ദോഹ: ഖത്തറിൽ വിജയകരമായി സമാപിച്ച 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് മാനവികതയുടെ ആഘോഷമായിരുന്നെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്.സി) സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. കായിക താരങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നതിനൊപ്പം ലോകമെമ്പാടുമുള്ള ആരാധകരെ ഒന്നിപ്പിക്കുന്നതിന് ടൂർണമെന്റ് വേദിയായെന്ന് ഡിഫൻസ് വൺ എക്സിക്യൂട്ടിവ് എഡിറ്റർ കെവിൻ ബാരോണുമായുള്ള സംസാരത്തിൽ അൽ തവാദി ചൂണ്ടിക്കാട്ടി.
13 വർഷങ്ങൾക്ക് മുമ്പുതന്നെ ഞങ്ങൾ ഈ ടൂർണമെന്റിനെ സവിശേഷവും നൂതനവുമായ രീതിയിൽ സമീപിച്ചുവെന്നതാണ് അഭിമാനം നൽകുന്നത്. ഖത്തറിനും മേഖലക്കും അത് നൽകുന്ന കരുത്ത് ഞങ്ങൾ അന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രവർത്തനമികവിലൂടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനെ നൽകാൻ ഞങ്ങൾക്ക് സാധിച്ചിരിക്കുന്നു -ഹസൻ അൽ തവാദി വ്യക്തമാക്കി.
‘‘ആരാധകരും കളിക്കാരും ഒരിടത്തായിരുന്നുവെന്നതാണ് കോംപാക്ട് അഥവാ ഒതുക്കമുള്ളത് എന്നതുകൊണ്ട് അർഥമാക്കുന്നത്. ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോളുകൾക്കും ആവേശകരമായ മത്സരങ്ങൾക്കും ഇത് കാരണമായിട്ടുണ്ട്. അവസാന 16ൽ എല്ലാ കോൺഫെഡറേഷനുകളിൽനിന്നുള്ള പ്രതിനിധികളും ഉണ്ടായിരുന്നു. ഏറ്റവും മികച്ച ഫൈനലിനായിരുന്നു അന്ന് ലോകം സാക്ഷ്യം വഹിച്ചത്. ആരാധകർ ഒന്നിലധികം മത്സരങ്ങൾ ഒരേ ദിവസംതന്നെ കണ്ടു. ഇതൊരിക്കലും ആവർത്തിക്കുമെന്ന് കരുതുന്നില്ല. നിരവധി ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ച അനുഭവമായിരുന്നു ഖത്തർ ലോകകപ്പ്. ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന കിരീടമുയർത്തിയതോടെ 29 ദിവസത്തെ ടൂർണമെന്റ് സുരക്ഷയുടെ ഉയർന്ന തലത്തിലെത്തുകയും ചെയ്തു’’ -ലോകകപ്പ് ഓർമകളിലേക്ക് തിരികെയെത്തി അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരാധകരെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും ഗുണ്ടകളെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. സംഘാടകരെന്ന നിലയിൽ ഞങ്ങൾക്കുള്ള പ്രഥമ ഘടകം പ്രതിരോധമായിരുന്നു. പ്രശ്നങ്ങളുണ്ടാക്കുന്നവരെ തിരിച്ചറിയുകയായിരുന്നു അതിലൂടെ. സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അമിത സുരക്ഷ സാന്നിധ്യമില്ലാതെ ആളുകൾക്ക് കളി ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനും സാധിച്ചു.
ചെയ്ത ജോലിയെ അഭിനന്ദിക്കാൻ മാത്രമേ കഴിയൂ. നിരവധി പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഞങ്ങളുടെ അനുഭവം ചർച്ച ചെയ്യാനും ഭാവിയിൽ ചാമ്പ്യൻഷിപ് നടത്തുന്ന സംഘാടനങ്ങളിൽ ഇതെങ്ങനെ പ്രയോഗിക്കാമെന്ന് ബന്ധപ്പെട്ടവരുമായും ചർച്ചയിലാണ്. ആളുകളെ ഒരുമിച്ച് കൊണ്ടുവരുകയും സുരക്ഷയെ ഭയക്കാതെ ആഘോഷങ്ങൾക്ക് അവസരമൊരുക്കുകയുമാണ് ഖത്തർ ചെയ്തത്. മത്സരഫലം വകവെക്കാതെയാണ് എതിരാളികൾ സ്റ്റേഡിയങ്ങളിൽ ആഘോഷിച്ചത്.
സൗദി അറേബ്യ അർജന്റീനയെ പരാജയപ്പെടുത്തിയെങ്കിലും രണ്ടു ടീമുകളുടെയും ആരാധകർ ഒരുമിച്ച് ആഘോഷിക്കുന്നത് കാണാൻ സാധിച്ചു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ആശയവിനിമയം അവിടെയുണ്ടായിരുന്നു. ഈ ചെറിയ കാര്യങ്ങൾ സമ്പർക്കത്തിന്റെ ബിന്ദുക്കൾ സൃഷ്ടിക്കുകയായിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം ഖത്തർ ലോകകപ്പ് അറബ് ലോകത്തെ ഒന്നിപ്പിച്ചു -ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ആതിഥ്യം, ആഘോഷം, മേളകൾ... ഇവയുടെയെല്ലാം ഏറ്റവും മികച്ചതായിരുന്നു ടൂർണമെന്റ് സമ്മാനിച്ചത്. എക്കാലത്തെയും മികച്ച ടൂർണമെന്റ്. നാല് അറബ് ടീമുകളും കളിച്ചത് തങ്ങളുടെ ഹോം ഗ്രൗണ്ടെന്ന ഫീലിലായിരുന്നു. അറബ് ഐക്യത്തിന്റെയും ഉടമസ്ഥതയുടെയും അതോടൊപ്പം ലോകകപ്പ് സംഘാടകരെന്ന അഭിമാനബോധവുമുണ്ടായിരുന്നു. ലോകകപ്പ് പോലെയുള്ള ഒരു ടൂർണമെന്റ് ഏറ്റവും ഉയർന്ന തലത്തിൽ നടപ്പാക്കാനും സുരക്ഷിതമായി അവസാനിപ്പിക്കാനുമുള്ള അറബ് രാഷ്ട്രത്തിന്റെ കഴിവ് ഞങ്ങളവിടെ പ്രദർശിപ്പിച്ചു. ഒരുമിച്ച് ആഘോഷിച്ചു,
സുഹൃത്തുക്കളെ സൃഷ്ടിച്ചു, ആളുകൾ പോസിറ്റിവ് വീക്ഷണത്തോടെ നടന്നു. അത് മാനവികതയുടെയും മനുഷ്യത്വത്തിന്റെയും ആഘോഷമായിരുന്നു. ഭാവിയിലും കൂടുതൽ കായിക ചാമ്പ്യൻഷിപ്പുകൾക്ക് ഖത്തർ വേദിയാകുമെന്ന് ഹസൻ അൽ തവാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.