ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസചരിത്രത്തിൽ കുറിച്ചുവെക്കപ്പെട്ട നിമിഷങ്ങൾ. അരനൂറ്റാണ്ടിലേറെ പാരമ്പര്യവുമായി വേരാഴ്ന്ന പ്രവാസ മനസ്സിൽ, പ്രതിഭയും കഠിനാധ്വാനവും കൊണ്ട് അടയാളപ്പെടുത്തപ്പെട്ട വനിതാരത്നങ്ങൾക്ക് 'ഗൾഫ് മാധ്യമം' നൽകിയ ആദരവ് ഖത്തറിന്റെ ചരിത്രത്തിലും അടയാളപ്പെടുത്തപ്പെട്ടതായി. ഷി ക്യൂ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 26 പേരും, അവരുടെ കുടുംബവും ക്ഷണിക്കപ്പെട്ട അതിഥികളും മറ്റും സാക്ഷിയായ പ്രൗഢഗംഭീരമായ സദസ്സിലായിരുന്നു ജേതാക്കളെ പ്രഖ്യാപിച്ചത്. തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ സൂപ്പർതാരം മംമ്ത മോഹൻദാസ് അഭിനന്ദനം ചൊരിഞ്ഞും സ്ത്രീ ശാക്തീകരണം ഉൽബോധിപ്പിക്കുന്ന വാക്കുകളുമായി ജേതാക്കൾക്കും ഫൈനലിസ്റ്റുകൾക്കും പ്രോത്സാഹനമേകി. അതിരുകളില്ലാതെ നേട്ടങ്ങൾ കീഴടക്കാൻ ഓരോ വനിതകൾക്കും പ്രചോദനമാവട്ടെ ഷി ക്യൂ പോലെയുള്ള അംഗീകാരങ്ങളെന്ന് മുഖ്യാതിഥിയായ മംമ്ത മോഹൻ ദാസ് പറഞ്ഞു.
'തൊഴിൽ മേഖലയിലും സ്വന്തം അഭിനിവേശം പിന്തുടർന്നും മുന്നേറാൻ പ്രവാസികളായ വനിതകൾക്ക് അവസരം ലഭിക്കുന്നത് അഭിനന്ദനാർഹമാണ്. കുടുംബത്തിനൊപ്പം നിന്ന്, പ്രതിഭയും മികവും കൊണ്ട് ഉയരങ്ങൾ കീഴടക്കിയ ഇന്നത്തെ ദിവസത്തിൽ താരങ്ങളായ വനിതകളെ ഹൃദയംകൊണ്ട് അഭിനന്ദിക്കുന്നു. ഗൾഫ് മാധ്യമം ഷി ക്യൂ പുരസ്കാരത്തിന് നാമനിർദേശം ചെയ്ത 700 വനിതകളെയും അവരിൽനിന്ന് ഫൈനലിലെത്തിയവരും, ഇന്ന് വിജയികളാവുന്നവരുമെല്ലാം പുതിയ ചരിത്രം കുറിക്കുന്നവരാണ്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രഗല്ഭരായ ഖത്തരി വനിതകൾക്കും എന്റെ സ്നേഹം നിറഞ്ഞ ആദരവ്. ഗൾഫ് മാധ്യമത്തിന്റെ ഈ ഉദ്യമത്തെ അഭിനന്ദിക്കുന്നു, ഈ ചരിത്രനിമിഷത്തിൽ പങ്കാളിയാവാൻ കഴിഞ്ഞത് ഭാഗ്യവുമായി കരുതുന്നു' -അഭിനന്ദനം ചൊരിഞ്ഞുകൊണ്ട് മംമ്ത മോഹൻദാസ് പറഞ്ഞുതുടങ്ങിയപ്പോൾ സദസ്സിൽ നിലക്കാത്ത കൈയടികളോടെയായിരുന്നു വരവേൽപ്.
