ദോഹ: കറാനയിലെ ഒട്ടകങ്ങളുടെയും ആടുകളുടെയും മസ്റയിൽ കാത്തിരിക്കുന്ന സുഡാൻകാരായ ഹസനും അലിയും, ഇദ്രീസും. ഉംഖർനിലെ മസ്റയിലെ ജോലിക്കാരനായ ബംഗ്ലാദേശുകാരൻ കമാലും ജെറിയാനിലെ അലിയും. അബൂ നഖ്ലയിൽ അർഹരായ അഞ്ഞൂറോളം പേരിലേക്ക് ഭക്ഷ്യകിറ്റുകളെത്തിക്കാൻ മുന്നിൽ നിൽക്കുന്ന പള്ളിയിലെ ഈജിപ്ഷ്യൻ ഖത്തീബ് ശഅബാൻ...
അങ്ങനെ, ആയിരങ്ങളിലേക്ക് ഇഫ്താർ വിഭവങ്ങളെത്തിച്ച്, അവരുടെ വിശപ്പടക്കിയ ഒരു നോമ്പുകാലം കൂടി പൂർത്തിയാക്കുകയാണ് സിദ്ദീഖ് വേങ്ങരയും സഹപ്രവർത്തകരും. മുടക്കമില്ലാതെ തുടർച്ചയായി ഒമ്പതാം വർഷത്തെ നോമ്പുകാലവും റയ്യാനിൽ നിന്നും ഖത്തറിലെ പല ദിക്കിലേക്കായി ഇഫ്താർ കിറ്റുകൾ ഒഴുകി. ഒരു ദിവസം 1500 മുതൽ 2000വരെ ഭക്ഷ്യകിറ്റുകളാണ് കരാന, ഉമ്മുൽഖരൻ, ജെറിയാൻ, ഷഹാനിയ, അബുനഖ്ലാ, മികൈനിസ് തുടങ്ങിയ മേഖലകളിലെ മസ്റകളിലും തൊഴിലാളി ക്യാമ്പുകളിലേക്കും ഇത്തവണയും സഞ്ചരിച്ചത്. വ്രതമാസം പൂർത്തിയാകുന്നതോടെ ഇത്തവണയും 45000ത്തിലധികം പേരിലേക്ക് ഇഫ്താർ കിറ്റുകൾ എത്തിച്ചതായി സി.ഐ.സി വളന്റിയേഴ്സ് വിങ് ക്യാപ്റ്റൻ സിദ്ദീഖ് വേങ്ങര ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
തൊഴിൽതേടി മരുഭൂ മണ്ണിലെത്തിയ ഒരായിരം മനുഷ്യരിലേക്കാണ് കഴിഞ്ഞ ഒരു മാസക്കാലം ഇവരുടെ സ്നേഹപ്പൊതികളെത്തിയത്. മണൽക്കാടുകളിൽ ഒട്ടകങ്ങളുടെയും ആടുകളുടെയും മസ്റകളിലും തോട്ടങ്ങളിലും നിർമ്മാണ മേഖലകളിലും രാപ്പകലുകളില്ലാതെ കഷ്ടപ്പെടുന്നവരെ നോമ്പ് തുറപ്പിച്ചും വയറുനിറയെ ഊട്ടിയും ആ ദൗത്യം തുടർന്നു. നാലര പതിറ്റാണ്ടിലേറെയായി ഖത്തറിലെ സാമൂഹിക- ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി)യുടെ റയ്യാൻ സോണിനു കീഴിലാണ് സിദ്ദീഖ് വേങ്ങരയുടെ നേതൃത്വത്തിലുള്ള വളന്റിയർ സംഘം മുടങ്ങാതെ ഈ ദൗത്യം നിറവേറ്റുന്നത്.
റമദാനിനു മുമ്പേ തുടക്കം
റമദാനെത്തും മുമ്പേ വളന്റിയർ സംഘം പണി തുടങ്ങും. റയ്യാൻ സോൺ വളന്റിയേഴ്സ് വിവിധ കേന്ദ്രങ്ങൾ സഞ്ചരിച്ച് മസ്റകളിലും തൊഴിലാളി ക്യാമ്പുകളിലും മറ്റുമുള്ള ആവശ്യക്കാരുടെ വിവര ശേഖരണം നടത്തുകയാണ് ആദ്യം ചെയ്യുന്നത്. മരുഭൂ പ്രദേശങ്ങളിലേക്ക് യാത്രതിരിച്ച് ചുട്ടുപൊള്ളുന്ന മണൽക്കാട്ടിലെ കൊടും ചൂടിലും അതി ശൈത്യത്തിലും ഒട്ടകങ്ങളെയും ആടുകളെയും പരിപാലിച്ച്, ടെന്റുകളിലെ പരിമിത സൗകര്യങ്ങളിൽ കഴിഞ്ഞുകൂടുന്നവരെ കണ്ടെത്തും.
