല്ലോ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ, പ്രവാസികൾക്കായി മാറ്റിവെക്കുന്ന ബജറ്റ് വിഹിതത്തെ ചെലവായിട്ടല്ല മറിച്ച് വരുമാനദായകം ആയിട്ടാണ് കണക്കാക്കേണ്ടത്. 2024 -25 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രവാസികൾക്ക് കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ തുകയാണ് വകയിരുത്തിയിട്ടുള്ളത് എന്നത് ഏറെ ആശങ്ക ഉയർത്തുന്നതാണ്. ഇത് പെൻഷനടക്കമുള്ള പ്രവാസി ക്ഷേമ പദ്ധതികൾക്ക് അപര്യാപ്തമാവും. കഴിഞ്ഞ ബജറ്റിൽ കേരള പ്രവാസി ക്ഷേമനിധിക്കായി 15 കോടി രൂപ മാറ്റിവെച്ചിരുന്നുവെങ്കിലും ഇത്തവണ ഇത് 12 കോടിയായി ചുരുക്കിയിരിക്കുകയാണ്.
ക്ഷേമനിധിയിൽ നിലവിൽ 50,000ത്തോളം പേർ പെൻഷൻ വാങ്ങുന്നവരുമാണ്. ഈ വർഷത്തിൽ പെൻഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം കഴിഞ്ഞവർഷം മുതൽ നടപ്പിലാക്കിയ വീടു വായ്പക്കുള്ള ലോൺ സബ്സിഡി തുകക്കും പണം കണ്ടെത്തേണ്ടതുണ്ട്.
തിരിച്ചുപോയ പ്രവാസികൾക്കുള്ള സാന്ത്വന പദ്ധതിയുടെ വിഹിതം കഴിഞ്ഞ വർഷത്തെ 33 കോടിയിൽ നിന്ന് വർധന ഒന്നും വരുത്തിയിട്ടില്ല. തിരിച്ചുപോകുന്ന പ്രവാസികളുടെ എണ്ണം വർഷംതോറും ഏറിയ വർധനവാണ് ഉണ്ടാവുന്നത്.
തിരിച്ചുപോയ പ്രവാസികൾക്കായി ലഭ്യമാകുന്ന എൻ.ഡി.പി.ആർ.ഇ.എം വായ്പക്കുള്ള പലിശ സബ്സിഡി 25 കോടിയിൽനിന്ന് വർധന ഉണ്ടായിട്ടില്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ആവശ്യക്കാർ കൂടുതൽ തുക തീർച്ചയായും മാറ്റിവെക്കേണ്ടതുണ്ട്.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനഃസംയോജന ഏകോപന പദ്ധതിക്കായി കഴിഞ്ഞ വർഷം 50 കോടി രൂപ വകയിരുത്തിയത് ഇപ്രാവശ്യം 44 കോടിയായി ചുരുക്കി. പ്രവാസി ഭദ്രത എന്ന പേരിൽ അറിയപ്പെടുന്ന വായ്പ സംവിധാനമാണിത്. രണ്ടുലക്ഷം രൂപ വരെ ഈ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴി പലിശ രഹിത വായ്പ ലഭ്യമാക്കുന്നുണ്ട്. ഇത്തരം പദ്ധതികളുടെ പ്രയോജനം സാധാരണ പ്രവാസികളിലേക്ക് കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ട്.
അതുപോലെ പ്രവാസി കമീഷൻ ഓരോ ജില്ലകളിലും പ്രത്യേക അദാലത്തുകൾ നടത്തി ഏറെ നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നു.
ഈ പ്രവർത്തനങ്ങൾ കാര്യക്ഷമമാവുന്നതിനും വേണ്ട ഫണ്ട് മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ബജറ്റിൽ പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി 15 കോടി രൂപയുടെ കോർപസ് ഫണ്ട് നീക്കിവെച്ചിരുന്നു. ഇത്തവണ അതും ലഭ്യമായിട്ടില്ല.
നോർക്ക ഡിപ്പാർട്ട്മെൻറ്, ഒഡെപെക് എന്നിവ മുഖാന്തരം വിദേശരാജ്യങ്ങളിലേക്ക് കൂടുതൽ റിക്രൂട്ട്മെന്റുകൾ ഫലപ്രദമായി നടക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് വിദേശ രാജ്യത്തെ ഭാഷാപഠനത്തിന് അടക്കം കഴിഞ്ഞ ബജറ്റിൽ മൂന്നുകോടി വകയിരുത്തിയിരിക്കുന്നുവെങ്കിലും ഇപ്രാവശ്യത്തെ ബജറ്റിൽ ഇങ്ങനെയുള്ള ഫണ്ടിനെ കുറിച്ച് പരാമർശമില്ല. പ്രവാസികളുടെ സ്കിൽ ഡെവലപ്മെന്റിനായി മുൻ ബജറ്റുകളിൽ പ്രത്യേകം തുക നീക്കിയിരുന്നുവെങ്കിലും ഇപ്രാവശ്യത്തെ ബജറ്റിൽ അതും പരാമർശ വിധേയമായില്ല.
പ്രവാസികളുടെ മൃതദേഹം എയർപോർട്ടുകളിൽ നിന്ന് വീടുകളിലേക്ക് കൊണ്ടുപോകുന്നതിനും രോഗികളെ വീട്ടിലേക്കോ ആശുപത്രികളിലേക്കോ എത്തിക്കുന്നതിനുമുള്ള നോർക്ക എമർജൻസി ആംബുലൻസ് സർവിസിനായി കഴിഞ്ഞവർഷം 80 ലക്ഷം മാറ്റിവെച്ചിരുന്നെങ്കിലും ഇപ്രാവശ്യം തുക ഒന്നും തന്നെ മാറ്റിവെച്ചിട്ടില്ല. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തൃപ്തികരമല്ലാത്ത സാഹചര്യത്തിലും പ്രവാസികൾക്കായി തുക മാറ്റിവെക്കാൻ സന്നദ്ധമാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.