ദോഹ: ഹിജ്റ 1446 (2024-2025) വർഷത്തേക്കുള്ള ഖത്തരി കലണ്ടർ പുസ്തകം ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിന് കീഴിലെ ഗവേഷണ-ഇസ്ലാമിക പഠന വിഭാഗമാണ് കലണ്ടർ തയാറാക്കിയത്. പതിറ്റാണ്ടുകളായി എല്ലാ പുതിയ ഹിജ്റ വർഷത്തിന്റെയും തുടക്കത്തിൽ ഔഖാഫ് മന്ത്രാലയം ഖത്തരി കലണ്ടർ പുസ്തകം പ്രസിദ്ധീകരിക്കാറുണ്ട്.
ഓരോ മാസത്തെയും പ്രധാന ദിവസങ്ങൾ, കാലാവസ്ഥാ സവിശേഷതകൾ, കൃഷിയുടെയും വേട്ടയുടെയും സീസണുകൾ, വിത്തുകളും ധാന്യങ്ങളും മരങ്ങളും നടുന്ന സമയവും പഴങ്ങൾ പാകമാകുന്ന സമയവും വിളവെടുപ്പ് കാലവും കലണ്ടറിൽ വ്യക്തമാക്കുന്നു. ഹിജ്റ 1445 ദുൽഹിജ്ജ 17ന് (ജൂൺ 23, 2024)ഉം ഗുവൈലിനയിലെ ശൈഖ് അലി ബിൻ അബ്ദുല്ല ആൽഥാനി എൻഡോവ്മെന്റ് ലൈബ്രറിയുടെ താൽക്കാലിക കെട്ടിടത്തിൽനിന്നും രാവിലെ മുതൽ പുതിയ കലണ്ടർ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
മതപരവും വൈജ്ഞാനികവുമായ പല ആവശ്യങ്ങളും നിറവേറ്റാനും യാത്രകളിൽ കൂട്ടായും സൽകർമങ്ങൾ ചെയ്യുന്നതിൽ സഹായിയായും ആരാധനകർമങ്ങളിൽ വഴികാട്ടിയായും ഉപയോഗിക്കാവുന്ന വിധത്തിലാണ് കലണ്ടർ തയാറാക്കിയതെന്ന് ഇസ്ലാമിക് റിസർച്ച് ആൻഡ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽഥാനി പറഞ്ഞു. കൂടാതെ സമയത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.