ദോഹ: ഖത്തരി പൗരന്മാർക്കും താമസക്കാർക്കും ഖത്തറിൽതന്നെ അവധിയാഘോഷിക്കുന്നതിനുള്ള പാക്കേജുകളുമായി (സ്റ്റേക്കേഷൻ പാക്കേജുകൾ) ഖത്തർ എയർവേസ് ഹോളിഡേയ്സ്. അന്തർദേശീയ ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾ സ്വദേശത്തുതന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഖത്തർ ഹോസ്പിറ്റാലിറ്റി മേഖലയെ പിന്തുണക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് പുതിയ പാക്കേജുകൾ ഖത്തർ എയർവേസ് ഹോളിഡേയ്സ് അവതരിപ്പിച്ചിരിക്കുന്നത്.
ദോഹയിലെ അഞ്ച് പ്രമുഖ ഹോട്ടലുകളിലാണ് പാക്കേജുകൾ ലഭ്യമാക്കിയിട്ടുള്ളത്. അൽ മെസ്സില ലക്ഷ്വറി കലക്ഷൻ റിസോർട്ട് ആൻഡ് സ്പാ, മോൺട്രിയൻ ദോഹ, സൂഖ് വാഖിഫ് ബോട്ടിക്യൂ ഹോട്ടൽസ്, ഡബ്ല്യൂ ദോഹ, വെസ്റ്റിൻ ദോഹ ഹോട്ടൽ ആൻഡ് സ്പാ എന്നീ ഹോട്ടലുകളിലാണ് ഖത്തർ എയർവേസ് ഹോളിഡേയ്സ് പാക്കേജ്.
ഒരു രാത്രിക്ക് ഒരാൾക്ക് 385 റിയാൽ നിരക്കിലാണ് പാക്കേജുകൾ ആരംഭിക്കുന്നത്. ഇതിൽ േബ്രക്ക് ഫാസ്റ്റ്, ഡിന്നർ ഉൾപ്പെടും. ഒക്ടോബർ 15ഓടെ ബുക്ക് ചെയ്ത് ഒക്ടോബർ 31 വരെ പാക്കേജ് ലഭ്യമാകും.കോവിഡ്-19 അന്തർദേശീയ യാത്രകൾക്ക് പരിധിയിട്ടതിനാൽ സ്വദേശികൾക്കും രാജ്യത്തെ താമസക്കാർക്കുമായി സ്റ്റേ ലോക്കൽ, ഫീൽ ഗ്ലോബൽ എന്ന പേരിൽ പുതിയ സ്റ്റേക്കേഷൻ പാക്കേജുകൾ അവതരിപ്പിക്കുകയാണെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. സ്വദേശത്തിരുന്നുതന്നെ അന്താരാഷ്ട്ര അവധിക്കാല അനുഭവമാണ് ഖത്തർ എയർവേസ് മുന്നോട്ടുവെക്കുന്നതെന്നും മികച്ച കാലാവസ്ഥയാണ് രാജ്യത്ത് ആഗതമാകുന്നതെന്നും അൽ ബാകിർ വ്യക്തമാക്കി.
സ്റ്റേക്കേഷൻ പാക്കേജുകൾക്കായി തെരഞ്ഞെടുത്തിരിക്കുന്ന ഹോട്ടലുകളെല്ലാം ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ അംഗീകാരം ലഭിച്ചവയാണ്. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ ഖത്തർ ക്ലീൻ സംരംഭത്തിലും ഹോട്ടലുകൾ പങ്കാളികളായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.