ഡോ. തിഷ റേച്ചൽ ജേക്കബ്​ (എം.ബി.ബി.എസ്​, എം.ഡി) 

മറഞ്ഞിരിക്കുന്ന വിഷാദം

ജനസംഖ്യയുടെ അഞ്ച് ശതമാനം വരെയുള്ള ആളുകളെ ബാധിക്കുന്ന ഒരു തകരാറാണ് വിഷാദരോഗം (ഡിപ്രഷൻ). സർവ്വസാധാരണവും എന്നാൽ അതേസമയം തിരിച്ചറിയപ്പെടാതെ പോകുന്നതുമായ ഒരു അവസ്ഥയാണ് വിഷാദം. വിഷാദരോഗം സാങ്കല്പികമായ ഒരു അവസ്ഥയോ സമ്മർദ്ദങ്ങളോടുള്ള സ്വാഭാവിക പ്രതികരണമോ അല്ല. മറിച്ച് ഒരു രോഗാവസ്ഥ അല്ലെങ്കിൽ മസ്തിഷ്ക സംബന്ധമായ ഒരു തകരാറാണ്. വർധിച്ചുവരുന്ന ആത്മഹത്യകളുടെ പ്രധാനകാരണം തിരിച്ചറിയപ്പെടാതെ പോകുന്നതും, സമയത്ത് ചികിത്സ കിട്ടാത്തതുമായ വിഷാദരോഗം ആണ്.


വിഷാദ രോഗ ലക്ഷണങ്ങൾ

സ്ഥായിയായ വിഷാദഭാവം (ഡിപ്രസ്ഡ് മൂഡ്), ആഹ്ലാദം അനുഭവിക്കാൻ കഴിയാത്ത അവസ്ഥ, ക്ഷീണം- തളർച്ച-ഉത്സാഹക്കുറവ്, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ആത്മവിശ്വാസക്കുറവ്, ശ്രദ്ധക്കുറവ്, ഏകാഗ്രതക്കുറവ്, മരണചിന്ത, ആത്മഹത്യാപ്രവണത, ഭാവിയെപ്പറ്റി അമിത ആശങ്ക, പ്രതീക്ഷ ഇല്ലായ്മ, വിട്ടുമാറാത്ത കുറ്റബോധം.

*** *** ***

വിഷാദം പിടികൂടുന്നവരിൽ സങ്കടത്തിനു പകരം പെട്ടെന്ന് കോപം വരിക, ദേഷ്യത്താൽ പൊട്ടിത്തെറിക്കുക, തീരുമാനങ്ങൾ എടുക്കാൻ സാധിക്കാതെ വരിക, എന്തിനോടും, വിരക്തിയും നിരാശയും അനുഭവപ്പെടുക, തന്നെകൊണ്ട് പ്രയോജനമില്ല എന്ന ചിന്ത, ആത്മഹത്യ പ്രവണത തുടങ്ങിയവയും കാണപ്പെടുന്നു. ചിലപ്പോഴൊക്കെ ശാരീരിക ലക്ഷണങ്ങൾ ആയ വിശദീകരിക്കാൻ സാധിക്കാത്ത വേദന, ദഹനപ്രക്രിയയിൽ ഉള്ള ബുദ്ധിമുട്ടുകൾ, തലവേദന തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. വിഷാദരോഗമുള്ള കുട്ടികൾ പഠനകാര്യങ്ങളിൽ പിൻപോട്ട് പോവുകയും എപ്പോഴും അസ്വസ്ഥനായും സുരക്ഷിതനല്ലാതെയും കാണപ്പെടുന്നു.

രോഗം ചികിത്സിക്കുന്നതിന് മുൻപ് രണ്ടു ആഴ്ചയെങ്കിലും രോഗി രോഗാവസ്ഥയിലായിരുന്നു എന്ന് ബോധ്യമാവണം. എന്നാൽ ഇതിനുമുമ്പ് വിഷാദരോഗം വന്നവർക്ക് ഇത് ബാധകമല്ല. ചിലരിൽ ജീവിതത്തിൽ ഒരു തവണ മാത്രമേ വിഷാദരോഗം കാണപ്പെടുന്നുള്ളൂ. എങ്കിലും മറ്റു ചിലരിൽ പല തവണ രോഗം വന്നുചേരുന്നു. വിഷാദരോഗം ചികിത്സിക്കുന്നതിന് മുമ്പ് ഡോക്ടർ പരിശോധനകൾ നിർദ്ദേശിക്കുന്നു. വിഷാദരോഗലക്ഷണങ്ങളുമായി സാമ്യമുള്ള മറ്റ് രോഗങ്ങൾ ഉദാഹരണമായി തൈറോയിഡ്, ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകാവുന്ന രോഗങ്ങൾ, അനീമിയ തുടങ്ങിയവയാണോ എന്ന് തിരിച്ചറിയുവാൻ വേണ്ടിയാണിത്.

