ദോഹ: എ പോസിറ്റിവ്, ഒ നെഗറ്റിവ്, എ നെഗറ്റിവ്, എബി നെഗറ്റിവ് ഗ്രൂപ് രക്തം അടിയന്തരമായി ആവശ്യമുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ ബ്ലഡ് ഡോണർ സെൻറർ അറിയിച്ചു. രക്തദാതാക്കളെ അടിയന്തരമായി ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയാണ് എച്ച്.എം.സി അറിയിപ്പ് പുറത്തുവിട്ടത്. രക്തദാനത്തിന് സന്നദ്ധതയുള്ള പുരുഷന്മാർ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി 9.30 വരെ ഹമദ് ജനറൽ ആശുപത്രിക്ക് സമീപത്തുള്ള ബ്ലഡ് ഡോണർ സെൻററിലെത്തണമെന്ന് അറിയിച്ചു. ശനിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടുവരെയും രക്തം സ്വീകരിക്കും. വെള്ളിയാഴ്ച അവധിയായിരിക്കും.
കോവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷ മുൻകരുതലുകൾ പാലിച്ചായിരിക്കും രക്തദാനത്തിന് വരുന്നവർക്ക് പ്രവേശനം അനുവദിക്കുക. പ്രീ സ്ക്രീനിങ്, റെഗുലർ ക്ലീനിങ്, സ്ഥലവും ഉപകരണങ്ങളും അണുമുക്തമാക്കൽ തുടങ്ങിയവയും മുൻകരുതലുകളുടെ ഭാഗമായി നടക്കും.
ആരോഗ്യമുള്ളവർ, 17 വയസ്സിന് മുകളിലുള്ളവർ, ദീർഘകാല രോഗമുള്ളവരോ നേരത്തെ രോഗബാധിതരോ അല്ലാത്തവർ, 50 കിലോഗ്രാമിൽ കുറയാത്ത ശരീരഭാരം, ഹീമോഗ്ലോബിൻ അളവ് 13 ഗ്രാം (പുരുഷന്മാർക്ക്), 12.5 ഗ്രാം (സ്ത്രീകൾക്ക്) ഉണ്ടാവുക എന്നിവയാണ് രക്തദാനത്തിന് വരുന്നവർക്കുള്ള നിബന്ധനകൾ. കൂടാതെ രക്തദാന ദിവസം പനി, ചുമ പോലെയുള്ള രോഗങ്ങളിൽനിന്ന് മുക്തരാവുകയും മതിയായ സമയം ഉറക്കം ലഭിച്ചവരുമാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.