ദോഹ: ലോകകപ്പ് വേളയിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലെ പുതിയ പരിഷ്കാരങ്ങളുടെ പരീക്ഷണ നടത്തിപ്പിന് തുടക്കമായി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിക്കാനും യാത്രയാക്കാനുമായി എത്തുന്ന വാഹനങ്ങൾക്ക് ടെർമിനലുകൾക്കു മുന്നിലെ കർബ് സൈഡ് പാർക്കിങ് വിലക്കിയുള്ള നിയന്ത്രണത്തിന് ഇന്നലെയും ഇന്നും ട്രയൽ റണ്ണിങ്.
തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ച 12വരെയും ചൊവ്വാഴ്ച വൈകീട്ട് മൂന്നു മുതൽആറുമണിവരെയുമായിരുന്നു ട്രയൽ. ഈ സമയം, ടെർമിനലുകൾക്ക് മുന്നിൽ വാഹനങ്ങളിൽ യാത്രക്കാരെ ഇറക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പിക്കപ്, ഡ്രോപ് ഓഫ് വിലക്കി. പകരം കാർ പാർക്കിങ് ഏരിയ ഉപയോഗിക്കണമെന്നാണ് നിർദേശം. വിമാനത്താവള ടെർമിനലുകൾക്കു മുന്നിലെ തിരക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ മാറ്റങ്ങൾ.
അറൈവല്‍, ഡിപ്പാര്‍ചര്‍ ടെര്‍മിനലുകള്‍ക്ക് മുന്നില്‍ പൊതുജനങ്ങൾക്ക് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ സ്വീകരിക്കാനോ യാത്രയാക്കാനോ അനുവദിക്കില്ല. അംഗീകൃത വാഹനങ്ങൾക്കു മാത്രമാണ് ഇവിടേക്ക് പ്രവേശനം. മുവാസലാത് ടാക്സി, ലിമോസിൻ, ഖത്തർ എയർവേസ് ഫസ്റ്റ്-ബിസിനസ് ക്ലാസ് യാത്രക്കാർ എന്നിവയാണ് അംഗീകൃത വാഹനങ്ങളായി പരിഗണിക്കുക.
മറ്റു യാത്രക്കാരും ഉപഭോക്താക്കളും കാർപാർക്കിങ് ഏരിയയിൽ വാഹനങ്ങൾ നിർത്തിയിടണമെന്ന് നിർദേശിച്ചു. പരിശീലന കാലയളവിൽ ഇവിടെ ആദ്യ രണ്ടു മണിക്കൂർ സൗജന്യ പാർക്കിങ് അനുവദിക്കും. ബാഗേജ് പോർട്ടർ സർവിസും മറ്റും യാത്രക്കാർക്ക് ഇവിടെ ലഭിക്കും. ഹൃസ്വ പാർക്കിങ് മേഖലയിൽ നിശ്ചയിച്ച സമയപരിധിയും കഴിയുന്നവർ പാർക്കിങ് ഫീസ് അടക്കണം. ടെർമിനലിനരികിലെ പേമന്റ് മെഷീനിലാണ് പണം അടക്കേണ്ടത്.
വിമാനത്താവളത്തിൽ നിന്നും നഗരത്തിലെത്താൻ യാത്രക്കാർക്ക് വ്യത്യസ്ത ഗതാഗത സംവിധാനങ്ങളുമുണ്ട്. ബസ് പവിലിയൻ, ടാക്സി പവിലിയൻ, മെട്രോ സ്റ്റേഷൻ, കാർ പാർക്കിങ്, കാർ റെന്റൽ, ലിമോസിൻ സർവിസ് എന്നിവയും ആശ്രയിക്കാം. ലോകകപ്പ്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സഞ്ചാരികളെത്തുമ്പോൾ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ പരിഗണിച്ചുമാണ് കർബ് സൈഡ് പാർക്കിങ് ഒഴിവാക്കി പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.
ഇതുസംബന്ധിച്ച് രണ്ടാഴ്ച മുമ്പുതന്നെ അധികൃതർ അറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.