വിഷാദ രോഗത്തിന്റെ കാരണങ്ങൾ

പാരമ്പര്യമായോ, മാനസിക സമ്മർദ്ദങ്ങൾ മൂലമോ ജൈവശാസ്ത്ര ഘടകങ്ങൾ (പ്രസവ, ആർത്തവ സമയങ്ങളിൽ കാണപ്പെടുന്ന ഹോർമോൺ വ്യത്യാസങ്ങൾ) വഴിയോ വിഷാദം ഉണ്ടായേക്കാം. നിങ്ങളുടെ അടുത്ത ബന്ധുക്കളിൽ ഒരാൾ വിഷാദരോഗത്തിന് അടിമയും ദീർഘകാലമായി രോഗങ്ങൾ മൂലം വലയുകയും ചെയ്യുന്നു എങ്കിൽ വിഷാദം നിങ്ങളെയും പിടികൂടുവാനുള്ള സാധ്യതകൾ ഏറെയാണ്. ഒരിക്കൽ വിഷാദരോഗമുണ്ടായിരുന്നവർക്ക് വീണ്ടു വരുവാനുള്ള സാധ്യതകളുണ്ട്. പ്രിയപ്പെട്ടവരുടെ വിയോഗം, വിവാഹമോചനം, ഉദ്യോഗം നഷ്ടമാവുക, സ്ഥലമാറ്റം, കലഹം, ലൈംഗിക അതിക്രമങ്ങൾ എന്നിവയൊക്കെ വിഷാദത്തിന് കാരണമാകുന്നു.

ചികിത്സ

വിഷാദരോഗം മരുന്നുകൾ, കൗൺസിലിങ്ങ്, തെറാപ്പി തുടങ്ങിയവയിലൂടെ ഭേദ മാക്കാവുന്നതാണ്. രോഗിയുടെ അവസ്ഥ അനുസരിച്ച് തെറാപ്പിയാണോ കൗൺസിലിങ്ങ് ആണോ അതോ രണ്ടും ഒരുമിച്ച് വേണമോ എന്ന് ഡോക്ടർ തീരുമാനിക്കുന്നു. ആന്റിഡിപ്രസന്റ് മരുന്നുകൾ തലച്ചോറിലെ സെരോറ്റോണിൻ, നോർ എപ്പനോഫിറിൻ, ഡോപ്പാമൈമിം തുടങ്ങിയ ന്യൂറോ ട്രാൻസ്‌മിസ്റ്റേഴ്സിനെ ഉത്തേജിപ്പിച്ച് മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ചികിത്സ രീതികൾ തീരുമാനിക്കുന്നത്.

ചികിത്സാ കാലാവധി

ആദ്യമായി വിഷാദത്തിനു ചികിത്സ തേടുന്ന വ്യക്തിക്ക് ആറുമാസം മുതൽ ഒരു വർഷം വരെ മരുന്നുകൾ വേണ്ടിവന്നേക്കാം. ആവർത്തന സ്വഭാവമുള്ള വിഷാദരോഗം ആണെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ ചികിത്സ നീണ്ടേക്കാം. ഒരിക്കൽ നിങ്ങൾക്ക് വിഷാദരോഗം വന്നിട്ടുണ്ടെങ്കിൽ വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ രോഗത്തിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക എന്നത് വളരെ അത്യാവശ്യമാണ്. എങ്കിൽ മാത്രമേ ആരംഭത്തിൽ തന്നെ ചികിത്സകൾ തുടങ്ങാൻ സാധിക്കുകയുള്ളൂ.

എങ്ങനെ പ്രതിരോധിക്കാം

•മാനസിക രോഗങ്ങളെ പറ്റിയുള്ള തെറ്റിദ്ധാരണകളും വിവേചനവും ഒഴിവാക്കാനുള്ള സംഘടിത ശ്രമം നടത്തുക.

•തങ്ങളുടെ ബുദ്ധിമുട്ടുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ തയ്യാറാവുക

•സമ്മർദ്ദം കുറഞ്ഞ ജീവിതശൈലി സ്വീകരിക്കുക.

•ചിട്ടയായ ജീവിതക്രമവും ഉറക്കവും ഒഴിവാക്കുക

•ഇന്റർനെറ്റ്, സോഷ്യൽമീഡിയ മുതലായവയുടെ അമിത ഉപയോഗം ഒഴിവാക്കുക

•വിഷാദരോഗ ലക്ഷണം ഉള്ളവർ മാനസികാരോഗ്യ പ്രവർത്തകരുടെ സഹായം സ്വീകരിക്കുവാൻ തയ്യാറാക്കുക.

Tags:    
News Summary - Hidden depression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.