ദോഹ: കോവിഡിനെതിരായ വാക്സിൻ ആഗോളാടിസ്ഥാനത്തിൽ ലഭ്യമാകുന്ന മുറക്ക് ഉടൻ ഖത്തറിലെത്തിക്കും. ഇതിനായി നിരവധി കമ്പനികളുമായി വിപുലമായ ചർച്ചകളാണ് നടത്തുന്നതെന്നും ഒരു കമ്പനിയുമായി കരാർ ഒപ്പുവെച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ലോകത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി പൊതുജനാരോഗ്യ മന്ത്രാലയം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഖത്തറിൽ വാക്സിനേഷൻ ആവശ്യമുള്ള എല്ലാവർക്കും മതിയായ അളവിൽ വാക്സിൻ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു. സാർസ്–കോവിഡിനെതിരായ ബി.എൻ.ടി 162 എം.ആർ.എൻ.എ (BNT162 mRNA) അടിസ്ഥാനമാക്കിയുള്ള കാൻഡിഡേറ്റ് വാക്സിൻ ലഭ്യമാക്കുന്നതിന് ഫിസർ ആൻഡ് ബയോൻടെക് എന്ന കമ്പനിയുമായാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്.
വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. എല്ലാ അംഗീകാരങ്ങളും ലഭ്യമാകുന്നതോടെ വിതരണം ചെയ്യുമെന്നും ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തിലോ വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. അൽ ഖാൽ സൂചിപ്പിച്ചു.വാക്സിൻ ലഭ്യമാകുന്നതുവരെ എല്ലാവരും സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിൽ കാർക്കശ്യം പുലർത്തണം. ഇതിൽ വീഴ്ച വരുത്തരുത്. വാക്സിൻ ഉടൻ ലഭ്യമാക്കുന്നതിെൻറ ഭാഗമായാണ് കമ്പനികളുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്.
കോവിഡ് മഹാമാരിക്കെതിരെ ഖത്തർ സ്വീകരിച്ച സമഗ്രവും തന്ത്രപ്രധാനവുമായ നടപടികൾ രാജ്യത്ത് രോഗവ്യാപനം തടയുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. കോവിഡ് വ്യാപനം തടയുന്നതിൽ വിജയിച്ചുവെങ്കിലും മറ്റു രാജ്യങ്ങളെപോലെ കുറച്ചുകാലം കോവിഡിനൊപ്പം നാം ജീവിക്കേണ്ടി വരും. മാസ്ക് ധരിക്കുക, സുരക്ഷിത അകലം പാലിക്കുക, കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കുക തുടങ്ങിയ പ്രധാന സുരക്ഷ മുൻകരുതലുകൾ എല്ലാവരും പാലിക്കണം. വൈറസിനെതിരായ കൃത്യമായ വാക്സിൻ ലഭ്യമായാൽ മാത്രമേ പൂർണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളൂ.
എല്ലാ വർഷവും ഉണ്ടാകുന്ന പകർച്ചപ്പനിയുടെ സമയമാണിത്. ഉടൻതന്നെ ഇതുമായി ബന്ധപ്പെട്ട വാക്സിനേഷൻ കാമ്പയിന് പൊതു ജനാരോഗ്യ മന്ത്രാലയം തുടക്കം കുറിക്കുമെന്നും നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്. എം.സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു. കോവിഡ് അപകട സാധ്യതയേറെയുള്ള വയോജനങ്ങൾ, മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവർ തുടങ്ങിയവർക്ക് പകർച്ചപ്പനി ഏറെ അപകടകാരിയാണ്.
ഇതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വാക്സിനേഷൻ കാമ്പയിനിലൂടെ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ ലഭ്യമാക്കും. പ്രായമായവർ, അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾ, േക്രാണിക് രോഗങ്ങളുള്ളവർ തുടങ്ങിയവർക്കായിരിക്കും മുൻഗണനയെന്നും ഇവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണമെന്നും ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ ആവശ്യപ്പെട്ടു.
ദോഹ: ഖത്തറിൽ ഇന്നലെ 194 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 189 പേർക്ക് രോഗം ഭേദമായി. നിലവിലുള്ള ആകെ രോഗികൾ 2812 ആണ്. ഇന്നലെ 4751 പേർക്കാണ് പരിശോധന നടത്തിയത്. ഇതുവരെ 800519 പേരെ പരിശോധിച്ചപ്പോൾ 126692 പേർക്കാണ് ആകെ വൈറസ്ബാധയുണ്ടായിരിക്കുന്നത്. രോഗം ഭേദമായവരും മരിച്ചവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 123664 പേരാണ് രോഗമുക്തിനേടിയത്. ഇന്നലെ ആരും മരിച്ചിട്ടില്ല. 216 പേരാണ് ഇതുവരെ മരിച്ചത്. 377 പേരാണ് നിലവിൽ ആശുപത്രികളിൽ കഴിയുന്നത്. ഇതിൽ 37 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. 59 പേർ തീവ്രപരിചരണവിഭാഗത്തിലുണ്ട്. ഇതിൽ അഞ്ചുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.