ദോഹ: ഏഷ്യൻ കപ്പിലെ അരങ്ങേറ്റക്കാരാണ് തജികിസ്താൻ. എന്നാൽ, ഫുട്ബാളിൽ പഴയ സോവിയറ്റ് യൂനിയന്റെ പാരമ്പര്യം പേറുന്നവർ ആ മികവ് ഇത്തവണ കളത്തിൽ പ്രകടമാക്കുകയും ചെയ്തു. സോവിയറ്റ് തകർച്ചക്കു ശേഷം, 1992ഓടെ ദേശീയ ഫുട്ബാൾ ഫെഡറേഷൻ രൂപവത്കരിച്ച് കളി സജീവമാക്കിയ തജിക്കിന് വൻകരയുടെ മേളയിലേക്ക് യോഗ്യത നേടാൻ മൂന്നു പതിറ്റാണ്ടിലേറെ കാലം കാത്തിരിക്കേണ്ടിവന്നതിന്റെ ആക്ഷേപമെല്ലാം കഴുകിക്കളയുന്നതാണ് ഏഷ്യൻ കപ്പിലെ പ്രകടനം. ഞായറാഴ്ച രാത്രി അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷൂട്ടൗട്ടിലെ ഭാഗ്യനിർഭാഗ്യങ്ങളുടെ ഫലത്തിനപ്പുറം, കരുത്തരായ എതിരാളിക്കു മേൽ കേളീമികവും അവർ പുറത്തെടുത്തു.
നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞ കളി, അധികസമയത്തേക്ക് നീണ്ടെങ്കിലും ഫലം പിറന്നില്ല. ഒടുവിൽ ഷൂട്ടൗട്ടിൽ ലക്ഷ്യം തെറ്റാതെ നിറയൊഴിച്ച് തജിക്, 5-3ന്റെ ജയവുമായാണ് മുന്നേറ്റം.30ാം മിനിറ്റിൽ പ്രതിരോധ താരം വഹ്ദത് ഹനോനോവിന്റെ ഹെഡർ ഗോളിൽ യു.എ.ഇ വലകുലുക്കിക്കൊണ്ടാണ് തജികിസ്താൻ ഗാലറിയെ ഇളക്കി മറിക്കുന്നത്. എതിരാളികളെ പ്രതിരോധത്തിലാക്കിയ ആദ്യഗോളിനു ശേഷം, തജിക് കളിയിൽ മേധാവിത്വം നിലനിർത്തി. എതിരാളികളുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ച് കളം വാണവർ, അവസാന മിനിറ്റു വരെ പിടിച്ചുനിന്നെങ്കിലും ഇഞ്ചുറി ടൈമിലെ ആറാം മിനിറ്റിൽ യു.എ.ഇ തിരിച്ചടിച്ചു. ഗാലറിയുടെ അകമഴിഞ്ഞ പിന്തുണയോടെ കളിച്ച ഇമാറാത്തി സംഘം ഖലീഫ അൽ ഹമദിയുടെ ഹെഡർ ഗോളിൽ തിരിച്ചെത്തിയപ്പോൾ കളിയുടെ ആവേശവും മുറുകി. ഇതോടെ, മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വിധിനിർണയമെത്തിയപ്പോൾ തജിക്കിന്റെ ഗോൾ കീപ്പർ റുസ്തം യതിമോവ് താരമായി. യു.എ.ഇയുടെ കായോ കാനിഡോയുടെ കിക്ക് തടുത്ത റുസ്തം ടീമിന് ക്വാർട്ടറിലേക്കുള്ള ടിക്കറ്റാണ് സമ്മാനിച്ചത്. തജിക്കിന്റെ അഞ്ച് ഷോട്ടുകളും വലയിൽ പതിച്ചു.
-ഈ ജയം ആരാധകർക്ക്
ചരിത്ര വിജയവുമായി ക്വാർട്ടറിൽ പ്രവേശിച്ച തജികിസ്താന്റെ നേട്ടം ആരാധകർക്ക് സമർപ്പിക്കുകയാണ് പ്രീക്വാർട്ടറിൽ താരമായ ഗോൾ കീപ്പർ റുസ്തം യതിമോവും പ്രതിരോധ താരം വഹ്ദത് ഹനോനോവും. നാട്ടിൽ നിന്നും കിലോമീറ്ററുകൾ താണ്ടി ദോഹയിലെത്തി ടീമിനൊപ്പം ഓരോ സ്റ്റേഡിയങ്ങളിലേക്കും സഞ്ചരിക്കുന്ന ആരാധകർക്ക് ഈ വിജയം സമർപ്പിക്കുന്നതായി ഗോൾകീപ്പർ റുസ്തം യതിമോവ് മത്സരശേഷം പറഞ്ഞു. ‘സാധാരണ പെനാൽറ്റി ഷൂട്ടൗട്ടിന് മുമ്പ്, ഞാൻ ആരുമായും സംസാരിക്കാറില്ല. വിശ്രമിച്ച്, ഏകാഗ്രത നേടിയെടുക്കുകയാണ് പതിവ്.
അതിനാൽ പരിശീലകനിൽനിന്ന് പ്രത്യേക നിർദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് ഏറ്റവും സൗകര്യപ്രദമായതിന് അദ്ദേഹം അനുവദിച്ചു’ -ഷൂട്ടൗട്ടിൽ നിർണായക സേവിലൂടെ ടീമിന്റെ വിജയ ശിൽപിയായ റുസ്തം പറഞ്ഞു. ഫെബ്രുവരി രണ്ടിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ജോർഡനാണ് തജികിസ്താന്റെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.