ദോഹ: ദോഹ ആസ്ഥാനമായ ശൈഖ് ഹമദ് അന്താരാഷ്ട്ര പരിഭാഷ അവാർഡിൽ ഇത്തവണ മലയാളത്തിന് വൻ നേട്ടം. കോഴിക്കോട് കേന്ദ്രമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) സമഗ്ര സംഭാവനക്കുള്ള അവാർഡ് നേടി. അറബിയിൽനിന്ന് മലയാളത്തിലേക്കുള്ള പരിഭാഷ വിഭാഗത്തിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഐ.പി.എച്ചിനുവേണ്ടി അസി. ഡയറക്ടർ കെ.ടി. ഹുസൈൻ ഏറ്റുവാങ്ങി. അറബി ഭാഷയിലുള്ള അറുപതോളം പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതാണ് ഐ.പി.എച്ചിനെ പുരസ്കാരത്തിന് അർഹമാക്കിയത്.
സമഗ്ര സംഭാവനക്കുള്ള വ്യക്തിഗത പുരസ്കാരങ്ങൾ പ്രമുഖ ഗ്രന്ഥകാരനും വിവർത്തകനുമായ വി.എ. കബീർ, പണ്ഡിതനും എഴുത്തുകാരനുമായ ശൈഖ് മുഹമ്മദ് കാരകുന്ന്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് അസി. പ്രഫസറും അറബി വകുപ്പ് മേധാവിയുമായ ഡോ. എൻ. ഷംനാദ് എന്നിവർക്കാണ് ലഭിച്ചത്. 12ലധികം പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് വി.എ. കബീറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 14ലധികം പുസ്തകങ്ങളാണ് ശൈഖ് മുഹമ്മദ് കാരകുന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. ഏഴ് അറബി നോവലുകൾ വിവർത്തനം ചെയ്തതാണ് ഡോ. എൻ. ഷംനാദിനെ പുരസ്കാരത്തിന് അർഹനാക്കിയത്.ഞായറാഴ്ച ദോഹ റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ നടന്ന ‘ശൈഖ് ഹമദ് അവാർഡ് ഫോർ ട്രാൻസ്ലേഷൻ ആൻഡ് ഇൻറർനാഷനൽ അണ്ടർസ്റ്റാൻഡിങ്’ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപനം നടന്നത്. ശൈഖ് ഥാനി ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു.
പരിഭാഷ അവാർഡിൽ ഇത്തവണ മത്സരിച്ചത് വിവിധ രാജ്യങ്ങളിലെ 234 പേരാണ്. ഇംഗ്ലീഷിന് പുറമെ റഷ്യൻ ആയിരുന്നു അവാർഡിെൻറ രണ്ടാമത്തെ പ്രധാന ഭാഷ. അച്ചീവ്മെൻറ് വിഭാഗത്തിലാണ് മലയാളം. സോമാലി, ഉസ്ബക്, പോർചുഗീസ്, ബഹസ ഇന്തോനേഷ്യ എന്നീ പുതിയ ഭാഷകളെയും ഇത്തവണ ഉൾെപ്പടുത്തി. അറബിയിൽനിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള വിവർത്തനം, അറബിയിൽനിന്ന് റഷ്യനിലേക്കുള്ള വിവർത്തനം, റഷ്യനിൽനിന്ന് അറബിയിലേക്കുള്ള വിവർത്തനം, അച്ചീവ്മെൻറ് വിഭാഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് അവാർഡ് നൽകിയത്.
രണ്ടു മില്യൺ ഡോളറാണ് മൊത്തം അവാർഡ് തുക. ഖത്തർ, ഇറാഖ്, കുവൈത്ത്, ഒമാൻ, യമൻ, സിറിയ, ലബനാൻ, ജോർഡൻ, ഫലസ്തീൻ, ഇൗജിപ്ത്, സുഡാൻ, ലിബിയ, തുനീഷ്യ, അൽജീരിയ, മൊറോക്കോ, റഷ്യ, യുക്രെയ്ൻ, ബെലറൂസ്, ഉസ്ബകിസ്താൻ, ഇന്ത്യ, പാകിസ്താൻ, ജർമനി, സ്വിറ്റ്സർലൻഡ്, ഒാസ്ട്രിയ, പോർചുഗൽ, ബ്രസീൽ, മൊസാംബീക്, ഇന്തോനേഷ്യ, ബ്രിട്ടൻ, അമേരിക്ക, കാനഡ, സോമാലിയ, കെനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു മത്സരിച്ചത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖ വ്യക്തികൾ അടങ്ങിയതായിരുന്നു ജൂറി.
വിവിധ ദേശങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുക, വൈജാത്യങ്ങൾ അംഗീകരിക്കുക, പരിഭാഷപോലെയുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ഇസ്ലാമിക സംസ്കാരത്തെ അഭിവൃദ്ധിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ശൈഖ് ഹമദ് അന്താരാഷ്ട്ര പരിഭാഷ അവാർഡ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.