ദോഹ: അറേബ്യൻ ഗൾഫിലെ ഫുട്ബാൾ കിരീടത്തിലേക്ക് കണ്ണുംനട്ട് അന്നാബിയുടെ പൊൻതാരങ്ങൾ ഇന്ന് ബൂട്ട് കെട്ടുന്നു. കുവൈത്തിൽ ശനിയാഴ്ച കിക്കോഫ് കുറിക്കുന്ന ഗൾഫ് കപ്പിലെ ആദ്യ ദിനത്തിൽ ഖത്തറിന് എതിരാളി യു.എ.ഇ. ഗ്രൂപ് ‘എ’യിൽ ആതിഥേയരായ കുവൈത്തിനും ഒമാനുമൊപ്പമാണ് ഖത്തറിന്റെ സ്ഥാനം.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ യു.എ.ഇയുമായി അടുത്തിടെ നിർണായക മത്സരങ്ങൾ കളിച്ചതിനു പിറകെയാണ് മേഖലയുടെ മത്സരത്തിൽ ഖത്തറും ഇമാറാത്തി സംഘവും വീണ്ടും മുഖാമുഖമെത്തുന്നത്. ശനിയാഴ്ച രാത്രി 10.30ന് സുലൈബികാത് ജാബിർ അൽ അഹ്മദ് ഇന്റർ നാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ പരിശീലകനായി നിയമിക്കപ്പെട്ട ലൂയി ഗാർഷ്യക്കു കീഴിൽ ഖത്തറിന്റെ ആദ്യ മത്സരമാണിത്. മാർക്വേസ് ലോപസിനെ ഒഴിവാക്കി രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ സഹായിയായ ലൂയി ഗാർഷ്യയെ ദേശീയ ടീം പരിശീലകനായി നിയമിച്ചത്. ഡിസംബർ 12ന് ദോഹയിൽ ആരംഭിച്ച പരിശീലന ക്യാമ്പിനു ശേഷം വ്യാഴാഴ്ചയോടെ ഖത്തർ ടീം കുവൈത്തിലെത്തി. മൂന്ന് ഗോൾകീപ്പർമാർ ഉൾപ്പെടെ 26 അംഗ അന്തിമ സംഘത്തെയും കോച്ച് പ്രഖ്യാപിച്ചു.
രണ്ടു തവണ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ 2014നു ശേഷം ആദ്യ ഗൾഫ് കപ്പ് കിരീടം എന്ന ലക്ഷ്യവുമായാണ് ബൂട്ടുകെട്ടുന്നത്. 1992, 2004, 2014 വർഷങ്ങളിലായിരുന്നു ടീം കിരീടമണിഞ്ഞത്. ശേഷം, ഫൈനലിൽ പോലും എത്തിയിട്ടില്ല. കഴിഞ്ഞ രണ്ടു തവണയും ടീം സെമിയിൽ പുറത്താവുകയായിരുന്നു.
ലോകകപ്പിലെ നിരാശപ്പെടുത്തിയ പ്രകടനത്തിനു പിന്നാലെ നിരവധി മാറ്റങ്ങളുമായാണ് ഖത്തർ ഗൾഫ് കപ്പിനിറങ്ങുന്നത്. എഡ്മിൽസൺ ജൂനിയർ, അബ്ദുൽകരീം ഹസൻ, ബൗലം ഖൗകി, അബ്ദുൽഅസിസ് ഹാതിം എന്നിവരെ ഒഴിവാക്കിയപ്പോൾ പുതുമുഖ താരങ്ങൾ ഇടം പിടിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ യു.എ.ഇക്കെതിരെ 1-3നും, 0-5നും ഖത്തർ തോൽവി വഴങ്ങുകയായിരുന്നു. 24ന് ഒമാനും, 27ന് കുവൈത്തിനുമെതിരെയാണ് ഖത്തറിന്റെ മറ്റു മത്സരങ്ങൾ. ആദ്യ രണ്ടു സ്ഥാനക്കാർക്ക് നേരിട്ട് സെമിയിൽ ഇടം പിടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.