ദോഹ: കേരളത്തിൽനിന്നും ഏറ്റവും കൂടുതൽ ഹജ്ജ് യാത്രക്കാർ ഉള്ള മലബാർ ഏരിയയിലെ കാലിക്കറ്റ് എയർപോർട്ടിനെ മറികടന്ന് ഹജ്ജ് എംബാർക്കേഷൻ പോയൻറ് കൊച്ചി എയർപോർട്ടിലേക്ക് മാറ്റിയ കേന്ദ്ര നടപടി ഹജ്ജ് യാത്രക്കാർക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നതാണെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ 'ഗപാഖ്' വ്യക്തമാക്കി. കരിപ്പൂർ വിമാനത്താവളത്തിെൻറ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നതാണ് ഈ നീക്കമെന്നും വിലയിരുത്തി.
വിമാനത്താവളത്തിലുണ്ടായ അപകടത്തെത്തുടർന്ന് നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവിസ് അപകട റിപ്പോർട്ട് പുറത്തുവന്നിട്ടും പുനരാരംഭിക്കാത്തത് ആശങ്കജനകമാണ്. അപകട റിപ്പോർട്ടിൽ ഒരിടത്തും ടേബിൾ ടോപ് റൺവേയാണ് അപകടകാരണമെന്നും പറഞ്ഞിട്ടില്ലെന്നതിനാൽ ഈ കാലതാമസം പ്രതിഷേധാർഹമാണെന്നും യോഗം പ്രസ്താവിച്ചു. സംസ്ഥാന മന്ത്രിതല സംഘം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രിയെ കണ്ട് ചർച്ച നടത്താനുള്ള സർക്കാർ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു.
ഹജ്ജ് എംബാർക്കേഷൻ പോയൻറുകളുടെ എണ്ണം കുറക്കുന്നതിനിടെയാണ് മഹാരാഷ്ട്രയിലെ നാസിക് ഏരിയയിൽ പുതുതായി ഒസാർ എയർപോർട്ട് ഹജ്ജ് എംബാർക്കേഷൻ പോയൻറായി കേന്ദ്ര സർക്കാർ അംഗീകരിച്ചത്. 15,000 യാത്രക്കാരെ പ്രതീക്ഷിക്കുന്ന ഇവിടെ പുതിയ എംബാർക്കേഷൻ അനുവദിച്ചപ്പോൾ, എത്രയോ ഇരട്ടി യാത്രികർ വരുന്ന മലബാറിലെ ഹാജിമാർക്ക് ഒരു സൗകര്യവും ഇല്ലെന്നത് പ്രതിഷേധാർഹമാണെന്നും വ്യക്തമാക്കി. വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ഹജ്ജ് കാര്യമന്ത്രി വി. അബ്ദുറഹ്മാൻ, പാർലെമെൻറ് അംഗങ്ങൾ തുടങ്ങിയവരോട് അഭ്യർഥിച്ചുകൊണ്ട് 'ഗപാഖ്' കത്തയച്ചു.
പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ജന.സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂർ, അൻവർ സാദത്ത്, ഷാനവാസ്, മശ്ഹൂദ് തിരുത്തിയാട്, അമീൻ കൊടിയത്തൂർ, കോയ കൊണ്ടോട്ടി, ശാഫി മൂഴിക്കൽ, ഗഫൂർ കോഴിക്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.