ദോഹ: പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയിൽ നിർണായക നേട്ടം കൈവരിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. വിദേശരാജ്യങ്ങളിൽ മാത്രം ലഭ്യമായിരുന്ന ന്യൂക്ലിയർ മെഡിസിൻ ട്രീറ്റ്മെന്റ് ടെക്നോളജി (ലൂട്ടേഷ്യം 177) ചികിത്സയാണ് രോഗിയിൽ പരീക്ഷിച്ച് വിജയം കണ്ടത്. എച്ച്.എം.സിക്ക് കീഴിലുള്ള ദേശീയ കാൻസർ ചികിത്സ, ഗവേഷണ കേന്ദ്രത്തിൽ രോഗിക്ക് വിജയകരമായി ന്യൂക്ലിയർ മെഡിസിൻ ലഭ്യമാക്കിയതായി കോർപറേഷൻ അറിയിച്ചു.
ന്യൂക്ലിയർ മെഡിസിൻ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങിയതോടെ ഈ ചികിത്സക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ പ്രാദേശികമായിത്തന്നെ ചികിത്സ തേടാനുള്ള സൗകര്യമാണ് ഹമദിൽ കൈവന്നത്. പരമ്പരാഗത ചികിത്സ മാർഗങ്ങൾ അവലംബിച്ച് ഫലം ലഭിച്ചിട്ടില്ലാത്ത രോഗികളിൽ ലുട്ടേഷ്യം-177 സാങ്കേതികവിദ്യ പ്രതീക്ഷ നൽകുന്നുവെന്നും, ചികിത്സാ ഗുണനിലവാരം മെച്ചപ്പെടുത്താനും ന്യൂറോ എൻഡോക്രൈൻ ട്യൂമറുകളെ നീക്കം ചെയ്യാനും കഴിയുമെന്നും എച്ച്.എം.സി ന്യൂക്ലിയർ മെഡിസിസൺ ചീഫ് റേഡിയോളജിസ്റ്റ് ഡോ. മർയം അൽ കുവാരി പറഞ്ഞു.രോഗിക്ക് റേഡിയോ ആക്ടീവ് പദാർഥം (എഫ്.ഇ.എസ്) നൽകിക്കൊണ്ട് സ്തനാർബുദ ട്യൂമറുകൾ കണ്ടെത്താനും കൃത്യമായ ട്യൂമർ സ്ഥിരീകരിക്കുന്നതിന് ഇമേജിങ്ങിനും പുതിയ സാങ്കേതികവിദ്യ പ്രാപ്തമാക്കുന്നുവെന്നും അൽ കുവാരി കൂട്ടിച്ചേർത്തു.ന്യൂക്ലിയർ മെഡിസിൻ ഡോക്ടർമാർ, ഓങ്കോളജിസ്റ്റുകൾ, റേഡിയോളജി ടെക്നീഷ്യന്മാർ തുടങ്ങിയവരുടെ പ്രയത്നം എല്ലാ അർബുദ രോഗികൾക്കും മികച്ചതും ഉയർന്ന ഗുണനിലവാരവുമുള്ള ചികിത്സ ഉറപ്പാക്കുന്നുവെന്നും ഈ രംഗത്തെ സുപ്രധാന മെഡിക്കൽ നാഴികക്കല്ലാണ് ഇതെന്നും അൽ കുവാരി ചൂണ്ടിക്കാട്ടി. 18 വയസ്സിന് മുകളിലുള്ള അർബുദ രോഗിയുടെ ശരീരത്തിൽ പടരുന്ന ന്യൂറോ എൻഡോക്രൈൻ ട്യൂമറുകൾ കണ്ടെത്താനും പരമ്പരാഗത ചികിത്സകളോട് പ്രതികരിക്കാത്ത രോഗികൾക്ക് പുതിയ ചികിത്സ നൽകാനും ന്യൂക്ലിയർ മെഡിസിൻ ഉപയോഗിക്കുന്നുവെന്ന് എച്ച്.എം.സി ന്യൂക്ലിയർ മെഡിസിൻ മേധാവി ഡോ. ഗുലാം സയ്യിദ് പറഞ്ഞു. രോഗികൾക്ക് ആറ് മുതൽ എട്ട് വരെ നാല് മുതൽ ആറ് വരെ ഡോസുകൾ അടങ്ങുന്ന ചികിത്സ ഒപ്ഷനാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.