ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ രാജ്യത്തെ ആദ്യ ദേശീയ പ്രീപെയ്ഡ് കാര്‍ഡായി ‘ഹിംയാൻ’ഉപഭോക്താക്കളിലേക്ക്. ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്ന ‘ഹിംയാൻ’കാർഡുകൾ ബാങ്കുകൾ വഴി ഉപഭോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി. ഇലക്ട്രോണിക് പേമെന്റ്, എ.ടി.എം, ഓൺലൈൻ വഴിയുള്ള ഇ-കോമേഴ്സ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഇനി ഹിംയാൻ കാർഡുകൾ ഉപയോഗിക്കാം.
രാജ്യത്തെ ഇലക്ട്രോണിക് പേമെന്റ് സംവിധാനം സജീവമാക്കുന്നത് ലക്ഷ്യമിട്ടാണ് ഖത്തർ സെൻട്രൽ ബാങ്ക് പൊതുകാർഡായി ‘ഹിംയാൻ’പുറത്തിറക്കിയത്. ഏതാനും മാസങ്ങൾക്ക് മുമ്പുതന്നെ പ്രീപെയ്ഡ് കാർഡ് അവതരിപ്പിക്കുന്നതായി സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചിരുന്നു.
അറേബ്യയിലെ പഴമക്കാർ ഉപയോഗിച്ചിരുന്ന പണസഞ്ചിയുടെ പേരിൽനിന്നാണ് ആധുനികകാലത്തെ ഡിജിറ്റൽ പണമിടപാടിന്റെ ഉപാധിയായി മാറുന്ന കാർഡിന് ‘ഹിംയാൻ’എന്ന് പേരിട്ടത്.
രാജ്യത്തെ ഇലക്ട്രോണിക് ബാങ്കിങ് സേവനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സമൂഹത്തെ ക്യാഷ് രഹിത സമൂഹമാക്കി മാറ്റാനുമാണ് കാര്‍ഡ് പുറത്തിറക്കുന്നത്. ഖത്തറിലെ സ്വദേശികളും വിദേശികളുമായ താമസക്കാർക്ക് ഉപയോഗപ്പെടുത്താം.
അന്താരാഷ്ട്ര പേമെന്റ് നെറ്റ്വർക്കുകൾ നല്കുന്ന ഇലക്ട്രോണിക് കാര്‍ഡുകള്‍ക്ക് സമാനമായി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരമുദ്രയുള്ള ആദ്യത്തെ ദേശീയ പ്രീപെയ്ഡ് കാര്‍ഡായാണ് അധികൃതർ ഹിംയാൻ അവതരിപ്പിച്ചത്.
ഖത്തർ ഇന്റർനാഷനൽ ഇസ്ലാമിക് ബാങ്ക്, ഖത്തർ ഇസ്ലാമിക് ബാങ്ക് തുടങ്ങിയ ബാങ്കുകൾ കഴിഞ്ഞ ദിവസം തന്നെ ഹിംയാൻ കാർഡുകൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് സന്ദേശം അയച്ചിരുന്നു.
‘ഹിംയാൻ’
1.കാർഡ് ലഭിക്കാൻ അക്കൗണ്ടിൽ മിനിമം ബാലൻസ് വേണ്ട
2.വൈഫൈ സംവിധാനം ഉള്ളതിനാൽ ‘കോൺടാക്ട് ലെസ്’പണമിടപാടുകൾ നടത്താം
3.ബാങ്ക് അക്കൗണ്ട് ഉള്ളവർക്കും ഇല്ലാത്തവർക്കും ‘ഹിംയാൻ’കാർഡുകൾ അനുവദിക്കും
4.പി.ഒ.എസ്, എ.ടി.എം, ഇ-കോമേഴ്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം
5.അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള പ്രാദേശിക ‘എൻ.എ.പി.എസ് നെറ്റ്വർക്ക് വഴി പ്രവർത്തിക്കുന്നതായതിനാൽ ഇടപാടുകൾ സുരക്ഷിതം
6.ക്യു.ഐ.ഡിയുള്ള എല്ലാവർക്കും കാർഡ് സ്വന്തമാക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.