റമദാനെ വരവേൽക്കാൻ ഒരുങ്ങുന്ന അവർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ആ കണ്ണുകളിൽ കാണുന്ന തിളക്കവും, അവരുടെ പ്രാർഥനയും വാക്കുകളിൽ പറഞ്ഞറിയിക്കാനാവാത്തതാണെന്ന് സിദ്ദീഖ് പറയുന്നു. സി.ഐ.സി സന്നദ്ധ പ്രവർത്തക സംഘം പ്രഥമഘട്ടത്തിൽ ആവശ്യക്കാരുടെ ലിസ്റ്റ് തയാറാക്കുന്നു. തുടർന്ന് ഇവർക്കുള്ള ഇഫ്താർ കിറ്റുകൾ സമാഹരിക്കാനായി സ്പോൺസർമാരെ കണ്ടെത്താനുള്ള ദൗത്യമാണ്. വ്യക്തിപരമായും, സ്ഥാപനങ്ങളും കൂട്ടായ്മകളുമെല്ലാം ഓരോ ദിവസത്തെയും ഇഫ്താർ സ്പോൺസർ ചെയ്ത് രംഗത്തെത്തുന്നതോടെ പണി തുടങ്ങുകയായി. പിന്നെ ഒരോ മേഖലകളാക്കി തിരിച്ച് വിതരണ പട്ടിക തയാറാക്കലായി.
റമദാൻ തുടങ്ങിയാൽ അസർ നമസ്കാരം കഴിഞ്ഞാലുടൻ ‘ഇഫ്താർ പാച്ചിലായി. ജോലി കഴിഞ്ഞെത്തുന്ന വളന്റിയർമാർ വിശ്രമമില്ലാതെ തങ്ങളുടെ ഡ്യൂട്ടി തുടങ്ങുകയായി. മൂന്നരയോടെ തുടങ്ങുന്ന വിതരണം അവസാനിക്കുമ്പോഴേക്കും സൂര്യാസ്തമനമായിട്ടുണ്ടാവും. വഴിയിലെവിടെയെങ്കിലും ഒരുമിച്ചിരുന്നു ഈത്തപ്പഴവും വെള്ളവും കുടിച്ചു നോമ്പ് തുറന്നുകൊണ്ടായിരിക്കും മടക്കം. ഖത്തറിലെ വിദൂര ഉൾപ്രദേശങ്ങളായ കരാന, ഉമ്മുൽഖരൻ, ജെറിയാൻ, ഷഹാനിയ, അബുനഖ്ലാ, മക്കനയ്സ് തുടങ്ങിയ മേഖലകളിലേക്കും ഇൻഡസ്ട്രിയൽ ഏരിയയിലെ ചില പ്രദേശങ്ങളിലേക്കും ഒപ്പം മത്സ്യബന്ധന തൊഴിലാളികൾക്കുമായി ഒരു ദിവസം 1500 മുതൽ രണ്ടായിരം വരെ കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
ഒമ്പതു വർഷം മുമ്പ് 50 പേർക്ക് ഇഫ്താർ കിറ്റുകളെത്തിച്ചായിരുന്നു സിദ്ദീഖ് വേങ്ങരയുടെ നേതൃത്വത്തിൽ ഈ ദൗത്യത്തിന് തുടക്കം കുറിക്കുന്നത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും സ്പോൺസർമാരും വളന്റിയർമാരുമെല്ലാം ഒത്തുചേർന്ന് വലുതായി. 30ഓളം കൂട്ടായ്മകൾ സ്പോൺസർ ചെയ്ത് ഈ പുണ്യ പ്രവർത്തനവുമായി സഹകരിക്കുന്നുണ്ട്. വിവിധ അലുമ്നികൾ, അസോസിയേഷനുകൾ, പ്രാദേശിക കൂട്ടായ്മകൾ, കമ്പനികൾ, വ്യക്തികൾ തുടങ്ങിയവർ ഭാഗഭാക്കാകുന്നു. ഈ റമദാനിൽ വനിത കൂട്ടായ്മകളുടെ പങ്കാളിത്തവുമുണ്ടായിരുന്നു. ഖത്തറിലെ സർക്കാർ സംവിധാനങ്ങളുടെകൂടി സഹായത്തോടെ 2022ൽ 1.30 ലക്ഷം ഭക്ഷണ കിറ്റുകളാണ് ഇവർ വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.