ദോഹ: കോവിഡ് കാലത്ത് സമ്പർക്കവും പുറത്തിറങ്ങുന്നതും ഒഴിവാക്കി നിങ്ങളെ തേടി മരുന്നുകൾ വീട്ടിലെത്തും. പി.എച്ച്.സി.സികൾ വഴിയുള്ള മരുന്നുകളുടെ ഹോം ഡെലിവറി സംവിധാനം തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച് വിശദമായ വിവരങ്ങളടങ്ങിയ പട്ടിക പ്രൈമറി ഹെൽത്ത്കെയർ കോർപറേഷൻ പ്രഖ്യാപിച്ചു. വാട്സ്ആപ്പിലൂടെ ആവശ്യമുള്ള മരുന്നുകൾ വ്യക്തമാക്കിക്കൊണ്ട് സന്ദേശമയച്ചാൽ രണ്ടു പ്രവൃത്തിദിനത്തിനുള്ളിൽ വീട്ടുപടിക്കൽ മരുന്ന് എത്തുന്നതാണ് ഹോം ഡെലിവറി സംവിധാനം. അധികൃതർ പ്രസിദ്ധപ്പെടുത്തിയ വാട്സ്ആപ് നമ്പർ പ്രകാരം 28 പി.എച്ച്.സി.സികളിൽ രജിസ്റ്റർ ചെയ്ത കേന്ദ്രം വഴി രോഗിക്ക് മരുന്ന് ആവശ്യപ്പെടാം.
ഹെൽത്ത് സെന്ററിലെ വാട്സ്ആപ് നമ്പറിലേക്ക് 'ഹലോ' സന്ദേശമയച്ചാൽ ഫാർമസിസ്റ്റ് ബന്ധപ്പെടുന്നതും വിശദാംശങ്ങൾ എടുക്കുന്നതുമാണ്. തുടർന്ന് രണ്ട് പ്രവൃത്തി ദിവസം കൊണ്ട് ഖത്തർ പോസ്റ്റ് വഴി മരുന്നുകൾ ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തും. ഫീസായി 30 റിയാൽ ക്യൂ.പോസ്റ്റ് ജീവനക്കാരന്റെ കൈവശം നൽകണമെന്ന് പി.എച്ച്.സി.സി പുറത്തിറക്കിയ അറിയിപ്പിൽ നിർദേശിക്കുന്നു. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മുതൽ ഉച്ച ഒരു മണിവരെയും നാല് മുതൽ ഏഴ് വരെയുമാണ് പ്രവൃത്തിസമയം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ സമ്പർക്കം കുറക്കാനും രോഗവ്യാപനം തടയാനുമാണ് അധികൃതർ മരുന്നുകളുടെ ഹോം ഡെലിവറി തുടരാൻ തീരുമാനിച്ചത്. സേവനം എല്ലാവർക്കും ലഭ്യമാണെന്നും പി.എച്ച്.സി.സികളുടെ ഫാർമസികളിൽ ലഭ്യമായ എല്ലാ മരുന്നുകളും ഹോം ഡെലിവറി വഴി എത്തിച്ചുനൽകുമെന്നും ഫാർമസി വിഭാഗം ഡയറക്ടർ ഡോ. മനാൽ അൽ സൈദാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.