ദോഹ: പതിറ്റാണ്ടുകളായി പ്രവാസജീവിതം നയിച്ചിട്ടും ഒരിക്കൽപോലും സ്വന്തം പ്രിയതമക്ക് തങ്ങൾ ചേക്കേറിയ നാട് കാണിച്ചുകൊടുക്കാൻ അവസരം ലഭിക്കാത്തവരാണ് പ്രവാസികളിൽ വലിയൊരു വിഭാഗം. എന്നാൽ, ഇവരിൽനിന്ന് ഏതാനും പേർക്ക് തങ്ങളുടെ ഭാര്യമാരെ കുറച്ചുദിവസത്തേക്കെങ്കിലും ഖത്തറിലേക്ക് കൊണ്ടുവരാനും ഒരുമിച്ച് ഖത്തർകാണാനും അവസരമൊരുക്കുകയാണ് നസീം ഹെൽത്ത് കെയറും ഖത്തറിലെ റേഡിയോ മലയാളം 98.6 എഫ്.എമ്മും.
കൂടാതെ ക്ലിക്കോൺ ആൻഡ് ട്രാവലർ, സീ ഷോർ കേബിൾസ്, ഷൈൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, നാഷനൽ എക്സ്ചേഞ്ച് തുടങ്ങി പ്രമുഖ സ്ഥാപനങ്ങൾ ഈ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും നിറഞ്ഞ പിന്തുണയോടെ ഇത് മൂന്നാം തവണയാണ് ‘നസീം ഹെൽത്ത് കെയർ ഫോർ മൈ ലവ് - ഞാനും ഞാനുമെന്റാളും’എന്ന ശീർഷകത്തിൽ റേഡിയോ ഈ സാമൂഹിക സേവന പരിപാടി സംഘടിപ്പിക്കുന്നത്.
ചുരുങ്ങിയത് 15 വർഷം ഖത്തറിൽ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറുകണക്കിന് അപേക്ഷകളിൽനിന്ന് റേഡിയോ ശ്രോതാക്കൾ നാമനിർദേശം ചെയ്ത 12 പേരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തുന്നത്. മാർച്ച് നാലുമുതൽ 10 വരെ നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി ദമ്പതികൾക്ക് പ്രമുഖർ പങ്കെടുക്കുന്ന പ്രവാസ മലയാളത്തിന്റെ പ്രത്യേക ആദരിക്കൽ ചടങ്ങ്, ഖത്തറിലെ വിവിധ കൂട്ടായ്മകളും സ്ഥാപനങ്ങളും നൽകുന്ന സ്വീകരണങ്ങൾ, രാജ്യത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം, നിരവധി സമ്മാനങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 2018ലും 2019ലും യഥാക്രമം 10, 11 ഭാര്യമാരെ കൊണ്ടുവന്നതിന്റെ തുടർച്ചയായാണ് സീസൺ-മൂന്ന് സംഘടിപ്പിക്കുന്നത്.
റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് റിലേഷൻസ് മാനേജർ നൗഫൽ അബ്ദുറഹ്മാൻ, നസീം ഹെൽത്ത് കെയർ അസി. ജനറൽ മാനേജർ പി.കെ. റിഷാദ്, നസീം ഹെൽത്ത് കെയർ ഫിനാൻസ് ഹെഡ് ഹാശിം ഇർഷാദ്, ക്ലിക്കോൺ ആൻഡ് ട്രാവലർ കൺട്രി മാനേജർ അബ്ദുൽ അസീസ്, ക്ലിക്കോൺ ആൻഡ് ട്രാവലർ സെയിൽസ്, പ്ലാനിങ് ആൻഡ് ആക്ടിവേഷൻ മാനേജർ സലീം മുഹ്യിദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.