ദോഹ: റോഡ് നിർമാണ രംഗത്ത് രണ്ട് ഗിന്നസ് റെക്കോഡുകൾ കരസ്ഥമാക്കി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ. ജോയിൻറുകളില്ലാതെ ലോകത്തെ ഏറ്റവും വലിയ സൈക്കിൾപാത നിർമിച്ചതിനാണ് അശ്ഗാൽ ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടം പിടിച്ച് ഖത്തറിനെ ആഗോളതലത്തിൽ ഒന്നാമതെത്തിച്ചത്. 32.869 കിലോമീറ്ററാണ് സൈക്കിൾ പാതയുടെ നീളം. സൈക്കിൾ പാതക്ക് പുറമെ ജോയിൻറുകളില്ലാതെ ഏറ്റവും നീളം കൂടിയ റോഡ് ടാറിങ്ങിനാണ് മറ്റൊരു ഗിന്നസ് റെക്കോഡിന് അശ്ഗാൽ അർഹരായിരിക്കുന്നത്. 25.275 കിലോമീറ്റർ നീളത്തിലാണ് തുടർച്ചയായി റോഡ് ടാർ ചെയ്ത് അശ്ഗാൽ റെക്കോർഡ് സ്ഥാപിച്ചത്.
ഗിന്നസ് വേൾഡ് റെക്കോഡ് വിധികർത്താവ് ഡാനി ഹിക്സനാണ് ഗിന്നസ് റെക്കോഡ് പ്രഖ്യാപിച്ചത്.പദ്ധതികൾ കാര്യക്ഷമതയോടെയും ഉന്നത അന്താരാഷ്ട്ര നിലവാരത്തോടെയും നടപ്പാക്കുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും അശ്ഗാലി െൻറ പ്രതിബദ്ധതക്കുള്ള അംഗീകാരമാണ് ഗിന്നസ് റെക്കോഡുകളെന്നും ഖത്തറി െൻറ പേരിൽ വീണ്ടും റെക്കോഡ് സ്ഥാപിക്കാനായതിൽ അഭിമാനിക്കുന്നതായും സന്തോഷിക്കുന്നതായും അശ്ഗാൽ േപ്രാജക്ട്സ് അഫയേഴ്സ് മേധാവി എൻജി. യുസൂഫ് അൽ ഇമാദി പറഞ്ഞു.
അൽഖോർ റോഡ് പദ്ധതിയുടെ ഭാഗമായാണ് രണ്ട് ഗിന്നസ് റെക്കോഡുകളും അശ്ഗാൽ കരസ്ഥമാക്കിയിരിക്കുന്നത്. 27 ദിവസമെടുത്ത് ഇതിൽ 10 ദിവസം തുടർച്ചയായാണ് 65 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമിച്ചത്. ഇതിലാണ് ജോയിൻറുകളില്ലാതെ 28 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് ടാറിങ് ഉൾപ്പെടുന്നത്.
സുരക്ഷിതമായ സൈക്കിൾ പാതയൊരുക്കുന്നതി െൻറ ഭാഗമായാണ് ദൈർഘ്യമുള്ള ഒളിമ്പിക് സൈക്കിൾ ട്രാക്ക് നിർമിച്ച് അശ്ഗാൽ മറ്റൊരു റെക്കോഡിട്ടത്. 33 കിലോമീറ്റർ നീളത്തിൽ ഏഴ് മീറ്റർ വീതിയിലാണ് സൈക്കിൾ പാത നിർമിച്ചിരിക്കുന്നത്. രാജ്യാന്തര സൈക്ലിങ് ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാകാൻ ട്രാക്കുകൾക്ക് സാധിക്കുമെന്ന് അശ്ഗാൽ വ്യക്തമാക്കി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ഇവിടെ സൈക്കിൾ ഓട്ടാൻ കഴിയും. 29 ടണലുകളും അഞ്ച് പാലങ്ങളുമടങ്ങിയതാണ് ഒളിമ്പിക് സൈക്കിൾ ട്രാക്ക്. ഖത്തർ യൂനിവേഴ്സിറ്റി, ലുസൈൽ സ്റ്റേഷൻ, ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ട്, സിമൈസിമ ഇൻറർചെയ്ഞ്ച്, അൽ ബയ്ത് സ്റ്റേഡിയം എന്നിവിടങ്ങളിലായി ട്രാക്കിനൊപ്പം അഞ്ച് കാർ പാർക്കിങ് ഏരിയയും അശ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷത്തെ ദേശീയ കായികദിനത്തോടനുബന്ധിച്ചാണ് സൈക്കിൾ ട്രാക്ക് നാടിന് സമർപ്പിച്ച് തുറന്നുകൊടുത്തത്. 2022 ആകുമ്പോഴേക്ക് രാജ്യത്തുടനീളം 2650 കിലോമീറ്റർ നീളത്തിൽ നടപ്പാതയും സൈക്കിൾപാതയും നിർമിക്കാനുള്ള തയാറെടുപ്പിലാണ് അശ്ഗാൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.