ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ കോവിഡ് പരിശോധനക്ക് വേഗം വർധിപ്പിക്കുന്നിന്‍റെ ഭാഗമായി പുതിയ ടെസ്റ്റിങ് ലബോറട്ടറി പ്രവർത്തനമാരംഭിച്ചു. എച്ച്.എം.സിയുടെ ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗത്തിന് കീഴിൽ ഹമദ് ജനറൽ ആശുപത്രിയിലാണ് പുതിയ പരിശോധനാകേന്ദ്രം ഞായറാഴ്ച പ്രവർത്തനം ആരംഭിച്ചത്. എച്ച്.എം.സിയുടെ നാലാമത്തെ കോവിഡ് ലാബ് കൂടി തുടങ്ങിയതോടെ പ്രതിദിനം 40,000ന് മുകളിൽ പരിശോധന നടത്താനുള്ള ശേഷിയിലേക്ക് രാജ്യത്തെ കോവിഡ് പ്രതിരോധ സംവിധാനങ്ങൾ ഉയർന്നു. 5000 മുതൽ 6000 വരെ ടെസ്റ്റിങ് ശേഷിയിലാണ് പുതിയ യൂനിറ്റ് പ്രവർത്തനസജ്ജമായത്.
ഒമിക്രോൺ വഴി മൂന്നാം തരംഗം സജീവമായത് പോലെയുള്ള പശ്ചാത്തലത്തിൽ ഒരു ദിവസം തന്നെ ഏറ്റവും കൂടുതൽ സ്രവങ്ങൾ പരിശോധിക്കാൻ കഴിയുക എന്ന ലക്ഷ്യവുമായാണ് പുതിയ ലാബ് ആരംഭിച്ചത്. 2020 തുടക്കത്തിൽ കോവിഡ് ആരംഭിച്ചത് മുതലുള്ള കണക്കുകൾ പ്രകാരം ഇതിനകം 32 ലക്ഷം കോവിഡ് പരിശോധനകൾ ഹമദിനു കീഴിൽ നടത്തിക്കഴിഞ്ഞതായി എച്ച്.എം.സി ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി മേധാവി ഡോ. ഇനാസ് അൽ കുവാരി പറഞ്ഞു. ഹമദിനു കീഴിലെ സജീവമായ ടെസ്റ്റിങ് സംവിധാനങ്ങൾ വഴി രാജ്യത്തെ കോവിഡ് കേസുകൾ ഏറ്റവും വേഗത്തിൽ തിരിച്ചറിയാനും അതുവഴി അടിയന്തര ആരോഗ്യ സുരക്ഷ നൽകാനും കഴിഞ്ഞതായി അവർ പറഞ്ഞു. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടനമാക്കുന്നതിന് മുമ്പേതന്നെ രോഗങ്ങൾ തിരിച്ചറിയാനും കഴിഞ്ഞിരുന്നു. ഹമദിനു കീഴിൽ കേന്ദ്രീകൃത കോവിഡ് പരിശോധനാ സംവിധാനത്തിലൂടെ കോവിഡ് മരണത്തിൽ ലോകത്തെതന്നെ ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യമായി ഖത്തർ മാറി -ഡോ. ഇനാസ് അൽ കുവാരി പറഞ്ഞു.
കോവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ 2020 ജൂണിലാണ് രണ്ട് കോവിഡ് പരിശോധനാ ലബോറട്ടറി യൂനിറ്റുകൾ എച്ച്.എം.സിയിൽ സ്ഥാപിക്കുന്നത്. ഇതുവഴി പ്രതിദിനം 30,000 സാമ്പിളുകൾ പരിശോധിക്കാൻ കഴിഞ്ഞു. ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിൻെറ തുടർച്ചയായി ജനുവരി ആദ്യ വാരങ്ങളിൽ ലോകത്തിന്‍റെ മറ്റു രാജ്യങ്ങളെ പോലെ ഖത്തറിലും കേസുകൾ ഉയർന്നു. പ്രതിദിന പരിശോധനക്കുള്ള ആവശ്യക്കാരും വർധിച്ചു. ഇതോടെ പ്രതിദിനം 40,000 സാമ്പിളുകൾ വരെ പരിശോധിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ദിവസം 24 മണിക്കൂർ എന്ന തോതിൽ ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിച്ചാണ് ലാബുകൾ തിരക്ക് നിയന്ത്രിച്ചത്. നിർണായക ഘട്ടത്തിൽ സജീവമായ ജോലിചെയ്ത ലബോറട്ടറി ടീമിനും ആരോഗ്യ പ്രവർത്തകർക്കും ഡോ. ഇനാസ് അൽ കുവാരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.