ദോഹ: താമസക്കാർക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയത് സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി. ആരോഗ്യ ചികിത്സ സേവനങ്ങളുമായി ബന്ധപ്പെട്ട 2021ലെ 22ാം നമ്പർ നിയമം അടിസ്ഥാനമാക്കിയാണ് സന്ദർശകരുൾപ്പെടെ എല്ലാ പ്രവാസികൾക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കിയത്.
ഇതുവഴി ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ ഹെൽത്ത് സെൻററുകളിലുൾപ്പെടെ മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്നും അനിവാര്യമെങ്കിൽ സ്പെഷലൈസ്ഡ് മെഡിക്കൽ സേവനവും ലഭിക്കുമെന്നും ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ ഡോ. അൽ മസ്ലമാനി പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ തന്നെ സ്വദേശികൾക്ക് രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ ലഭ്യമാകുമെന്നും അത് ഭരണകൂട ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ പ്രവാസികൾക്കും അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്നതാണ്. നിയമം ഗെസറ്റ് വിജ്ഞാപനം നടത്തി, ആറ് മാസത്തിനുശേഷം പ്രാബല്യത്തിൽ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഉപദേഷ്ടാവ് ഖാലിദ് അൽ മുഗൈസിബ് പറഞ്ഞു. തൊഴിലാളികൾക്കും ജീവനക്കാർക്കും തൊഴിലുടമ വഴിയും കുടുംബാംഗങ്ങൾക്ക് കുടുംബനാഥൻ വഴിയുമാണ് ഇൻഷുറൻസ് ലഭിക്കുക.
രാജ്യത്തെ ആരോഗ്യ മേഖലയുടെ വികാസത്തിന് പുതിയ നിയമം വഴിയൊരുക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാവർക്കും വ്യക്തിഗത ഇൻഷുറൻസ് ഉറപ്പാവുന്നതോടെ, പൊതുമേഖല ആരോഗ്യ കേന്ദ്രങ്ങൾപോലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളെയും വിദഗ്ധ ചികിത്സകൾക്കായി തേടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.