വാക്കുകൾക്കൊപ്പം പാട്ടുപാടിയും മംമ്ത മോഹൻദാസ് താരമായി. 'കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ'... തുടങ്ങി താൻ അഭിനയിച്ച സിനിമകളിലെയും മറ്റും പാട്ടുകളുമായാണ് താരം സദസ്സിന്റെ മനംകവർന്നത്.
നാടകീയം.. പിന്നെ കണ്ണീരിൽ സന്തോഷപ്രകടനം
പുതുതലമുറയിലെ അനുഗൃഹീത ഫ്ലൂട്ട് ആർട്ടിസ്റ്റ് നിഖിൽറാമിന്റെ രംഗപ്രവേശനത്തോടെയായിരുന്നു ഷി ക്യൂ പുരസ്കാര ചടങ്ങിന് തിരശ്ശീലയുയർന്നത്. വിവിധ ഗാനങ്ങൾ കോർത്തിണക്കിയ ഫ്ലൂട്ട് വാദ്യം തുടക്കത്തെ സംഗീതസാന്ദ്രമാക്കി. ശേഷം, ഔപചാരിക ചടങ്ങുകളോടെയായിരുന്നു തുടക്കം. ഖത്തറിലെ വിദ്യാഭ്യാസ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ മികവു തെളിയിച്ച ഖത്തരി വനിതകൾക്കുള്ള ആദരവും കഴിഞ്ഞായിരുന്നു ഷി ക്യൂ പുരസ്കാര പ്രഖ്യാപനം. അവതാരകനായ പ്രമുഖ ചലച്ചിത്രതാരം മിഥുൻ രമേശ് ചടുലവും വാചാലവുമായ സാന്നിധ്യമായി വേദിയിൽ നിറഞ്ഞുനിന്നുകൊണ്ട് പുരസ്കാര പ്രഖ്യാപനത്തിന് നേതൃത്വം നൽകി. ഫൈനൽ ലിസ്റ്റിലെ മുഴുവൻ പേരെയും സ്റ്റേജിലെ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. തുടർന്ന്, മംമ്ത മോഹൻദാസ് വിജയികൾക്ക് നക്ഷത്രമേന്തിയ കൈയോടെ തീർത്ത ഷി ക്യു പുരസ്കാര ശിൽപം സമ്മാനിച്ചു.
ആദരവേറ്റുവാങ്ങിയ ശേഷം, അതി വൈകാരികമായിരുന്നു വിജയികളുടെ പ്രതികരണം. തങ്ങളുടെ നേട്ടങ്ങൾ, ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് സമർപ്പിച്ചും തങ്ങൾക്ക് അവസരം നൽകി ഉയർന്നുവരാൻ സഹായിച്ച ഖത്തർ സർക്കാറിനും അധികൃതർക്കും നന്ദി പറഞ്ഞായിരുന്നു മറുപടി പ്രസംഗങ്ങൾ. തങ്ങൾക്കൊപ്പം ഫൈനലിലെത്തിയവരെ അഭിനന്ദിക്കാനും മറന്നില്ല. ചിലർ വാക്കുകൾ മുറിഞ്ഞ് കണ്ണീരണിഞ്ഞുകൊണ്ട് നന്ദി പറയുകയായിരുന്നു.
സംഗീത സാന്ദ്രമാക്കി ജ്യോത്സ്ന, വിധു, അക്ബർ
അക്ബർ ഖാന്റെ അറബിഗാനം, ലതാജി മുതൽ കെ.എസ് ചിത്രയെവരെ വേദിയിലെത്തിച്ച് കൈയടി നേടി ജ്യോത്സ്ന, തട്ടു പൊളിപ്പൻ ഗാനം മുതൽ ശങ്കർ മഹാദേവന്റെ 'മിതുവാ' വരികളുമായി കാണികളിലേക്കിറങ്ങിയും വിധു പ്രതാപും താരമായി. കൈയടി നേടിയ മാപ്പിളപ്പാട്ടുകളും മറ്റുമായും ഗാനസന്ധ്യ പുരസ്കാര ചടങ്ങിന് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.