ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ 38-ാമത് വാർഷിക കായികമേള ആവേശപൂർവം നടന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളുടെ ഹീറ്റ്സിൽ 3000ത്തോളം വിദ്യാർഥികൾ പങ്കെടുത്തു. ഇവരിൽനിന്ന് യോഗ്യത നേടിയ 1200 വിദ്യാർഥികളുടെ വീറുറ്റ പ്രകടനങ്ങൾ കായിക മീറ്റിനെ ആകർഷണീയമാക്കി. ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായ ഖത്തർ ഒളിമ്പിക് സോളിഡാരിറ്റി യൂനിറ്റ് മേധാവിയും അത്ലറ്റ്സ് കമീഷൻ സെക്രട്ടറി ജനറലുമായ ഒളിമ്പ്യൻ നദ മുഹമ്മദ് വഫ മാർച്ച്പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചതിനു പിന്നാലെ മീറ്റിന് തുടക്കമായതായി പ്രഖ്യാപിച്ചു. ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ ടെക്നിക്കൽ ഡയറക്ടർ ഓഫ്
വാട്ടർ പോളോ ആൻഡ് വെന്യൂസ് കോംപറ്റീഷൻ മാനേജറായ ഒളിമ്പ്യൻ വുലെ ഡി ബീ ഒലി വിശിഷ്ടാതിഥിയായിരുന്നു. സ്കൂളിലെ നാല് ഹൗസുകളും അതിഥികൾക്ക് ഗാർഡ് ഓഫ് ഓണർ നൽകി. പ്രിൻസിപ്പൽ ഷെയ്ക് ഷമീം സാഹിബ് വാർഷിക കായിക റിപ്പോർട്ട് അവതരിപ്പിച്ചു. സെക്ഷൻ മേധാവികളും ചടങ്ങിൽ പങ്കെടുത്തു.
ജൂനിയർ വിഭാഗത്തിന്റെ മാസ് ഡ്രിൽ, വിദ്യാർഥിനികളുടെ യോഗാ പ്രദർശനം, ആൺകുട്ടികളുടെ ആയോധന കല പ്രദർശനവും തുടങ്ങിയവ കായിക മേളക്ക് മാറ്റുകൂട്ടി. ദേശീയ, അന്തർദേശീയ കായികമേളകളിൽ മികവു കാട്ടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. മീറ്റിൽ ആൺകുട്ടികളുടെ സംഘത്തെ ഹെഡ് ബോയ് ഇബ്രാഹിം അഹമ്മദ്, അസി. ഹെഡ് ബോയ് അഹമ്മദ് മുഹമ്മദ് ഫൈസൽ എന്നിവരും പെൺകുട്ടികളെ ഹെഡ് ഗേൾ ഹനിൻ ഷംഷീർ, അസി. ഹെഡ് ഗേൾ മേരി സ്റ്റെനിക്ക എന്നിവരും നയിച്ചു.
ഗേൾസ് സെക്ഷൻ സ്പോർട്സ് സെക്രട്ടറി അസീൽ മുഹമ്മദുസമാൻ സ്വാഗതവും ബോയ്സ് സെക്ഷൻ സ്പോർട്സ് സെക്രട്ടറി ഫഹദ് അബ്ദുല്ല നന്ദിയും പറഞ്ഞു. ജൂനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ അസം ഖാൻ, ഫിസിക്കൽ എജ്യുക്കേഷൻ മേധാവി വി.എം. നൗഫൽ എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.