ദോഹ: വീടുകളിൽ പാചകം ചെയ്ത ഇഫ്താർ വിഭവങ്ങളുമായി തൊഴിലാളികൾ ഉൾപ്പെടെ 3000ത്തോളം പേർക്ക് ഹൃദ്യമായ നോമ്പുതുറയൊരുക്കി വിമൻ ഇന്ത്യ ഖത്തർ. ലേബർ ക്യാമ്പുകളിലും തൊഴിലിടങ്ങളിലുമായി നാമമാത്രമായ ഭക്ഷണങ്ങൾകൊണ്ട് നോമ്പുതുറ ശീലമാക്കിയ വിവിധ രാജ്യക്കാർ ഉൾപ്പെടെ പ്രവാസികളിലേക്കാണ് റമദാനിന്റെ കരുതലുമായി ഖത്തറിലെ ഒരുകൂട്ടം വനിതകളെത്തിയത്.
തങ്ങളുടെ ഭക്ഷണങ്ങൾകൊണ്ട് ഒരു നേരമെങ്കിലും മറ്റുള്ളവരെയും നോമ്പുതുറപ്പിക്കാൻ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ തീരുമാനിച്ചപ്പോൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്നേഹപ്പൊതികളെത്തി. വിമൻ ഇന്ത്യയുടെ വക്റ, മദീന ഖലീഫ, റയ്യാൻ, ദോഹ, തുമാമ സോണുകൾ കേന്ദ്രീകരിച്ചായിരുന്നു ഭക്ഷ്യകിറ്റുകൾ ശേഖരിച്ചത്.
ചിക്കൻ മജ്ബൂസും ബിരിയാണിയും ഉൾപ്പെടെ പൊതികളുമായി 500ഓളം പേർ പങ്കുചേർന്നു. ഇവയെല്ലാം ശേഖരിച്ച് നോമ്പുതുറക്കും മുമ്പേ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാൻ സി.ഐ.സിയുടെ വളന്റിയർമാരുടെ സേവനവും ലഭ്യമായിരുന്നു. ദോഹയിൽനിന്ന് ദൂരദിക്കുകളിലുള്ള കറാന, അബൂ നഖ് ല, സനയ്യ തുടങ്ങിയ സ്ഥലങ്ങളിൽ ലേബർ ക്യാമ്പുകൾ, മസ്റകൾ ഉൾപ്പെടെ ഇടങ്ങളിലും കോർണിഷിലെ ബോട്ട് തൊഴിലാളികൾക്കും കിറ്റുകൾ എത്തിച്ചു.
3000ത്തോളം പേർക്ക് ഇഫ്താറിനും അത്താഴത്തിനുമുള്ള വിഭവങ്ങളായിരുന്നു ഇവർ എത്തിച്ചത്. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി, സ്റ്റുഡന്റ്സ് ഇന്ത്യ, ഗേൾസ് ഇന്ത്യ പ്രവർത്തകരും സഹകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.